-->
ചെറുതോണി: അടിമാലി പഞ്ചായത്തിലെ കുറത്തിക്കുടി ഉന്നതിയില്‍ നിന്നുള്ള തദ്ദേശ ജനത ആദ്യമായി വിമാനത്തിലും ട്രെയിനിലും മെട്രോയിലും യാത്ര ചെയ്‌തു. ഒന്‍പതു വയസുകാരന്‍ ഹരികൃഷ്‌ണന്‍ മുതല്‍ 61 വയസുകാരി ചീരാങ്കാള്‍ പാട്ടി വരെ ഉള്‍പ്പെടുന്ന 35 അംഗ സംഘമാണ് കുടുംബശ്രീ ജില്ലാ മിഷന്‍ കുറത്തിക്കുടി പട്ടികവര്‍ഗ പ്രത്യേക പദ്ധതി പ്രകാരം ബാം?ൂര്‍ക്ക് യാത്ര നടത്തിയത്. വാഹന ഗതാഗതം പോലും അന്യമായ കുറത്തികുടിയില്‍ നിന്നും കുട്ടികളെയും കുടുംബശ്രീ അംഗങ്ങളായിട്ടുള്ള വനിതകളെയും വിമാനം കയറാന്‍ കൊണ്ടുപോകാം എന്ന് പറഞ്ഞപ്പോള്‍ ഇവര്‍ക്ക് ഇത് ഒരു സ്വപ്‌നമായി മാത്രമേ കാണാന്‍ സാധിച്ചുള്ളൂ. തങ്ങളുടെ ഉന്നതിയില്‍ നിന്നും മരങ്ങള്‍ക്കിടയിലൂടെ നോക്കുമ്പോള്‍ ആകാശത്തിലൂടെ വിമാനം പറന്നു പോകുന്നത് മാത്രമേ ഇവര്‍ കണ്ടിട്ടുണ്ടായിരുന്നുള്ളൂ. വിമാനത്തില്‍ കയറാന്‍ അവസരം ഉണ്ടാകുന്നുമെന്ന് കേട്ടപ്പോള്‍ അവരില്‍ പലരും തുള്ളി ചാടി. ചൊവ്വാഴ്‌ച രാവിലെ ഒരുമണിക്ക് അടിമാലിയില്‍ നിന്നും എ.സി ടൂറിസ്‌റ്റ് ബസില്‍ യാത്ര ആരംഭിച്ച സംഘം രാവിലെ 5.30 ന് നെടുമ്പാശേരിയില്‍ നിന്നും വിമാനത്തില്‍ കയറി ബാം?ൂര്‍ക്ക് യാത്ര തിരിച്ചു. എയര്‍പോര്‍ട്ടിനുള്ളിലെ സുരക്ഷാ പരിശോധനയും മറ്റ് കാഴ്‌ചകളും എസ്‌കലേറ്ററിന്റെ ഉപയോഗവും എല്ലാം സംഘത്തിന് പുതുമയായിരുന്നു. വിമാനത്തിനുള്ളിലേക്ക് കയറിയപ്പോള്‍ ഒരു ഹാളില്‍ കയറിയ പോലെയാണ് എന്ന് പറഞ്ഞവര്‍ വിമാനം ഓടി തുടങ്ങിയപ്പോള്‍ മുഖഭാവം മാറി. കണ്ണുകള്‍ അടച്ച് അടു ത്തിരുന്നവരുടെ കൈകളില്‍ മുറുകെപ്പിടിച്ചു. എന്നാല്‍ പറന്നു ഉയര്‍ന്നു കഴിഞ്ഞതോടെ എല്ലാവര്‍ക്കും ധൈര്യമായി.
ജനാലകളിലൂടെ കാഴ്‌ചകള്‍ കണ്ടു സന്തോഷത്തോടെ ഓരോരുത്തരും കഥകള്‍ പറഞ്ഞ് ഇരുന്നു. ബാം?ൂരില്‍ എത്തിയ സംഘം ആദ്യം പോയത് കേന്ദ്ര ഗവണ്‍മെന്റ് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിശ്വേശ്വരയ്യ സയന്‍സ് മ്യൂസിയം കാണുന്നതിനാണ്. തുടര്‍ന്ന് ലാല്‍ബാഗ് ബോട്ടാണിക്കല്‍ ഗാര്‍ഡന്‍, ഇസ്‌കണ്‍ ടെമ്പിള്‍, വിധാന്‍ സൗധ, മാര്‍ക്കറ്റ് എന്നിവിടങ്ങളൊക്കെ സന്ദര്‍ശിച്ച് ബാം?ൂര്‍ മെട്രോയിലും കയറി രാത്രി 9 മണിയോടെ തിരികെ ട്രെയിനില്‍ ആലുവയ്‌ക്ക് തിരിച്ചു.
ട്രെയിനിന്റെ ബര്‍ത്തില്‍ കയറി കടന്നപ്പോള്‍ താഴെ വീഴുമോ എന്ന ഭയമൊക്കെ ഉണ്ടായിരുന്നെങ്കിലും കുറച്ചു കഴിഞ്ഞപ്പോള്‍ എല്ലാവര്‍ക്കും ധൈര്യമായി. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ജിഷ സന്തോഷ്, മെമ്പര്‍ സെക്രട്ടറി കെ.പി കൃഷ്‌ണപിള്ള, കുടുംബശ്രീ ജില്ലാ പ്രോഗ്രാമാനേജര്‍ ബിജു ജോസഫ് തുടങ്ങിയവര്‍ യാത്രയ്‌ക്ക് നേതൃത്വം നല്‍കി.