-->
നെടുങ്കണ്ടം: ദക്ഷിണേന്ത്യയിലെ പ്രധാന നഗരങ്ങളായ കൊച്ചിയെയും മധുരയെയും കുറഞ്ഞ ദൂരത്തില്‍ ബന്ധിപ്പിക്കുന്ന നെടുങ്കണ്ടം തേവാരംമെട്ട്-തേവാരം റോഡിനാ യുള്ള ജനകീയാവശ്യം വീണ്ടും സജീവമാകുന്നു. തേവാരത്ത് നാട്ടുകാരുടെ നേതൃത്വത്തില്‍ നിരാഹാര സമരം നടത്തി. തമിഴ്‌നാടിന്റെ ഭാഗമായ മൂന്നര കിലോമീറ്ററോളം റോഡ് ഗതാഗതയോഗ്യമാക്കി പാത പുനരുജ്‌ജീവിപ്പിക്കണമെന്ന ആവശ്യത്തിന് ആറു പതിറ്റാണ്ട് പഴക്കമുണ്ട്.
മുമ്പ് ചരക്കുനീക്കം വരെ നടന്നിരുന്ന പാത തമിഴ്‌നാട് അടയ്‌ക്കുകയായിരുന്നു. 1964ല്‍ എം.ജി.ആര്‍ തമിഴ്‌നാട് മുഖ്യമന്ത്രി ആയിരുന്നപ്പോഴാണ് ഈ റോഡ് നിര്‍മാണത്തിന് പദ്ധതി തയാറാക്കിയത്. എന്നാല്‍, തമിഴ്‌നാട് വനംവകുപ്പിന്റെ എതിര്‍പ്പ് മൂലം പദ്ധതി നടപ്പാക്കാനായില്ല. പിന്നീട് 1981-ല്‍ റോഡിന്റെ നിര്‍മാണോദ്‌ഘാടനം നടത്തിയിരുന്നു. തുടര്‍ന്ന് പല തവണ റോഡ് നിര്‍മിക്കുമെന്ന പ്രഖ്യാപനം ഉണ്ടായെങ്കിലും ഒന്നും നടപ്പായില്ല. പാത യാഥാര്‍ഥ്യമാക്ക ണമെന്നാവശ്യപ്പെട്ട് ഇടുക്കിയുടെ അതിര്‍ത്തി ജില്ലയായ തേനിയിലെ തേവാരത്ത് ശക്‌തമായ സമരങ്ങളാണ് നടക്കുന്നത്. കഴിഞ്ഞദിവസം കടകള്‍ അടച്ച് പ്രതിഷേധിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് വ്യാഴാഴ്‌ച 12 മണിക്കൂര്‍ ഉപവാസം നടത്തിയാണ് തേവാരത്തെ ജനങ്ങള്‍ പ്രതിഷേധിച്ചത്. റോഡ് യാഥാര്‍ഥ്യമായാല്‍ കേരളത്തിലെ ജനങ്ങള്‍ക്ക് ഏറെ പ്രയോജനം ചെയ്യുമെന്ന് സമരത്തിന് പിന്തുണ അറിയിച്ച് തേവാരത്ത് എത്തിയ കെ.പി.സി.സി സെക്രട്ടറി എം.എന്‍ ഗോപി പറഞ്ഞു. വരും ദിവസങ്ങളിലും ശക്‌തമായ തുടര്‍ സമരങ്ങളുമായി രംഗത്തുവരുവാനാണ് ഇടുക്കിയിലെയും തേവാരത്തെയും ജനങ്ങള്‍ പദ്ധതിയിടുന്നത്. 2018-ല്‍ ശബരിമല തീര്‍ഥാടകര്‍ക്ക് സൗകര്യം ഒരുക്കുന്നതിനായി പാത പുനരുജ്‌ജീവിപ്പിക്കാന്‍ പദ്ധതി തയാറാക്കിയിരുന്നു. ആറരക്കോടി രൂപ ചെലവഴിച്ച് തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് സാധ്യതാപഠനം നടത്തുകയും 25 കോടിയുടെ എസ്‌റ്റിമേറ്റ് ദേശീയപാതാ വിഭാഗത്തിന് കൈമാറുകയും ചെയ്‌തു. എന്നാല്‍ തമിഴ്‌നാട് വനംവകുപ്പ് പദ്ധതിക്ക് അനുമതി നല്‍കിയില്ല. ഒടുവില്‍ കഴിഞ്ഞ വര്‍ഷം തമിഴ്‌നാട് വനം വകുപ്പ് റോഡ് തുറക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും അതും യാഥാര്‍ഥ്യമായില്ല.