-->
എടത്വാ: ഗ്രാമപഞ്ചായത്ത് ഓഫീസിന് മൂക്കിന് താഴെ എടത്വാ പള്ളിത്തോട്ടില്‍ പോളയും കടകലും വളര്‍ന്ന് ജലഗതാഗതം തടസപ്പെടുന്നതായി പരാതി. എടത്വാ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയുടെ മുന്‍വശത്തെ പമ്പാനദിയുടെ കൈവഴിയായ പള്ളിതോട്ടിലാണ് പോളയും കടകലും വളര്‍ന്ന് നീരൊഴുക്കും ജലഗതാഗതവും തടസപ്പെടുന്നത്. പ്രസിദ്ധമായ എടത്വാ പള്ളി തിരുനാള്‍ കൊടിയേറ്റിന് മൂന്ന് മാസം ബാക്കിനില്‍ക്കേയാണ് പള്ളിത്തോട് പോളയും കടകലും കൈയ്യടക്കിയത്. തിരുനാളിന് മാസങ്ങള്‍ക്ക് മുന്‍പേ തീര്‍ഥാടകള്‍ ഇവിടെ എത്താറുണ്ട്.
അന്യ സംസ്‌ഥാനങ്ങളില്‍ നിന്നെത്തുന്ന തീര്‍ത്ഥാടകര്‍ തോട്ടില്‍ കുളിച്ചശേഷമാണ് വിശുദ്ധ ഗീവര്‍ഗീ സിനെ ദര്‍ശിക്കുന്നത്. തീര്‍ത്ഥാടന കാലം എത്തുന്നതോടെ പോളയും കടകലും കൊണ്ട് മൂടാനാണ് സാധ്യത. മഴ മാറിയതോടെ തോട്ടിലെ ജലനിരപ്പ് കുറഞ്ഞ് തോടി ന്റെ തെക്കേകര നികന്നു തുടങ്ങിയിരുന്നു. തിരുനാള്‍ സീസണ്‍ അടുക്കുമ്പോള്‍ സന്നദ്ധ സംഘടനകള്‍ ശ്രമദാനമായാണ് തോട് വൃത്തിയാക്കാറുള്ളത്. നീരൊഴുക്ക് പൂര്‍ണമായി തടസപ്പെടുന്നതിന് മുന്‍പ് പഞ്ചായത്ത് ഇടപെട്ട് തോട്ടിലെ പോളയും കടകലും മാറ്റാനുള്ള നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.