-->
കൊച്ചി: കൊച്ചി സിറ്റി പോലീസ് കമ്മീഷണറായി കാളിരാജ് മഹേഷ് കുമാര്‍ ചുമതലയേറ്റു. കൊച്ചി സിറ്റി ഡി.സി.പിമാരായ അശ്വതി ജിജി, ജുവനപ്പുടി മഹേഷ്, വിനോദ് പിളള, സ്‌പെഷ്യല്‍ബ്രാഞ്ച് എ.സി.പി ടി.ആര്‍.ജയകുമാര്‍ എന്നിവര്‍ ചേര്‍ന്ന് ചുമതലയേറ്റെടുക്കാനെത്തിയ കാളിരാജ് മഹേഷ് കുമാറിനെ സ്വീകരിച്ചു.
ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് റോഡ് സേഫ്‌റ്റി ഐ.ജി ചുമതലയില്‍ നിന്നാണു കാളിരാജ് മഹേഷ്‌കുമാര്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷ്‌ണര്‍ സ്‌ഥാനത്തേയ്‌ക്ക് എത്തുന്നത്. 2005 ഐ.പി.എസ് ബാച്ച് ഉദ്യോഗസ്‌ഥനും തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശിയുമാണ്. കശ്‌മീര്‍ കേഡറിലായിരുന്നു ആദ്യം നിയമിതനായത്. 2008-ല്‍ ജമ്മു കാശ്‌മീര്‍ പോലീസില്‍ എസ്.പിയായിരിക്കെ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ പരുക്കേറ്റിരുന്നു.
ചികിത്സയ്‌ക്കു ശേഷം തമിഴ്‌നാട്ടിലെ വിവിധ ജില്ലകളില്‍ പോലീസ് മേധാവിയായി പ്രവര്‍ത്തിച്ചു. 2013-14ല്‍ അദ്ദേഹത്തെ കേരള കേഡറിലേക്കു മാറ്റി. ദേശീയ അന്വേഷണ ഏജന്‍സിയില്‍ (എന്‍.ഐ.എ) ഡി.ഐ.ജി, ഐ.ജി ചുമതലകളില്‍ ഡപ്യൂട്ടേഷനിലെത്തി. കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍, റെയില്‍വേ എസ്.പി എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്.
മുന്‍ കമ്മിഷണറായിരുന്ന പുട്ട വിമലാദിത്യയെ ആഭ്യന്തര സുരക്ഷാ വിഭാഗം ഐ.ജിയായും എസ്.ഹരിശങ്കറിനെ കൊച്ചി സിറ്റി പൊലീസ് കമ്മിഷണറായും ഡിസംബര്‍ അവസാനത്തോടെ സര്‍ക്കാര്‍ നിയമിച്ചിരുന്നു.
എന്നാല്‍, ഹരിശങ്കര്‍ ചാര്‍ജ് ഏറ്റെടുത്തിരുന്നില്ല. തുടര്‍ന്നാണ് കാളിരാജ് മഹേഷ് കുമാറിനെ കൊച്ചി സിറ്റി പോലീസ് കമ്മിഷണറായി നിയമിച്ചത്.