-->
തലയോലപ്പറമ്പ്: വൈക്കം മുഹമ്മദ് ബഷീര്‍ സ്‌മാരക ട്രസ്‌റ്റ് ഏര്‍പ്പെടുത്തിയ പതിനെട്ടാമത് ബഷീര്‍ അവാര്‍ഡ് സമര്‍പ്പണം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിച്ചു. നോവലിസ്‌റ്റ് എസ്. ഹരീഷിന്റെ പട്ടുനൂല്‍പുഴുവിനാണ് ഇത്തവണത്തെ അവാര്‍ഡ് ലഭിച്ചത്. ഭൂമിയുടെ അവകാശികള്‍ മനുഷ്യര്‍ മാത്രമല്ല മറ്റു ജീവജാലങ്ങള്‍ക്കും തുല്യ അവകാശമുണ്ടെന്ന് തന്റെ കഥകളിലൂടെ പറഞ്ഞ ബഷീര്‍ സര്‍വ്വ ജീവജാലങ്ങളെയും ഒരുപോലെ കണ്ടുവെന്നും വായന മരിക്കുന്നുവെന്ന ആശങ്കകള്‍ക്കിടയിലും ബഷീറിനെ പോലുള്ള മുന്‍ഗാമികളും എസ്. ഹരീഷിനെ പോലെയുള്ള പുത്തന്‍ തലമുറയിലെ എഴുത്തുകാരും പ്രതീക്ഷ നല്‍കുന്നുവെന്ന് അവാര്‍ഡ് സമര്‍പ്പണം നടത്തി മന്ത്രി അഭിപ്രായപ്പെട്ടു. വൈകിട്ട് പാലാംകടവ് ബഷീര്‍ സ്‌മാരക മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ ട്രസ്‌റ്റ് ചെയര്‍മാന്‍ അഡ്വ. പി കെ ഹരികുമാര്‍ അധ്യക്ഷത വഹിച്ചു.പ്രഫ. ആലങ്കോട് ലീലാകൃഷ്‌ണന്‍ ബഷീര്‍ സ്‌മാരക പ്രഭാഷണം നടത്തി. അവാര്‍ഡ് ജേതാവ് എസ് ഹരീഷ്, ട്രസ്‌റ്റ് സെക്രട്ടറി ഡോ. സി. എം കുസുമന്‍, ഭാരവാഹികളായ ഡോ.വി. കെ ജോസ്, ടി. എന്‍ രമേശന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.