Wednesday, March 11, 2026 Last Updated 42 Min 43 Sec ago English Edition
Todays E paper
Ads by Google
Thursday 22 Jan 2026 10.54 AM

ശബരി വിമാനത്താവളം പാലാ സബ്‌കോടതി വിധി തടസമാവില്ല: സെബാസ്‌റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ.

പൂഞ്ഞാര്‍: എരുമേലിയില്‍ സ്‌ഥാപിക്കുന്ന ശബരി ഗ്രീന്‍ഫീല്‍ഡ്‌ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു ചെറുവള്ളി എസേ്‌റ്ററ്റിന്റെ ഉടമസ്‌ഥാവകാശം സംബന്ധിച്ചു പാലാ സബ്‌ കോടതി പുറപ്പെടുവിച്ച വിധി തടസമാവില്ലെന്നു സെബാസ്‌റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ. വിധി അനുകൂലമായിരുന്നുവെങ്കില്‍ ഭൂമി എയര്‍പോര്‍ട്ട്‌ നിര്‍മാണത്തിനു വേണ്ടി ട്രാന്‍സ്‌ഫര്‍ ചെയ്‌തു പദ്ധതിയുമായി മുന്നോട്ടു പോകുവാന്‍ കഴിയുമായിരുന്നു.
വിധി എതിരായ സാഹചര്യത്തില്‍ ഇനി നിലവില്‍ നടന്നുവന്നിരുന്ന ഭൂമി ഏറ്റെടുക്കല്‍ നടപടികളിലൂടെ ഭൂമി സര്‍ക്കാരിലേക്കു നിക്ഷിപ്‌തമാക്കേണ്ടി വരും. ലാന്‍ഡ്‌ അക്വസിഷന്‍ റീഹാബിലിറ്റേഷന്‍ ആന്‍ഡ്‌ റീസെറ്റില്‍മെന്റ്‌ ആക്‌ട് 2013 പ്രകാരം ഏതു ഭൂമിയും വികസന ആവശ്യത്തിനുവേണ്ടി സര്‍ക്കാരിന്‌ ഏറ്റെടുക്കാന്‍ കഴിയും. ഇതു സംബന്ധിച്ചു തുടര്‍നടപടികള്‍ സ്വീകരിക്കണമെന്ന്‌ അഭ്യര്‍ഥിച്ചു മുഖ്യമന്ത്രി പിണറായി വിജയനു കത്തു നല്‍കിയതായും എം.എല്‍.എ പറഞ്ഞു.
നിയമത്തിലെ വ്യവസ്‌ഥകള്‍ പ്രകാരം ഭൂമി ഏറ്റെടുക്കുന്നതിനു സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ മുന്നോട്ടു കൊണ്ടുപോയി ഭൂമി ഏറ്റെടുത്ത്‌ വിമാനത്താവളം യാഥാര്‍ഥ്യമാക്കും. ചെറുവള്ളി എസേ്‌റ്ററ്റിന്റെ ഉടമസ്‌ഥാവകാശം സംബന്ധിച്ചു പാലാ സബ്‌ കോടതിയില്‍ നിന്ന്‌ ഉണ്ടായിരിക്കുന്ന വിധി എല്ലാ വസ്‌തുതകളും പരിഗണിക്കാതെ ഉള്ളതാണ്‌.
അയന ചാരിറ്റബിള്‍ ട്രസ്‌റ്റിന്റെയും, അവരുടെ പിന്‍ഗാമികളുടെയും ദീര്‍ഘകാലത്തെ കൈവശാവകാശം മാത്രം അടിസ്‌ഥാനപ്പെടുത്തി നിയമസാധുത കണക്കാക്കിയാണ്‌ അവര്‍ക്ക്‌ അനുകൂലമായ വിധി പുറപ്പെടുവിച്ചിട്ടുള്ളത്‌.
പാലാ സബ്‌ കോടതി വിധിക്കെതിരെ അടിയന്തരമായി അപ്പില്‍ സമര്‍പ്പിക്കുന്നതിനു സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്‌. കൂടാതെ സ്‌ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ടു ലാന്‍ഡ്‌ അക്വസിഷന്‍ ആക്‌ട് സെക്ഷന്‍ 11(1) പ്രകാരം പുറപ്പെടുവിച്ചിരുന്ന വിജ്‌ഞാപനം ഹൈക്കോടതി സിംഗിള്‍ ബെഞ്ച്‌ റദ്ദാക്കിയതിനെതിരെ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ സമര്‍പ്പിച്ചു കഴിഞ്ഞു.
അധികം ഭൂമി ഏറ്റെടുക്കുന്നതിന്റെ ആവശ്യകത വിശദീകരിച്ചിട്ടില്ല എന്ന കാരണം പറഞ്ഞാണു ഹൈക്കോടതി വിജ്‌ഞാപനം റദ്ദാക്കിയത്‌. ഹൈക്കോടതി ചൂണ്ടിക്കാണിച്ച ന്യൂനത പരിഹരിച്ച്‌ വിജ്‌ഞാപനം പുനപുറപ്പെടുവിക്കുന്നതും സര്‍ക്കാരിന്റെ പരിഗണനയിലാണ്‌.
എല്ലാ തടസങ്ങളും പരിഹരിച്ചു വിമാനത്താവള പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോകും. ഗവര്‍ണര്‍ നിയമസഭയില്‍ നടത്തിയ നയ പ്രഖ്യാപന പ്രസംഗത്തിലും എരുമേലി വിമാനത്താവളം യാഥാര്‍ഥ്യമാക്കുമെന്നും 2030 ഓടുകൂടി നാടിനു സമര്‍പ്പിക്കും എന്നും നയ പ്രഖ്യാപന രേഖയില്‍ പറഞ്ഞിട്ടുണ്ടെന്നും എന്നും എം.എല്‍.എ ചൂണ്ടിക്കാണിച്ചു.

Ads by Google
Advertisement
Thursday 22 Jan 2026 10.54 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW