-->
കട്ടപ്പന: നിയസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്‌ഥാനാര്‍ഥിനിര്‍ണയ ചര്‍ച്ചകള്‍ അണിയറയില്‍ പുരോഗമിക്കവെ സസ്‌പെന്‍സ്‌വിടാതെ രാഷ്‌ട്രീയ കക്ഷികള്‍. ഫെബ്രുവരി പകുതിയോടെ സ്‌ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ശക്‌തമാക്കാനുള്ള നീക്കത്തിലാണ് ഇടുക്കിയില്‍ മൂന്ന് മുന്നണികളും. സ്‌ഥാനാര്‍ഥികള്‍ ആരൊക്കെയെന്ന കാര്യത്തില്‍ മേല്‍ത്തട്ടില്‍ ഏകദേശ ധാരണമയായിട്ടുണ്ടെന്നാണ് സൂചനകള്‍.
എന്നാല്‍ അവസാനനിമിഷം വരെ ഇക്കാര്യം പുറത്തുവിടാതെ സൂക്ഷിക്കാനാണ് നേതൃത്വങ്ങളുടെ നീക്കം. എതിര്‍ സ്‌ഥാനാര്‍ഥിയെ അറിഞ്ഞതിനുശേഷം ഓരോ മണ്ഡലത്തിലും സ്‌ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാണ് ഈ സസ്‌പെന്‍സെന്നും സൂചനയുണ്ട്. ചില മണ്ഡലങ്ങളില്‍ വേണ്ടി വന്നാല്‍ സ്‌ഥാനാര്‍ഥികളെ വച്ചുമാറുന്നതും ആലോചനയിലുണ്ട്. ഇടുക്കി സീറ്റിനായിട്ടുള്ള ചരടുവലികളാണ് യു.ഡി.എഫില്‍ ഇപ്പോള്‍ സജീവമായി നടക്കുന്നത്. ഇടതുപക്ഷത്തിനു വേണ്ടി ഇത്തവണയും റോഷി അഗസ്‌റ്റിന്‍ തന്നെ മണ്ഡലത്തില്‍ രംഗത്തിറങ്ങുമെന്നാണ് വിവരം. ഇങ്ങനെ വന്നാല്‍ റോഷിയെ പരാജയപ്പെടുത്തുന്നതിനു കരുത്തനായ സ്‌ഥാനാര്‍ഥി വേണമെന്നും ജോസഫ് വിഭാഗത്തില്‍ നിന്നും ഇടുക്കി സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്നുമുള്ള ആവശ്യം ശക്‌തമായി തന്നെ ഉയരുന്നുണ്ട്. ഇക്കാര്യത്തില്‍ അനൗദ്യോഗികമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നാണ് പുറത്തു വരുന്ന വിവരം. പീരുമേട്, ഉടുമ്പന്‍ചോല മണ്ഡലങ്ങളിലേക്കുള്ള സ്‌ഥാനാര്‍ഥികളിലും അനശ്‌ചിതത്വം തുടരുകയാണ്. കോണ്‍ഗ്രസ് മത്സരിക്കുന്ന ഇരു മണ്ഡലങ്ങളില്‍ ഒന്ന് യൂത്തിന് നല്‍കുമെന്നും സൂചനയുണ്ട്. ഇങ്ങനെ വന്നാല്‍ കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് അംഗങ്ങളില്‍ ഒരാള്‍ക്ക് നറുക്ക് വീണേക്കാം. പീരുമേട്ടില്‍ കഴിഞ്ഞ തവണ മത്സരിച്ചു പരാജയപ്പെട്ട സിറിയക് തോമസ്, ഷാജി പൈനാടത്ത്, മുന്‍ ഡി.സി.സി പ്രസിഡന്റ് റോയി കെ. പൗലോസ് എന്നിവരുടെ പേരുകളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. ഇക്കൂട്ടത്തില്‍ കെ.എസ്.യു നേതാവിന്റെ പേരും ഇപ്പോള്‍ പരിഗണനയിലുണ്ടെന്നാണ് വിവരം. അതേസമയം സി.പി.ഐ മത്സരിക്കുന്ന മണ്ഡലത്തില്‍ ഇടതുപക്ഷത്തിന് സി.പി.ഐ ജില്ലാ സെക്രട്ടറി സലീം കുമാര്‍, അന്തരിച്ച എം.എല്‍.എ വാഴൂര്‍ സോമന്റെ മകന്‍ അഡ്വ. സോബിന്‍, മുന്‍ എം.എല്‍.എ ഇ.എസ്. ബിജിമോള്‍ എന്നിവരുടെ പേരുകളാണ് പരിഗണനയില്‍. ഉടുമ്പന്‍ചോലയിലും യു.ഡി.എഫില്‍ പല പേരുകളും ഉയര്‍ന്നു വന്നിട്ടുണ്ട്.
ഡി.സി.സി വൈസ് പ്രസിഡന്റ് മുകേഷ് മോഹന്‍, ജനറല്‍ സെക്രട്ടറിമാരായ ജി. മുരളീധരന്‍, ബിജോ മാണി എന്നിവരുടെ പേരുകളാണ് സാധ്യതാ പട്ടികയില്‍. അതേസമയം എം.എം. മണി വീണ്ടും മത്സരിക്കുമോ, പകരക്കാന്‍ വരുമോയെന്ന കാര്യത്തില്‍ ഇടതുപക്ഷത്തില്‍ ഇതുവരെ വ്യക്‌തതയുണ്ടായിട്ടില്ല. മണി മാറിയാല്‍ മണിയുടെ കുടുംബത്തില്‍നിന്നുള്ള ആള്‍ സ്‌ഥാനാര്‍ഥിയാകുമെന്നും സൂചനകളുണ്ട്.