Saturday, March 14, 2026 Last Updated 7 Min 51 Sec ago English Edition
Todays E paper
Ads by Google
Saturday 24 Jan 2026 10.00 AM

ദേശീയപാതയിലെ നിര്‍മാണ നിരോധനം: ദേശീയപാതാ സംരക്ഷണ സമിതി സമരത്തിലേക്ക്‌

അടിമാലി: ദേശീയപാതാ നിര്‍മാണ നിരോധനത്തില്‍ പരിഹാരമാകാത്തതിനെ തുടര്‍ന്ന്‌ എന്‍.എച്ച്‌ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ വീണ്ടും ജനകീയ സമരം ആരംഭിക്കുന്നു. കൊച്ചി -ധനുഷ്‌കോടി ദേശീയപാതയുടെ ഭാഗമായ
നേര്യമംഗലം മുതല്‍ വാളറ വരെയുള്ള 14.5 കിലോമീറ്റര്‍ നിര്‍മാണം സ്‌തംഭിച്ചിട്ട്‌ 6 മാസം പിന്നിട്ടു. ഈ ഭാഗം വനമാണെന്ന്‌ സര്‍ക്കാര്‍ തെറ്റായ സത്യവാങ്‌മൂലം നല്‍കിയതിന്റെ ഫലമായി 2025 ജൂലൈ 11 നാണ്‌ ഹൈക്കോടതി റോഡ്‌ നിര്‍മാണം തടഞ്ഞത്‌. ജൂലൈ 31ന്‌ ആയിരങ്ങള്‍ പങ്കെടുത്ത ജനകീയ പ്രക്ഷോഭത്തിന്‌ ശേഷമാണ്‌ പൊതുമരാമത്തിന്റെ കൈവശമുള്ള റവന്യൂ ഭൂമിയാണിതെന്ന സത്യവാങ്‌മൂലം തിരുത്തിനല്‍കാന്‍ അഡ്വക്കേറ്റ്‌ ജനറല്‍ മുഖേന സര്‍ക്കാര്‍ തയാറായത്‌.
ഒക്‌ടോബര്‍ 24ന്‌ റോഡ്‌ നിര്‍മാണം തുടരുന്നതിനു ആവശ്യമായ ഉത്തരവ്‌ കൊടുക്കുന്നതിനു ചീഫ്‌ സെക്രട്ടറിയെ ചുമതലപ്പെടുത്തി ഹൈക്കോടതി ഉത്തരവായി. എല്ലാ സര്‍ക്കാര്‍ രേഖകളും കൈവശമുണ്ടായിട്ടും അതനുസരിച്ചുള്ള സത്യവാങ്‌മൂലം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടും നിരുത്തരവാദപരമായ സര്‍ക്കാര്‍ സമീപനം മൂലം വീണ്ടും മൂന്നുമാസം കൂടി പിന്നിടുകയാണ്‌. ഇതിനിടയില്‍ തഹസില്‍ദാര്‍മാര്‍ ഉള്‍പ്പെടെയുള്ള മൂന്നു പേരടങ്ങുന്ന സംഘം, രേഖകളെല്ലാം പരിശോധിച്ചു. തുടര്‍ന്ന്‌ ജില്ലാ കലക്‌ടര്‍ക്ക്‌ റിപ്പോര്‍ട്ട്‌ നല്‍കുകയും റിപ്പോര്‍ട്ട്‌ പരിശോധിച്ച്‌ റവന്യൂ സെക്രട്ടറിക്ക്‌ കൈമാറുകയും ചെയ്‌തിരുന്നു. റവന്യൂ സെക്രട്ടറിയുടെ പരിശോധനയ്‌ക്കുശേഷം ചീഫ്‌ സെക്രട്ടറിക്ക്‌ നല്‍കിയ ഈ റിപ്പോര്‍ട്ട്‌ കുറിപ്പെഴുതി മടക്കുകയാണ്‌ ചീഫ്‌ സെക്രട്ടറി ചെയ്‌തിട്ടുള്ളത്‌.
കഴിഞ്ഞ എട്ടിന്‌ ദേശീയപാത സംരക്ഷണ സമിതിയുടെ വിപുലമായ യോഗത്തില്‍ 10 ദിവസത്തിനകം തീരുമാനം ഉണ്ടാക്കാമെന്ന ഉറപ്പ്‌ നടപ്പിലാക്കാന്‍ കഴിഞ്ഞില്ല. കഴിഞ്ഞദിവസം നടന്ന കണ്‍വെന്‍ഷനില്‍, 10 ദിവസത്തിനകം മുഖ്യമന്ത്രി അടക്കമുള്ളവരെ കണ്ട്‌ നിര്‍മ്മാണം തുടരുന്നതിന്‌ നടപടി സ്വീകരിക്കുമെന്ന്‌ എ. രാജ എം.എല്‍.എ അറിയിച്ചിരുന്നു. എന്നാല്‍ ഇതിനും നടപടി ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ്‌ സമരമല്ലാതെ മറ്റു മാര്‍ഗമില്ലെന്ന നിലയിലേക്ക്‌ സാഹചര്യങ്ങള്‍ മാറിയിരിക്കുന്നതെന്ന്‌ സംരക്ഷണ സമിതി ഭാരവാഹികള്‍ പറഞ്ഞു. ദേശീയപാത സംരക്ഷണ സമിതിയുടെ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി യോഗം ചേര്‍ന്നാണ്‌ പുതിയ തീരുമാനം. 28ന്‌ ദേവികുളം, ഇടുക്കി താലൂക്കുകളിലെ പഞ്ചായത്ത്‌ പ്രസിഡന്റുമാരുടെയും ത്രിതല പഞ്ചായത്ത്‌ അംഗങ്ങളുടെയും യോഗം ആനച്ചാലില്‍ കൂടാന്‍ തീരുമാനിച്ചിട്ടുണ്ട്‌. ഇതിനിടയില്‍ 25ന്‌ മുഖ്യമന്ത്രിയും അഡ്വക്കറ്റ്‌ ജനറലുമായി നേരിട്ട്‌ കൂടിക്കാഴ്‌ചക്ക്‌ ശ്രമിക്കുന്നതായും നേതാക്കള്‍ പറഞ്ഞു.
ചീഫ്‌ സെക്രട്ടറി വിദേശത്തായതിനാല്‍ തിരിച്ചെത്തുന്നതുവരെ കാത്തിരിക്കാനുള്ള ഭരണകക്ഷി നേതാക്കളുടെ അഭ്യര്‍ത്ഥനകൂടി മാനിച്ച്‌ ഒരാഴ്‌ചയ്‌ക്ക് ശേഷം ആയിരങ്ങള്‍ പങ്കെടുക്കുന്ന ഉപരോധസമരം ഉള്‍പ്പെടെ നിരന്തര സമരത്തിലേക്ക്‌ കടക്കുന്നതിനാണ്‌ സംരക്ഷണ സമിതി തീരുമാനിച്ചിട്ടുള്ളതെന്ന്‌ ചെയര്‍മാന്‍ പി.എം ബേബി, ജനറല്‍ കണ്‍വീനര്‍ റസാക്ക്‌ ചൂരവേലി, ഭാരവാഹികളായ കെ.കെ രാജന്‍, ഡയസ്‌ പുല്ലന്‍ എന്നിവര്‍ പറഞ്ഞു.

Ads by Google
Advertisement
Saturday 24 Jan 2026 10.00 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW