-->
കോഴിക്കോട്: ജനാധിപത്യ പ്രക്രിയയില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്‌ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ അംഗീകാരം.
കോളജുകളിലെ ഇലക്‌ടറല്‍ ലിറ്ററസി ക്ലബുകള്‍ (ഇ.എല്‍.സി) വഴി നടത്തിയ സ്വീപ് പ്രവര്‍ത്തനങ്ങളും തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ (എസ്.ഐ.ആര്‍) ഭാഗമായി നടപ്പാക്കിയ മാതൃകാ പദ്ധതികളുമാണ് പുരസ്‌കാരങ്ങള്‍ക്കര്‍ഹമാക്കിയത്.
മികച്ച ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായി ജില്ലാ കലക്‌ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ജില്ലാ ഇലക്‌ടറല്‍ ലിറ്ററസി ക്ലബ് കോഓഡിനേറ്ററായി ഡോ. നിജീഷ് ആനന്ദ്, മികച്ച ബൂത്ത് ലെവല്‍ ഓഫീസറായി കെ.രാജേഷ് (കുന്ദമംഗലം), മികച്ച ഇലക്‌ടറല്‍ ലിറ്ററസി ക്ലബ് അംബാസഡറായി സാമൂതിരി ഗുരുവായൂരപ്പന്‍ കോളജ് വിദ്യാര്‍ഥി പി.ജി.ആകാശ് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ഇലക്‌ടറല്‍ ലിറ്ററസി ക്ലബുകളില്‍ രണ്ടാം സ്‌ഥാനം സാമൂതിരി ഗുരുവായൂരപ്പന്‍ കോളജ് കരസ്‌ഥമാക്കി.
ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം, വിവിധ കോളജുകളിലെ ഇ.എല്‍.സി ക്ലബുകള്‍, ഇ.എല്‍.സി അധ്യാപക കോഓഡിനേറ്റര്‍മാര്‍, വിദ്യാര്‍ഥി വളണ്ടിയര്‍മാര്‍, ജില്ലാ കലക്‌ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം, ഇന്റേണ്‍സ് എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ വോട്ടര്‍ ബോധവത്‌കരണത്തിലും പുതിയ വോട്ടര്‍മാരെ ചേര്‍ക്കുന്നതിലും നടത്തിയ നൂതന ഇടപെടലുകളാണ് അംഗീകാരത്തിന് അര്‍ഹമാക്കിയത്. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ വൈവിധ്യങ്ങളായ പരിപാടികളാണ് ദേശീയ വോട്ടര്‍ ദിനത്തിന്റെ ഭാഗമായി നടന്നത്. യുവവോട്ടര്‍മാരെ കൂടുതലായി ജനാധിപത്യ പ്രക്രിയയില്‍ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി യുവാക്കളെയാണ് കൂടുതലായി ബോധവല്‍ക്കരണ പരിപാടികള്‍ക്കായി നിയോഗിച്ചത്.
കോളജുകള്‍ കേന്ദ്രീകരിച്ചും വൈവിധ്യങ്ങളായ പരിപാടികള്‍ നടന്നതോടെ യുവാക്കളുടെ പങ്കാളിത്തം വലിയൊരളവില്‍ ജില്ലയില്‍ വര്‍ധിപ്പിക്കാനായതായാണ് കരുതുന്നത്. പുതുതലമുറ ജനാധിപത്യ പ്രക്രിയയോടെല്ലാം മുഖം തിരിഞ്ഞ് നില്‍ക്കുന്നെന്ന ആക്ഷേപം നിലനില്‍ക്കവെയാണ് കോഴിക്കോട് ജില്ലയില്‍ നടന്ന ബോധവല്‍ക്കരണ പരിപാടികള്‍ക്ക് വലിയ പങ്കാളിത്തമുണ്ടായത്.