-->
കൊച്ചി: പെരുമ്പാവൂര്‍, കാലടി, മണ്ണൂര്‍, കുറുപ്പംപടി മേഖലയില്‍ സമയക്രമം പാലിക്കാതെ സ്‌കൂള്‍ സമയത്ത് സര്‍വീസ് നടത്തിയ 33 വാഹനങ്ങള്‍ പിടിയിലായി. 3 ലക്ഷം രൂപ പിഴയായി ചുമത്തി. അമിത വേഗത്തിലും, പൊടി പറപ്പിച്ചും, മറ്റു റോഡുപയോക്‌താക്കള്‍ക്ക് അപകടം വരത്തക്ക വിധത്തിലും, സ്‌കൂള്‍ കുട്ടികളുടെ സുരക്ഷയെ ബാധിക്കുന്ന വിധത്തിലും സര്‍വീസ് നടത്തിയതിനാലാണ് പെര്‍മിറ്റിന്റെ ലംഘനം ഉള്‍പ്പെടെയുള്ള വകുപ്പ് പ്രകാരം നടപടി സ്വീകരിച്ചത്.
എറണാകുളം എന്‍ഫോഴ്‌സ്മെന്റ് ആര്‍.ടി.ഒ - യുടെ പ്രത്യേകമായ ആറ് സ്‌ക്വാഡുകളാണ് സ്‌ഥിരമായി പരാതികള്‍ ഉള്ള മേഖലയില്‍ നടപടി സ്വീകരിച്ചത്. അമിതവേഗത, ടാക്‌സ് അടക്കാതെയും മതിയായ രേഖകള്‍ ഇല്ലാതെ സര്‍വീസ് നടത്തിയത് അടക്കം ഒട്ടനവധി നിയമലംഘനങ്ങള്‍ക്ക് ഇതിനകം നടപടി സ്വീകരിച്ചിട്ടുണ്ട് . പരിശോധനകള്‍ തുടരുമെന്ന് എന്‍ഫോഴ്‌സ്മെന്റ് ആര്‍.ടി.ഒ അറിയിച്ചു.