-->
അമ്പലപ്പുഴ: തോട്ടപ്പള്ളിയില്‍ മത്സ്യബന്ധന വള്ളങ്ങളില്‍ നിന്ന് ഉപകരണങ്ങള്‍ മോഷണം പോകുന്നത് പതിവാകുന്നു. മത്സ്യത്തൊഴിലാളികളുടെ ഉപജീവനം പ്രതിസന്ധിയില്‍. തോട്ടപ്പള്ളി തുറമുഖത്തും പൊഴിയിലുമായി നങ്കൂരമിടുന്ന വള്ളങ്ങളില്‍ നിന്നാണ് മത്സ്യ ബന്ധന ഉപകരണങ്ങള്‍ മോഷണം പോകുന്നത്. കഴിഞ്ഞ ദിവസം മത്സ്യ ബന്ധനത്തിന് പോകാനായി പൊഴിയിലിട്ടിരുന്ന തുമ്പോളി കാക്കരിയില്‍ സിബിച്ചന്റെ ഉടമസ്‌ഥതയിലുള്ള ധന്യ മോള്‍ എന്ന വള്ളത്തിന്റെ യമഹ എന്‍ജിന്‍ മോഷണം പോയി. 1,15,000 രൂപ വിലവരുന്ന പുതിയ എന്‍ജിനാണ് നഷ്‌ടപ്പെട്ടത്.
മത്സ്യ ബന്ധനത്തിന് പോകാനായി എത്തിയപ്പോഴാണ് എന്‍ജിന്‍ നഷ്‌ടപ്പെട്ടതറിഞ്ഞത്. ഉടമ അമ്പലപ്പുഴ സ്‌റ്റേഷനില്‍ പരാതി നല്‍കി. ഏതാനും ദിവസം മുന്‍പ് ശിവശക്‌തി എന്ന വള്ളത്തിന്റെയും മറ്റൊരു വള്ളത്തിന്റെയും രണ്ട് യമഹ എന്‍ജിനുകള്‍ മോഷണം പോയി.ഇതിലൊരെണ്ണം തൊട്ടടുത്ത ദിവസം പൊഴിക്ക് സമീപമുള്ള കുറ്റിക്കാട്ടില്‍ നിന്ന് കണ്ടെടുത്തു.
പല വള്ളങ്ങളിലും മോഷണ ശ്രമങ്ങളും പതിവാണ്. പൊഴിയുടെ തെക്കേ കരയിലും വടക്കേക്കരയിലുമായി നിരവധി മത്സ്യബന്ധന വള്ളങ്ങളാണ് നങ്കൂരമിടുന്നത്. വള്ളങ്ങളിലെ വിലപിടിപ്പുള്ള എന്‍ജിന്‍ കൂടാതെ ക്യാമറ, വയര്‍ലെസ് എന്നീ ഉപകരണങ്ങളും മോഷ്‌ടിക്കുന്നത് മൂലം നിരവധി തൊഴിലാളികളുടെ ഉപജീവനമാണ് ഇല്ലാതാകുന്നത്.
തീരദേശ പോലീസിലും അമ്പലപ്പുഴ പോലീസ് സ്‌റ്റേഷനിലും പരാതി നല്‍കിയിട്ടും പരിശോധന കര്‍ശനമാകാത്തതിനാല്‍ മോഷണം പതിവാകുകയാണെന്നാണ് മത്സ്യത്തൊഴിലാളികളുടെ പരാതി. കഴിഞ്ഞ ഒരു മാസത്തിനിടെ നിരവധി മത്സ്യ ബന്ധങ്ങളുടെ എന്‍ജിനുകളാണ് മോഷണം പോയത്. രണ്ട് വര്‍ഷം മുന്‍പ് ലക്ഷങ്ങള്‍ ചെലവഴിച്ച് അഞ്ച് സി.സി.ടി.വി ക്യാമറകള്‍ സ്‌ഥാപിച്ചെങ്കിലും മാസങ്ങള്‍ പിന്നിട്ടപ്പോള്‍ത്തന്നെ ഇവയുടെ പ്രവര്‍ത്തനം നിലച്ചു.
ഇതോടെ മോഷ്‌ടാക്കളെ കണ്ടെത്താനും കഴിയാത്ത അവസ്‌ഥയിലാണെന്നാണ് തൊഴിലാളികള്‍ പറയുന്നത്. പോലീസ് രാത്രി കാല പരിശോധന കാര്യക്ഷമമാക്കിയാല്‍ ഒരു പരിധി വരെ മോഷണത്തിന് അറുതിയാകും. സ്വര്‍ണം പണയം വെച്ചും പലിശക്ക് പണമെടുത്തുമാണ് ഭൂരിഭാഗം പേരും ഈ തൊഴിലിനിറങ്ങുന്നത്. ലക്ഷങ്ങള്‍ വില വരുന്ന ഇത്തരം മത്സ്യ ബന്ധന ഉപകരണങ്ങള്‍ മോഷണം പോകുന്നതിനാല്‍ ഉപജീവനം ഇല്ലാതാകുന്നതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയുമാണ് ഇവര്‍ നേരിടുന്നത്.