-->
കട്ടപ്പന: പട്ടയത്തിനായി പുതിയ അപേക്ഷ സ്വീകരിക്കുന്നതിന് ജനുവരി മൂന്നിന് റവന്യുവകുപ്പ് ഇറക്കിയ ഉത്തരവില്‍ എന്തുകൊണ്ടാണ് സി.എച്ച്.ആര്‍ മേഖലയെ ഒഴിവാക്കിയതെന്ന് മന്ത്രി റോഷി അഗസ്‌റ്റിനും ജില്ലയിലെ എല്‍.ഡി.എഫ് നേതാക്കളും വ്യകതമാക്കണമെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി ബിജോ മാണി. വനം - റവന്യു വകുപ്പുകളുടെ സംയുക്‌ത പരിശോധന പൂര്‍ത്തീകരിച്ച, നിലവില്‍ പട്ടയത്തിന് അപേക്ഷ നല്‍കിയിട്ടില്ലാത്ത സി.എച്ച്.ആറിന് പുറത്തുള്ളവരില്‍ നിന്ന് പട്ടയത്തിന് അപേക്ഷ സ്വീകരിക്കാനാണ് ഈ ഉത്തരവില്‍ പറയുന്നത്.
മാസങ്ങള്‍ക്ക് മുമ്പ് കട്ടപ്പനയില്‍ എത്തി ഷോപ് സൈറ്റുകള്‍ക്ക് പട്ടയം നല്‍കുമെന്ന് റവന്യു മന്ത്രി കെ. രാജന്‍ പ്രഖ്യാപിച്ചപ്പോള്‍ തന്നെ സര്‍ക്കാര്‍ കെടുകാര്യസ്‌ഥതകൊണ്ട് സുപ്രീംകോടതിയില്‍ നിന്ന് ലഭിച്ച വിലക്ക് കാരണം ഇത് നടപ്പാക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാണിച്ചതാണ്. എന്നാല്‍, സി.എച്ച്.ആറില്‍ പട്ടയം നല്‍കാന്‍ സുപ്രീം കോടതി നേരത്തെ അനുമതി നല്‍കിയതാണെന്നും അതിനാല്‍ കട്ടപ്പനയിലടക്കമുള്ള ഷോപ്പ് സൈറ്റുകള്‍ക്ക് പട്ടയം നല്‍കുന്നതിന് തടസമില്ലെന്നും ഉടന്‍ പട്ടയം അനുവദിക്കു മെന്നും മന്ത്രി റോഷി അഗസ്‌റ്റിനടക്കുമുള്ള എല്‍.ഡി.എഫ് നേതാക്കള്‍ പ്രചരിപ്പിച്ചത് നുണയാണെന്ന് പകല്‍ പോലെ വ്യക്‌തമാക്കുന്നതാണ് ആഴ്‌ചകള്‍ക്ക് മുമ്പ് റവന്യു വകുപ്പ് പുറത്തിറക്കിയ ഈ ഉത്തരവ്. കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ നടത്തിയ മലയോര പട്ടയ വിവരശേഖരണത്തില്‍ ലഭിച്ച അപേക്ഷകള്‍ പ്രകാരം വന ഭൂമി കുടിയേറ്റ ക്രമീകരണ നിയമപ്രകാരം ജില്ലയില്‍ 38 വില്ലേജുകളിലായി 26,467 പേര്‍ക്ക് പട്ടയം ലഭിക്കാനുണ്ട്. ഇതില്‍ സി.എച്ച്.ആറിന്റെ പരിധിയിലുള്ള 27 വില്ലേജുകളിലെ 13,578 അപേക്ഷകരും ഉള്‍പ്പെടുന്നു. അതായത് ആകെ പട്ടയം ലഭിക്കേണ്ടവരില്‍ പകുതിപ്പേരും സി.എച്ച്.ആറില്‍ ആണ്. ഇത് കൂടാതെ ഷോപ്പ് സൈറ്റുകള്‍ക്കും പട്ടയം നല്‍കാനുണ്ട്.
നിലവില്‍ ഇവരില്‍ നിന്ന് പട്ടയത്തിന് അപേക്ഷ പോലും സ്വീകരിക്കുന്നില്ല. പുതിയ ഉത്തരവ് പ്രകാരം അപേക്ഷ സ്വീകരിക്കുന്നത് വനം റവന്യു വകുപ്പുകളുടെ സംയുക്‌ത പരിശോധന ലിസ്‌റ്റില്‍ ഉള്‍പ്പെട്ടവരില്‍ നിന്നാണ്. എന്നാല്‍, സംയുക്‌ത പരിശോധന സംബന്ധിച്ച് ജില്ലയില്‍ വ്യാപക പരാതിയാണ് ഉള്ളത്. വണ്ണപ്പുറം കഞ്ഞിക്കുഴി, ഇടുക്കി എന്നീ വില്ലേജുകളിലെ പല പ്രദേശങ്ങളും സംയുക്‌ത പരിശോധനയില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കപ്പെട്ടതായി 2016 മുതല്‍ പരാതിയുണ്ട്. ഇതില്‍ വണ്ണപ്പുറം വില്ലേജില്‍ നിന്ന് -3846 ഉം കഞ്ഞിക്കുഴി വില്ലേജില്‍ നിന്ന് 2177ഉം ഇടുക്കി വില്ലേജില്‍ നിന്ന് 2148 ഉം അപേക്ഷകളാണ് മലയോര പട്ടയ വിവരശേഖരണത്തില്‍ ലഭിച്ചത്.
വനം വകുപ്പിന്റെ നേര്യമംഗലം റേഞ്ചിന്റെ പരിധിയില്‍ ഇതുവരെ സംയുക്‌ത പരിശോധന നടന്നിട്ടില്ല. ഇതിന്റെ പരിധിയില്‍ വരുന്ന മന്നാകണ്ടം വില്ലേജില്‍ 2776 അപേക്ഷകളും വിവരശേഖരണത്തില്‍ ലഭിക്കുകയുണ്ടായി. നിലവില്‍ ഇവര്‍ക്കൊന്നും പട്ടയത്തിന് അപേക്ഷ നല്‍കാന്‍ കഴിയില്ല. 28,588.159 ഹെക്‌ടര്‍ ഭൂമിക്കാണ് വനഭൂമികുടിയേറ്റ നിയമപ്രകാരം പട്ടയം നല്‍കുന്നതിന് കേന്ദ്രസര്‍ക്കാരും സുപ്രീം കോടതിയും അനുമതി നല്‍കിയത്. ഇതില്‍ 20,300 ഹെക്‌ടര്‍ ഭൂമിയും സി.എച്ച്.ആറിന്റെ പരിധിയിലാണ്.
അനുമതി ലഭിച്ചതില്‍ ഇനി പട്ടയം നല്‍കാന്‍ ബാക്കി നില്‍ക്കുന്ന ഭൂമിയിലധികവും സി.എച്ച്.ആറിന്റെ പരിധിയിലാണ്. സി.എച്ച്.ആറിന് വെളിയില്‍ പട്ടയം ലഭിക്കാനുള്ളവരാകട്ടെ വനം - റവന്യു വകുപ്പുകളുടെ സംയുക്‌ത പരിശോധന നടത്താത്ത വില്ലേജുകളില്‍ നിന്നാണ്. സംയുക്‌ത പരിശോധന ലിസ്‌റ്റില്‍ ഉള്‍പ്പെടാത്തതിനാല്‍ ഇവര്‍ക്കും പട്ടയത്തിന് അപേക്ഷിക്കാന്‍ കഴിയില്ല. സി.എച്ച്.ആറിലെ പട്ടയ വിതരണത്തിനുള്ള വിലക്ക് നീക്കാതെയും വനം - റവന്യു വകുപ്പുകളുടെ സംയുക്‌ത പരിശോധന നടത്താതെയും പുതിയ പട്ടയങ്ങള്‍ നല്‍കാന്‍ കഴിയില്ലെന്നിരിക്കെ പുതിയ ഉത്തരവ്, മന്ത്രി ഷോപ് സൈറ്റുകള്‍ക്ക് പട്ടയം നല്‍കുമെന്ന് കട്ടപ്പനയില്‍ നടത്തിയ തട്ടിപ്പ് പ്രഖ്യാപനത്തിന്റെ ആവര്‍ത്തനം മാത്രമാണ്.
വനഭൂമി കുടിയേറ്റ ക്രമീകരണ നിയമപ്രകാരം പട്ടയം നല്‍കണമെങ്കില്‍ സി.എച്ച്.ആറിലെ പട്ടയ വിതരണത്തിനുള്ള വിലക്ക് നീക്കാനും, വനം - റവന്യൂ വകുപ്പുകളുടെ സംയുക്‌ത പരിശോധന നടത്താനുമുള്ള നടപടിയാണ് ആദ്യം സ്വീകരിക്കേണ്ടത്. അതിന് സര്‍ക്കാര്‍ തയ്യാറാവണമെന്നും ബിജോ മാണി ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍, ആനന്ദ് തോമസ്, റൂബി വേഴമ്പതോട്ടം എന്നിവരും ഒപ്പമുണ്ടായിരുന്നു.