Wednesday, March 11, 2026 Last Updated 33 Min 9 Sec ago English Edition
Todays E paper
Ads by Google
Thursday 22 Jan 2026 10.54 AM

പാല്‍വില പടവ്‌ കയറിയില്ല, കര്‍ഷകരെ തഴയരുതേ...

കോട്ടയം: പാലിനു വിലയില്ല, കാലത്തീറ്റയ്‌ക്കും മരുന്നിനും പച്ചപ്പുല്ലിനും വരെ ഉയര്‍ന്ന വിലയും... ഗതികേടുകൊണ്ട്‌ മാത്രം ക്ഷീരമേഖലയില്‍ തുടരുന്ന കര്‍ഷകരെ ഇനിയും അവഗണിക്കരുതേ... പാല്‍ വില ഇന്നു വര്‍ധിപ്പിക്കും നാളെ വര്‍ധിപ്പിക്കുമെന്നു പറയുന്നതല്ലാതെ യാതൊരു നടപടികളുമുണ്ടാകുന്നില്ല. ഇതോടെ, ഓരോ ദിവസവും ക്ഷീരമേഖലയില്‍ നിന്നു കര്‍ഷകര്‍ പിന്തിരിയുകയാണ്‌. ഒന്നും രണ്ടും കന്നുകാലികളെ വളര്‍ത്തിയിരുന്നവരാണ്‌ ആദ്യ ഘട്ടത്തില്‍ കൃഷി ഉപേക്ഷിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ ചെറുകിട ഫാമുകളും പൂട്ടേണ്ട അവസ്‌ഥയാണ്‌.
ഇന്നലെ കൊല്ലത്ത്‌ അവസാനിച്ച സംസ്‌ഥാന ക്ഷീര സംഗമം-പടവിലായിരുന്നു ക്ഷീര കര്‍ഷകരുടെ പ്രതീക്ഷയത്രയും. തദ്ദേശ തെരഞ്ഞെടുപ്പിനു പിന്നാലെ പാല്‍ വില വര്‍ധിപ്പിക്കുമെന്ന മന്ത്രിയുടെ പ്രസ്‌താവന കൊല്ലത്ത്‌ യാഥാര്‍ഥ്യമാകുമെന്നായിരുന്നു കര്‍ഷകരുടെ പ്രതീക്ഷ.
എന്നാല്‍, പ്രഖ്യാപനമൊന്നുമുണ്ടായില്ല. നിയമസഭാ തെരഞ്ഞെടുപ്പ്‌ വരുന്നതിനാല്‍ വില വര്‍ധിപ്പിക്കുന്നതിനോട്‌ സര്‍ക്കാരിനു താത്‌പര്യമില്ലെന്നാണു സൂചന.
പരിപാലനവും കറവയുമെല്ലാം സ്വന്തമായി ചെയ്യുന്ന കര്‍ഷകനാണെങ്കില്‍ ഒരു ലിറ്റര്‍ പാലിന്റെ ഉത്‌പാദനച്ചെലവ്‌ 48-50 രൂപയാണ്‌. ക്ഷീരസംഘങ്ങളില്‍ നിന്നു കര്‍ഷകനു ലഭിക്കുന്നത്‌ 45-46 രൂപയും. കൂലിക്കാരനെ നിയോഗിച്ചാല്‍ ചെലവു പിന്നെയുമേറും. സമീപ മാസങ്ങളില്‍ വില ഉയര്‍ന്നില്ലെങ്കിലും കാലിത്തീറ്റ വിലയും സാധാരണ കര്‍ഷകനു താങ്ങാന്‍ കഴിയുന്നതല്ല. ഇന്‍സെന്റീവ്‌ 40000 രൂപയാക്കി നിജപ്പെടുത്തിയിരിക്കുന്നതും തിരിച്ചടിയാകുന്നതായി കര്‍ഷകര്‍ പറയുന്നു.
തൊഴിലാളിക്ഷാമവും കൂലി വര്‍ധനയും തിരിച്ചടിയായി. ഫാമുകളില്‍ അന്യസംസ്‌ഥാന തൊഴിലാളികളാണ്‌ ഏറെയും പണിയെടുത്തിരുന്നത്‌. ഇവരുടെ കൂലി വര്‍ധനയും പണി അറിയാവുന്ന തൊഴിലാളികളുടെ അഭാവവും ചെറുകിട കര്‍ഷകര്‍ക്കും ഫാമുകള്‍ക്കും തിരിച്ചടിയാകുകയാണ്‌.
മരുന്നിന്റെ ക്ഷാമവും രോഗനിര്‍ണയം വൈകുന്നതും ക്ഷീര മേഖലയെ തളര്‍ത്തുന്നുണ്ട്‌. തൈലേറിയ പോലുള്ള രോഗങ്ങള്‍ ബാധിച്ചാല്‍ രക്‌ത പരിശോധനയ്‌ക്കു ജില്ലാ വെറ്ററിനറി ആശുപത്രിയില്‍ മാത്രമാണു സൗകര്യം. ഇതിനായി സര്‍ക്കാര്‍ സ്വകാര്യ മേഖലയെ ആശ്രയിക്കുമ്പോള്‍ 600- 700 രൂപ ചെലവു വരുകയും രണ്ടും മൂന്നും ദിവസം കാത്തിരിക്കേണ്ടിയും വരുന്നു. രോഗം സ്‌ഥിരീകരിച്ച്‌ ഡോക്‌ടറുടെ അടുത്തെത്തുമ്പോഴേയ്‌ക്കും രോഗം മൂര്‍ഛിക്കുകയും ചെയ്യും. എല്ലാ മൃഗാശുപത്രികളിലും രക്‌തനിര്‍ണയ പരിശോധനാ സൗകര്യവും മരുന്നു ലഭ്യതയും ഉറപ്പാക്കണമെന്നും കര്‍ഷര്‍ പറയുന്നു.

Ads by Google
Advertisement
Thursday 22 Jan 2026 10.54 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW