Saturday, March 14, 2026 Last Updated 7 Min 4 Sec ago English Edition
Todays E paper
Ads by Google
Friday 23 Jan 2026 04.37 AM

തീരപ്രദേശങ്ങളില്‍ ശുദ്ധജലക്ഷാമം കുടിവെള്ളം വഴിനീളെ പാഴാകുന്നു

തുറവൂര്‍: പൈപ്പ്‌ തകരാറുമൂലം ജപ്പാന്‍ കുടിവെള്ളം പലേടത്തും പാഴാകുന്നു. തുറവൂര്‍-അരൂര്‍ ഉയരപ്പാത നിര്‍മാണവുമായി ബന്ധപ്പെട്ട്‌ ആഴ്‌ചയില്‍ മൂന്നുദിവസം കുടിവെള്ളം നിലയ്‌ക്കുന്നതും അരൂര്‍ മേഖലയില്‍ പ്രതിസന്ധിയേറ്റുന്നു.
അരൂര്‍ മണ്ഡലത്തിലെ കടലോര കായലോര മേഖലകള്‍ വേനല്‍ എത്തും മുമ്പേ വറുതിയുടെ പിടിയിലാണ്‌. ദേശീയപാതയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മൂലം നിരവധി സ്‌ഥലങ്ങളില്‍ പൈപ്പുകള്‍ തകരാറിലായിട്ടുണ്ട്‌. പമ്പ്‌ ചെയ്യുന്ന സമയങ്ങളില്‍ വന്‍തോതിലാണ്‌ വെള്ളം പാഴാകുന്നത്‌. പ്രധാന പൈപ്പ്‌ പൊട്ടുമ്പോള്‍ മാത്രമാണ്‌ അധികൃതര്‍ അടിയന്തരമായി ഇടപെടുന്നത്‌.
ചെറിയ തോതിലുള്ള ചൊര്‍ച്ചകള്‍ ആരും ശ്രദ്ധിക്കാതെ മാസങ്ങളോളം തുടരുകയാണെന്ന്‌ നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. പൈപ്പ്‌ പൊട്ടി വെള്ളം പാഴാകുന്ന വിവരം അതോറിറ്റിയെ അറിയിച്ചാലും പരിഹാരം ഉണ്ടാകുന്നില്ലെന്ന്‌ ആക്ഷേപമുണ്ട്‌. തീരപ്രദേശങ്ങളിലുള്ളവര്‍ പലരും പണം മുടക്കിയാണ്‌ കുടിവെള്ളം വാങ്ങുന്നത്‌. ജപ്പാന്‍ കുടിവെള്ളത്തെ മാത്രം ആശ്രയിക്കു ന്നവരാണ്‌ ഏറെ ബുദ്ധിമുട്ടുന്നത്‌.
തുടരെയുള്ള പൈപ്പ്‌ പൊട്ടലും തകരാറ്‌ മാറ്റാനുള്ള അടിയന്തര ഇടപെടലുകള്‍ ഉണ്ടാകാതിരിക്കുന്നതും ജനങ്ങളെ ദുരിതത്തില്‍ ആക്കുകയാണ്‌. ഓരോ പഞ്ചായത്തിലും അറ്റകുറ്റപ്പണികള്‍ നടത്താനുള്ള ടീം ഉണ്ടാകുമെന്നായിരുന്നു പദ്ധതിയുടെ നടത്തിപ്പുകാര്‍ ആദ്യം ഉറപ്പുനല്‍കിയിരുന്നത്‌.എന്നാല്‍ പൈപ്പ്‌ പൊട്ടിയാല്‍ വിവരമറിയിക്കാന്‍ പോലും സംവിധാനമൊരുക്കാത്ത അവസ്‌ഥയാണുള്ളതെന്ന്‌ ജനപ്രതിനിധികളും പറയുന്നു. തുറവൂര്‍ പോലുള്ള തീര ഗ്രാമങ്ങളില്‍ വാട്ടര്‍ ടാങ്ക്‌ പോലും പണിഞ്ഞിട്ടില്ല. അരൂര്‍ മണ്ഡലത്തിലെ മുഴുവന്‍ വീടുകളിലും വാട്ടര്‍ കണക്ഷന്‍ എത്തിക്കാന്‍ ജല അതോറിറ്റി പരിശ്രമിക്കുന്നുണ്ട്‌. എന്നാല്‍ മുഴുവന്‍ പ്രദേശങ്ങളിലും വെള്ളം എത്തിക്കാന്‍ അതോറിറ്റിക്ക്‌ കഴിയുന്നില്ലെന്നാണ്‌ നാട്ടുകാരുടെ പരാതി. കാലഹരണപ്പെട്ട പൈപ്പുകള്‍ മാറ്റാന്‍ നടപടിയില്ല.ആവശ്യമായ സ്‌ഥലങ്ങളില്‍ ജലസംഭരണികള്‍ നിര്‍മ്മിക്കപ്പെടുന്നില്ല. നിയമവിരുദ്ധമായി കുടിവെള്ളം ചോര്‍ത്തിയെടുക്കുന്നവരെ പിടികൂടാനും സംവിധാനമില്ല.
അരൂര്‍ പഞ്ചായത്തിലെ ആഞ്ഞിലിക്കാട്‌ പരിസരത്തെ കുടിവെള്ള പ്രശ്‌നത്തിന്‌ വര്‍ഷങ്ങളുടെ പഴക്കമുണ്ട്‌. തീരദേശ റെയില്‍പാതയുടെ അടിയില്‍ കൂടെയാണ്‌ ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ്‌ കടന്നുപോകുന്നത്‌.
പഴയ പൈപ്പ്‌ മാറ്റിയിടാന്‍ റെയില്‍വേയുടെ അനുമതി വേണം. 60,000 രൂപയോളം ഇതിന്‌ മുതല്‍മുടക്ക്‌ വരും. പണം പഞ്ചായത്ത്‌ നല്‍കിയാല്‍ പൈപ്പ്‌ മാറ്റിയിടാനുള്ള നടപടി ആരംഭിക്കാമെന്നായിരുന്നു അതോറിറ്റിയുടെ നിലപാട്‌. പുതിയ പഞ്ചായത്ത്‌ ഭരണസമിതി ഇടപെട്ട്‌ കുടിവെള്ള പ്രതിസന്ധിക്ക്‌ പരിഹാരമുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ്‌ നാട്ടുകാര്‍.

Ads by Google
Advertisement
Friday 23 Jan 2026 04.37 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW