-->
എരുമേലി : എരുമേലി ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡിലെ മൂലക്കയത്തെയും, പെരുനാട് ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് കിസുമത്തെയും തമ്മില്‍ ബന്ധിപ്പിച്ച് പമ്പയാറിന് കുറുകെ ചെക്ക് ഡാം കം ബ്രിഡ്‌ജ് നിര്‍മ്മിക്കുന്നതിന് 5 കോടി രൂപ അനുവദിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ടെന്‍ഡര്‍ ആയതായി അഡ്വ. സെബാസ്‌റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ അറിയിച്ചു.
മൂലക്കയം പ്രദേശത്തെ ബഹുഭൂരിപക്ഷം വിദ്യാര്‍ഥികളും പമ്പയാറിന്റെ മറുകരയില്‍ കാണാവുന്ന ദൂരത്തില്‍ സ്‌ഥിതി ചെയ്യുന്ന കിസുമം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് പഠനം നടത്തുന്നത്. എന്നാല്‍ ഈ വിദ്യാര്‍ഥികള്‍ക്ക് പമ്പയാറില്‍ പാലം ഇല്ലാതിരുന്നതുമൂലം കിലോമീറ്റര്‍ ചുറ്റി സഞ്ചരിച്ച് എയ്‌ഞ്ചല്‍ വാലി, കണമല വഴി മാത്രമേ സ്‌കൂളിലെത്താന്‍ കഴിയുമായിരുന്നുള്ളൂ. പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ മൂലക്കയം പ്രദേശത്തെ വിദ്യാര്‍ഥികള്‍ക്ക് കാല്‍നടയായി മിനിറ്റുകള്‍ കൊണ്ട് സ്‌കൂളിലെത്താന്‍ കഴിയും. കൂടാതെ മൂലക്കയം ഗ്രാമത്തിലെ മുഴുവന്‍ ആളുകള്‍ക്കും കിസുമം ഭാഗത്തേക്കും, തൊട്ടടുത്ത ജംഗ്‌ഷനായ തുലാപ്പള്ളിയിലേക്കും, അതുവഴി റാന്നിക്കും എല്ലാം എളുപ്പത്തില്‍ സഞ്ചരിക്കാന്‍ ഈ പാലം ഉപകരിക്കും.
പമ്പയാറിന് കുറുകെ 75 മീറ്റര്‍ നീളത്തിലാണ് ചെക്ക് ഡാം കം ബ്രിഡ്‌ജ് നിര്‍മ്മിക്കുക. ഇതില്‍ ചെക്ക് ഡാം രണ്ട് മീറ്റര്‍ ഉയരത്തിലും, തുടര്‍ന്ന് അഞ്ച് മീറ്റര്‍ കൂടി ഉയരത്തിലുമാണ് പാലം നിര്‍മ്മിക്കുക. പാലത്തിന് ഉപരിതലം 7.5 മീറ്റര്‍ വീതിയില്‍ ആണ് നിര്‍മ്മാണം.
ഇതില്‍ വാഹനഗതാഗതത്തിനായി 5.20 മീറ്ററും, വണ്‍ സൈഡ് ഫുട്‌പാത്ത് 1.60 മീറ്ററുമാണ് നിശ്‌ചയിച്ചിട്ടുള്ളത്. കൂടാതെ പാലത്തിന്റെ ഉപരിതലത്തില്‍ ഇരു സൈഡിലും 2 മീറ്റര്‍ ഉയരത്തില്‍ ക്രാഷ് ബാരിയര്‍ സ്‌ഥാപിച്ച് അപകട സാഹചര്യം ഒഴിവാക്കും. 3 സ്‌പാനോട് കൂടി നിര്‍മ്മിക്കുന്ന വലിയ പാലമാണ് രൂപകല്‍പ്പന ചെയ്‌തിട്ടുള്ളത്.
ചെക്ക് ഡാം നിര്‍മ്മിക്കുന്നതോടെ പ്രദേശത്തെ ജലലഭ്യതയും വര്‍ദ്ധിക്കും. ചെക്ക് ഡാമിന് മുകളിലൂടെ സുഗമമായി വെള്ളമൊഴുക്ക് നടക്കും വിധവും ആണ് രൂപകല്‍പ്പന. ടെന്‍ഡര്‍ ഉറപ്പിച്ച് അടുത്തമാസം നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിക്കാന്‍ കഴിയുമെന്നും എം.എല്‍.എ പറഞ്ഞു. പ്രദേശവാസികളുടെ ചിരകാല സ്വപ്‌നമാണ് യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നതെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.