-->
കോട്ടയം: ഇന്ന് ആരംഭിക്കുന്ന അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ കോട്ടയം ഉള്‍പ്പെടുന്ന മധ്യ കേരളത്തിന്റെ യാത്രാ ദുരിതം പരിഹരിക്കുമോ?. പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യുന്ന രണ്ടു ട്രെയിനുകളും കോട്ടയം വഴിയാണെങ്കിലും ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന സമയക്രമം യാത്രക്കാര്‍ക്കു ഗുണകരമല്ലെന്ന് ആക്ഷേപമുണ്ട്. പുതുതായി അനുവദിച്ച നാഗര്‍കോവില്‍- മംഗലാപുരം അമൃത് ഭാരത് എക്‌സ്പ്രസും തിരുവനന്തപുരം നോര്‍ത്ത്- ചെര്‍ളപ്പള്ളി (ഹൈദരാബാദ്) അമൃത് ഭാരത് എക്‌സ്പ്രസുമാണു കോട്ടയം വഴി സര്‍വീസ് നടത്തുന്നത്.
രണ്ട് ട്രെയിനുകളും വ്യത്യസ്‌ത ദിവസങ്ങളിലാണ് ഓടുന്നതെങ്കിലും ഇന്ന് ഇരു ട്രെയിനുകളും ഓടിയേക്കും. നാഗര്‍കോവില്‍, തിരുവനന്തപുരം നോര്‍ത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള ട്രെയിനുകള്‍ ഇന്ന് ഉച്ചയ്‌ക്ക് 1.15, 1.45 സമയത്ത് കോട്ടയം സ്‌റ്റേഷനിലെത്തും. ഇടയില്‍ മറ്റ് സ്‌റ്റോപ്പുകള്‍ ഇല്ലാത്തതിനാല്‍ 15 മിനിറ്റുകൊണ്ട് ട്രെയിന്‍ ചങ്ങനാശേരിയില്‍നിന്ന് കോട്ടയത്തെത്തും.
നാഗര്‍കോവിലില്‍ - മംഗളൂരു സര്‍വീസ് (16329) ചൊവ്വാഴ്‌ച രാവിലെ 11.40-ന് പുറപ്പെട്ട് ബുധനാഴ്‌ച രാവിലെ അഞ്ചിന് മംഗളൂരുവിലെത്തും വിധമാണു സമയം പ്രഖ്യാപിച്ചിരിക്കുന്നത്. തിരിച്ച് (16330) മംഗളൂരു ജങ്‌ഷനില്‍നിന്ന് ബുധനാഴ്‌ച രാവിലെ എട്ടിനു പുറപ്പെട്ട് രാത്രി 10.05-ന് നാഗര്‍കോവിലിലെത്തും.
ചെര്‍ളപ്പള്ളി- തിരുവനന്തപുരം സര്‍വീസ് (17041) ചെര്‍ളപ്പള്ളിയില്‍നിന്ന് ചൊവ്വാഴ്‌ചകളില്‍ രാവിലെ 7.15-ന് പുറപ്പെട്ട് ബുധനാഴ്‌ച ഉച്ചയ്‌ക്ക് 2.45-ന് തിരുവനന്തപുരത്തെത്തും. തിരിച്ച് (17042) ബുധനാഴ്‌ച വൈകിട്ട് 5.30-ന് പുറപ്പെട്ട് വ്യാഴാഴ്‌ച രാത്രി 11.30-ന് ചെര്‍ളപ്പള്ളിയിലെത്തും. രണ്ട് അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ക്കും ചങ്ങനാശേരിയിലും കോട്ടയത്തും സ്‌റ്റോപ്പ് ഉണ്ട്. മധ്യകേരളത്തിലെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള സാധാരണ യാത്രക്കാര്‍ക്കു മംഗലാപുരം, ഹൈദരാബാദ് മേഖലകളിലേക്കു കുറഞ്ഞ ചെലവില്‍ ട്രെയിന്‍ ഉപകരിച്ചേക്കും.
എന്നാല്‍, ഒരു ട്രെയിന്‍ ബംഗളുരുവിനായിരുന്നുവെങ്കില്‍ കൂടുതല്‍ പ്രയോജനപ്പെടുമായിരുന്നുവെന്ന അഭിപ്രായവും യാത്രക്കാര്‍ക്കുണ്ട്. ട്രെയിനുകളുടെ അഭാവം മൂലം വിദ്യാര്‍ഥികളും ജോലിക്കാരും ഉള്‍പ്പെടെയുള്ളവര്‍ നിലവില്‍ ബംഗ്‌ളൂര്‍ യാത്രകള്‍ക്കു സ്വകാര്യ ബസുകളെ ആശ്രയിക്കേണ്ട അവസ്‌ഥയാണ്. തിരക്കുള്ള സമയങ്ങളില്‍ ബസുകളില്‍ കൊള്ളനിരക്ക് ഈടാക്കുന്നതും യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നു.
അമൃത് സര്‍വീസുകള്‍ യാത്രാക്ലേശത്തിന് പരിഹാരമല്ലെന്ന് യാത്രക്കാര്‍
കോട്ടയം: അമൃത് ഭാരത് സര്‍വീസുകള്‍ നിലവിലെ യാത്രാക്ലേശത്തിന് ഒരു വിധത്തിലും പരിഹാരമാകുന്നില്ലെന്ന് യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്‌സ് ഓണ്‍ റെയില്‍സ് ആരോപിച്ചു. 16329 മംഗലാപുരം അമൃത് ഭാരത് നാഗര്‍കോവിലില്‍ നിന്ന് മംഗലാപുരമെത്താന്‍ 17 മണിക്കൂര്‍ സമയമാണു നല്‍കിയിരിക്കുന്നത്. കന്യാകുമാരിയില്‍ നിന്ന് 54 സ്‌റ്റോപ്പുകളുള്ള 16650 പരശുറാമിനും മംഗലാപുരമെത്താന്‍ 17 മണിക്കൂറാണ് റെയില്‍വേ നല്‍കിയിരിക്കുന്നത്.
എന്നാല്‍, മടക്കയാത്രയില്‍ 14 മണിക്കൂര്‍ കൊണ്ട് രാത്രി 10.05 ന് നാഗര്‍ കോവില്‍ എത്തും. സമയം കുടുതല്‍ നല്‍കിയിരിക്കുന്നതിനാല്‍ ഇഴയാനും കൂടുതല്‍ സമയം പിടിച്ചിടാനുമുള്ള സാധ്യതയേറെയാണ. സ്ലീപ്പര്‍ കോച്ചുകളുള്ള ട്രെയിന്‍ പകല്‍ സമയം മാത്രം സര്‍വീസ് നടത്തുന്നതും മറ്റൊരു വിരോധാഭാസമാണ്. അനാവശ്യ ബഫര്‍ സമയം നല്‍കിയിരിക്കുന്നതിനാല്‍ സേ്‌റ്റഷന്‍ ഔട്ടറുകളില്‍ നട്ടുച്ചയ്‌ക്ക് യാത്രക്കാര്‍ ദുരിത്തിലാകും.
സാധാരണ യാത്രക്കാര്‍ക്ക് മാത്രമായി വിഭാവനം ചെയ്‌ത എ.സി. കോച്ചുകളില്ലാത്ത സര്‍വീസിന് ഏറ്റുമാനൂര്‍, പിറവം തൃപ്പൂണിത്തുറ ഉള്‍പ്പെടെയുള്ള സ്‌റ്റേഷനുകളില്‍ സ്‌റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യവും ശക്‌തമാണ്. സമയലാഭം ഇല്ലെങ്കില്‍ കൂടുതല്‍ യാത്രക്കാര്‍ക്ക് സര്‍വീസ് പ്രയോജനപ്പെടുത്താന്‍ സ്‌റ്റോപ്പുകള്‍ കാരണമാകണമെന്നും സംഘടന ആവശ്യപ്പെട്ടു. തിരുവനന്തപുരം നോര്‍ത്ത് ഹൈദരബാദ്(ചര്‍ലപ്പള്ളി) സര്‍വീസിലും സ്‌ഥിതി വ്യത്യസ്‌തമാകാന്‍ ഇടയില്ലെന്നു ഭാരവാഹികള്‍ പറയുന്നു.