-->
കോട്ടയം: പുതുപ്പള്ളിയില്‍ റബര്‍ ബോര്‍ഡ് ക്വാര്‍ട്ടേഴ്‌സുകളിലെ മോഷണത്തില്‍ അന്വേഷണം പ്രഫഷണല്‍ സംഘങ്ങളെ കേന്ദ്രീകരിച്ച്. ഉത്തരേന്ത്യന്‍ സംഘങ്ങളെയാണ് പോലീസ് സംശയിക്കുന്നതെങ്കിലും പ്രാദേശിക ബന്ധങ്ങളുള്ളവരെയും തെരയുന്നുണ്ട്.
കഴിഞ്ഞ ദിവസം രാത്രിയിലാണു പുതുപ്പള്ളി റബര്‍ ഗവേഷണ കേന്ദ്രത്തോടു ചേര്‍ന്നുള്ള രണ്ടു ക്വാര്‍ട്ടേഴ്‌സുകളില്‍ നിന്നായി 73 പവന്‍ കവര്‍ന്നത്. മൂന്നു ക്വാര്‍ട്ടേഴ്‌സുകളില്‍ മോഷണശ്രമവും നടന്നിരുന്നു.
സി.സി.ടി.വി. ഇല്ലാതിരുന്നതും തെളിവുകള്‍ ഒന്നും അവശേഷിപ്പിക്കാതെയുള്ള മോഷണവും അന്വേഷണത്തിനു തിരിച്ചടിയായിരിക്കുകയാണ്.
മോഷണരീതി അന്യസംസ്‌ഥാനങ്ങളില്‍ നിന്നുള്ള പ്രഫഷണല്‍ സംഘങ്ങളെ സംശയിക്കാന്‍ ഇടയാക്കുമ്പോഴും പ്രാദേശിക ബന്ധങ്ങള്‍ ഇല്ലാതെ ആളൊഴിഞ്ഞ ക്വാര്‍ട്ടേഴ്‌സുകള്‍ എങ്ങനെ കണ്ടെത്താന്‍ കഴിഞ്ഞുവെന്നു പോലീസ് അന്വേഷിക്കുന്നുണ്ട്.
സമാനമായ രീതിയില്‍ നടന്ന കവര്‍ച്ചകള്‍ അടിസ്‌ഥാനമാക്കിയാണ് അന്വേഷണം മുന്നോട്ടുപോകുന്നത്.
ക്വാര്‍ട്ടേഴ്‌സുകളില്‍ ആള്‍ത്താമസമില്ലാതിരുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പ്രാഥമിക ഘട്ടത്തില്‍ അന്വേഷണത്തിന്റെ വേഗക്കുറവിനു കാരണമായി.
അന്വേഷണത്തിന്റെ ഭാഗമായി കാമ്പസിലുള്ള മുഴുവന്‍ ക്വാര്‍ട്ടേഴ്‌സുകളിലും അന്വേഷണം നടത്തുകയും തെളിവു ശേഖരിക്കേണ്ടതായുണ്ട്. ഇവയെല്ലാം അന്വേഷണത്തെ ബാധിക്കുന്നുണ്ട്. ദിവസങ്ങള്‍ നീണ്ട അന്വേഷണം നടത്താതെ മോഷ്‌ടാക്കള്‍ക്ക് ഇവിടെ എത്താന്‍ കഴിയില്ലെന്നു പോലീസ് പറയുന്നു.
ഈ സാഹചര്യമാണു പ്രാദേശിക ബന്ധങ്ങളും അന്വേഷിക്കാന്‍ പോലീസിനെ പ്രേരിപ്പിക്കുന്നത്.
കോട്ടയം ഈസ്‌റ്റ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു.ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.