-->
കടുത്തുരുത്തി: ദീര്‍ഘകാലത്തെ കാത്തിരിപ്പിന് ശേഷം കല്ലറയിലെ പുതിയ പോലീസ് സ്‌റ്റേഷന്റെ ഉദ്‌ഘാടനം നാളെ. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്‌ഘാടനം ചെയ്യും. സി.കെ. ആശ എം.എല്‍.എ. അധ്യക്ഷത വഹിക്കും
ഇതോടെ കാലങ്ങളായി നേരിടുന്ന ഈ മേഖലയിലെ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ളവ യ്‌ക്കു പരിഹാരമാവുകയാണ്.എസ് .എച്ച്.ഒ. യെ കൂടാതെ രണ്ട് എസ്.ഐ. മാര്‍, ഏഴ് എ.എസ്.ഐ. മാര്‍ ഉള്‍പ്പെടെ 34 തസ്‌തികയാണ് ഇവിടെ സൃഷ്‌ടിച്ചിരിക്കുന്നത്.
ജില്ലയില്‍തന്നെയുള്ള ഉദ്യോഗസ്‌ഥരെയാണ് ഇവിടെ നിയമിക്കുക. സ്‌റ്റേഷന്‍ നിര്‍മാണം പൂര്‍ത്തിയായിട്ട് ഏറെ കാലങ്ങളായിരുന്നു. കുറവിലങ്ങാട്- ചേര്‍ത്തല മിനി ഹൈവേയ്‌ക്കു സമീപം ചന്തപ്പറമ്പില്‍ 3,750 ചതുരശ്രയടി വിസ്‌മൃതിയില്‍ മൂന്ന് നിലകളിലായിട്ടാണു സ്‌റ്റേഷന്‍ കെട്ടിടം പൂര്‍ത്തിയാക്കിയിരിക്കുന്നത്.
സ്‌റ്റേഷനായി 30 സെന്റ് സ്‌ഥലവും 2,250 ചതുരശ്രയടിയുള്ള രണ്ടുനില കെട്ടിടവും കല്ലറ പഞ്ചായത്ത് ആഭ്യന്തരവകുപ്പിനു വിട്ടു നല്‍കിയിരുന്നു. കല്ലറ പഞ്ചായത്തിന്റെ 2019-2020 പ്ലാന്‍ ഫണ്ടില്‍നിന്നുള്ള 33.66 ലക്ഷം വിനിയോഗിച്ചാണു രണ്ടുനില കെട്ടിടം നിര്‍മിച്ചത്.
കല്ലറ പഞ്ചായത്തും വൈക്കം പോലീസ് സ്‌റ്റഷന്റെ പരിധിയില്‍വരുന്ന വെച്ചൂര്‍ പഞ്ചായത്തും കടുത്തുരുത്തി പോലീസ് സേ്‌റ്റഷന്റെ പരിധിയില്‍പ്പെട്ട കടുത്തുരുത്തി പഞ്ചായത്തിലെ വാര്‍ഡുകളായ കപിക്കാട്, മധുരവേലി, ആയാംകുടി, എഴുമാംതുരുത്ത് പ്രദേശങ്ങളും മാഞ്ഞൂര്‍ പഞ്ചായത്തിലെ വാര്‍ഡുകളായ മാഞ്ഞൂര്‍ സൗത്ത്, മേമ്മുറി, മാന്‍വെട്ടം, വിജയ ലൈബ്രറി, കക്കത്തുമല പ്രദേശങ്ങളാണു പുതിയ പോലീസ് സ്‌റ്റേഷന്റെ പരിധിയില്‍ വരുന്നത്.