-->
പന്തളം: ഇത് കോവിലകങ്ങളുടെ നാട്, പാണ്ഡ്യരാജ സ്‌മൃതികളുറങ്ങുന്ന പൊന്‍തളം എന്ന പന്തളം. മതസൗഹാര്‍ദത്തിന്റെയും, ചേറ്റിന്റെയും മണമുള്ള മണ്ണ്. മണികണ്‌ഠ സ്വാമിയുടെ പാദസ്‌പര്‍ശത്താല്‍ ധന്യമായ പന്തളം ഭാരതത്തില്‍ തന്നെ അറിയപ്പെടുന്ന നാട് കൂടിയാണ്. അച്ചന്‍കോവിലാര്‍ തഴുകി തലോടുന്ന പന്തളം, എം.സി റോഡിന്റെ ഓരം ചേര്‍ന്നുനില്‍ക്കുന്ന ചെറുപട്ടണം. കര്‍ഷകരും കര്‍ഷക തൊഴിലാളികളും അധിവസിക്കുന്ന ഇവിടെ, കരിങ്ങാലി പാടശേഖരമാണ് പ്രധാനമായും കര്‍ഷകര്‍ക്ക് ആശ്വാസം. കരിമ്പുല്‍പാദനത്തിന്റെ നല്ല നാളുകള്‍ കൊഴിഞ്ഞു പോയങ്കിലും കരിങ്ങാലി പാടശേഖരത്തിലെ 18 കൈവഴികളിലും ഇന്നും കൊയ്‌ത്ത് പാട്ടിന്റെ ഇരടികള്‍ നിലച്ചിട്ടില്ല.
മാനാ മധുരയുടെ മധുരിക്കുന്ന സ്‌മരണകള്‍ പേറുന്ന കടയ്‌ക്കാട്, അറത്തില്‍ പള്ളിയും തലയനാട്ടുപള്ളിയും സാഹോദര്യത്തിന്റെ സ്‌നേഹം സ്‌പര്‍ശം ചൊരിയുന്നു. വിപ്ലവത്തിന്റെ കനലെരിയും കാലത്ത് വിപ്ലവകാരികള്‍ ഒളിവു ജീവിതം കഴിച്ച കൊട്ടാരക്കെട്ടുകള്‍, അടിയവരും ഉടയരുമില്ലാതിരുന്ന നാടായിരുന്നു ഈ ദേശം .
ജനാധിപത്യ ഭരണത്തിന്റെ പുതുവെളിച്ചം എത്തിയതോടെ പന്തളം വിദ്യാഭ്യാസ മേഖലയില്‍ വന്‍ കുതിപ്പ് നേടി.നിരവധി കവികള്‍ക്കും, സാഹിത്യകാരന്മാര്‍ക്കും ജന്മം നല്‍കി. പന്തളം കേരളവര്‍മ്മയുടേയും , പന്തളം കെ.പി യുടെയും ജന്മം കൊണ്ട് നാട് പുണ്യമായി. ഇവരുടെ പിന്‍ഗാമികള്‍ നിരവധി , രാഷ്ര്‌ടീയത്തില്‍ കേരള ചരിത്രത്തെ മാറ്റി എഴുതിയ എം.എന്‍, വിവിധ കക്ഷികളില്‍ പ്രാഗല്‍ഭം തെളിയിച്ച അനവധി ജനനേതാക്കള്‍, അവകാശ സമരത്തില്‍ രക്‌തസാക്ഷിത്വം വരിച്ചവര്‍ നിരവധി, സമാരാഗ്നിയില്‍ എടുത്തു ചാടി ജയില്‍വാസം വരിച്ചവര്‍ അനവധിയായിരുന്നു. ഇവിടെ ഗ്രാമ പഞ്ചായത്ത് നഗരസഭയ്‌ക്ക് വഴിമാറിയിട്ട് പതിറ്റാണ്ടു കടന്നു. മണ്ഡലം പ്രതിനിധികരച്ച എം.എല്‍ എ മാരില്‍ പലരും മന്ത്രിമാരായി. എന്നിട്ടും വര്‍ത്തമാനകാലത്ത് പന്തളനാട് പിന്‍തള്ളപ്പെട്ടു.
സമീപ പ്രദേശങ്ങളില്‍ വികസനത്തില്‍ കുതിച്ചുചാട്ടം നടത്തി. എന്നിട്ടും ഇവിടം കിതച്ചു നില്‍ക്കുന്നു. ഗ്രാമ പഞ്ചായത്ത് - നഗരസഭകളില്‍ നാട്ടുകാര്‍ പക്ഷം നോക്കാതെ വിവിധ രാഷ്ര്‌ടീയക്കാരെയും പരീക്ഷിച്ചു. എന്നാല്‍ പലപ്പോഴും ജനതയുടെ പ്രതീക്ഷയ്‌ക്ക് നീര്‍കുമിളയുടെ ആയുസ് മാത്രമായിരുന്നു.
തൃശൂര്‍ പോലെ തന്നെ പന്തളം ഒരു ക്ഷേത്ര നഗരമാക്കി മാറ്റാമായിരുന്നതും ഇതിലൂടെ പന്തളം ഉയര്‍ത്തെഴുന്നേല്‍ക്കുമായിരുന്നു. എന്നിട്ടും അത് ജലരേഖയായി. പന്തളം ഇനി ഒന്നുമുതല്‍ തുടങ്ങണം. അതിന് വേണം ഒരു രക്ഷകന്‍.