-->
ചെറുതോണി: ഇടുക്കിയില്‍ മെഡിക്കല്‍കോളജ് ഉണ്ടാകാരിരിക്കാന്‍ ആസൂത്രിത നീക്കം നടത്തിയ പി.ജെ. ജോസഫും കൂട്ടരും തെരഞ്ഞെടുപ്പുകാലത്ത് മെഡിക്കല്‍ കോളജിനെ ഓര്‍ത്ത് മുതലക്കണ്ണീര്‍ ഒഴുക്കുന്നത് ഇടുക്കിയിലെ ജനങ്ങള്‍ അവജ്‌ഞ യോടെയാണ് കാണുന്നതെന്ന് സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ്.
1996 ല്‍ നായനാര്‍ സര്‍ക്കാര്‍ ഇടുക്കിയില്‍ മെഡിക്കല്‍ കോളജ് എന്ന ആശയം മുന്നോട്ട് വച്ചപ്പോള്‍ അതിനെ വെട്ടിയതാരാണെന്ന് ഇടുക്കിയിലെ ജനങ്ങള്‍ക്ക് അറിയാം. പിന്നീട് അന്നത്തെ ജില്ലാ പഞ്ചായത്ത് രവീന്ദ്രനാഥ ടാഗോര്‍ സൊസൈറ്റി രൂപീകരിച്ച് ഇടുക്കിയില്‍ മെഡിക്കല്‍ കോളജിനുവേണ്ടി ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന് അപേക്ഷ നല്‍കിയപ്പോഴും പിന്നില്‍നിന്ന് കുത്തിയത് ജോസഫ് ഗ്രൂപ്പാണ്.
യു.ഡി.എഫ് കാലത്ത് ഇടുക്കി മെഡിക്കല്‍ കോളജിന്റെ സ്‌ഥിതി എന്തായിരുന്നു എന്ന് നാട്ടുകാര്‍ക്ക് നന്നായറിയാം. അടിസ്‌ഥാന സൗകര്യങ്ങളില്ലാത്തതിനാല്‍ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ യു.ഡി.എഫ് ഭരണകാലയളവില്‍ തന്നെ ഇടുക്കി മെഡിക്കല്‍ കോളജ് അടച്ചുപൂട്ടിയിരുന്നു. അനാധരാക്കപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ഭാവി സംരക്ഷിച്ചത് 2016 ല്‍ വന്ന പിണറായി സര്‍ക്കാരാണ്. ഇന്നുകാണുന്ന ബഹുനിലമന്ദിരങ്ങളും 300 ബെഡിന്റെ ആശുപത്രിയും രൂപപ്പെടുത്തിയത് എല്‍.ഡി.എഫ് സര്‍ക്കാരാണ്. നിര്‍മ്മാണ സാമഗ്രികളുടെ ദൗര്‍ലഭ്യമാണ് പലപ്പോഴും പ്രതിസന്ധി സൃഷ്‌ടിക്കുന്നത്. വസ്‌തുത ഇതായിരിക്കെ വികസന വിരോധികള്‍ തെരഞ്ഞെടുപ്പ് വേളയില്‍ ഉയര്‍ത്തുന്ന ജല്‌പനങ്ങള്‍ ഇടുക്കിക്കാര്‍ അര്‍ഹിക്കുന്ന അവജ്‌ഞയോടെ തളളിക്കളയുമെന്നും ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസ് പറഞ്ഞു.