Saturday, March 14, 2026 Last Updated 40 Min 26 Sec ago English Edition
Todays E paper
Ads by Google
Thursday 22 Jan 2026 10.37 AM

സിനിമാ ലൊക്കേഷനുകള്‍ മാലിന്യക്കൂമ്പാരം; മലങ്കര ജലാശയം ഭീഷണിയില്‍

uploads/news/2026/01/822034/3.jpg

തൊടുപുഴ: സിനിമാ ചിത്രീകരണങ്ങളുടെ ഭാഗ്യലൊക്കേഷനായി അറിയപ്പെടുന്ന മലങ്കര ജലാശയവും പരിസരങ്ങളും വന്‍തോതിലുള്ള മാലിന്യഭീഷണിയില്‍. പച്ചപ്പ്‌ നിറഞ്ഞ മലനിരകളും ജലസമൃദ്ധിയുംകൊണ്ട്‌ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഇടുക്കി യിലെ ഈ പ്രകൃതിരമണീയ പ്രദേശം, സിനിമാ ചിത്രീകരണത്തിനുശേഷം ഉപേക്ഷിച്ച മാലിന്യങ്ങള്‍ കാരണം നശിക്കുകയാണ്‌.
മലയാളം, തമിഴ്‌, കന്നട തുടങ്ങി വിവിധ ഭാഷകളിലെ നൂറുകണക്കിന്‌ സിനിമകള്‍ക്ക്‌ പശ്‌ചാത്തലമായ ഇവിടെ കഴിഞ്ഞ ഏതാനും മാസങ്ങളായി നടന്ന ചിത്രീകരണങ്ങളുടെ അവശിഷ്‌ടങ്ങളാണ്‌ പ്രധാനമായും കുന്നുകൂടിയിരിക്കുന്നത്‌. മൂവാറ്റുപുഴ വാലി ഇറിഗേഷന്‍ പ്ര?ജക്‌ടിന്‌ (എം.വി.ഐ.പി) കീഴിലുള്ള മലങ്കര ജലാശയം തൊടുപുഴ, മൂവാറ്റുപുഴ ഭാഗങ്ങളിലെ ലക്ഷക്കണക്കിന്‌ ആളുകളുടെ പ്രധാന കുടിവെള്ള സ്രോതസാണ്‌. എന്നാല്‍ ചിത്രീകരണത്തിന്‌ ഉപയോഗിച്ച ആസ്‌ബസേ്‌റ്റാസ്‌, സിമന്റ്‌, തെര്‍മോകോള്‍, ജിപ്‌സം, പ്ലാസ്‌റ്റിക്‌, ഇരുമ്പ്‌ തുടങ്ങിയ ടണ്‍ കണക്കിന്‌ മാലിന്യങ്ങളാണ്‌ തീരത്ത്‌ ഉപേക്ഷിക്കപ്പെട്ടിരിക്കുന്നത്‌. ഇതില്‍ ഒരു ഭാഗം നേരത്തെ കത്തിച്ചതായും പരാതിയുണ്ട്‌. ബാക്കിയുള്ള മാലിന്യങ്ങള്‍ ജലാശയത്തിലേക്ക്‌ ഒഴുകിപ്പരക്കുന്നത്‌ കുടിവെള്ള പദ്ധതികളെയും ബാധിക്കുമെന്ന ആശങ്കയിലാണ്‌ നാട്ടുകാര്‍.
സ്‌ഥലം പഞ്ചായത്തിന്റെ നേരിട്ടുള്ള ഉടമസ്‌ഥതയിലല്ലാത്തതിനാല്‍ ഇടപെടുന്നതിന്‌ പരിമിതിയുണ്ടെന്ന്‌ കുടയത്തൂര്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പുഷ്‌പ വിജയന്‍ പറഞ്ഞു. എങ്കിലും മാലിന്യം അടിയന്തരമായി നീക്കം ചെയ്യണമെന്ന്‌ ആവശ്യപ്പെട്ട്‌ എം.വി.ഐ.പിക്ക്‌ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അവര്‍ വ്യക്‌തമാക്കി.
സിനിമാ ചിത്രീകരണത്തിന്‌ ഭൂമി വിട്ടുനല്‍കുമ്പോള്‍ കൃത്യമായ നിബന്ധനകളോടെയുള്ള കരാറുകള്‍ ഉണ്ടാക്കാത്തതാണ്‌ ഇത്തരം പ്രതിസന്ധികള്‍ക്ക്‌ കാരണമെന്ന്‌ പൊതുപ്രവര്‍ത്തകര്‍ പറയുന്നു. മാലിന്യ സംസ്‌കരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപിതമായ നടപടി വേണമെന്നാണ്‌ പ്രദേശവാസികളുടെ ആവശ്യം. മാലിന്യക്കൂമ്പാരങ്ങള്‍ നീക്കി ജലാശയത്തിന്റെ സ്വാഭാവിക ഭംഗി നിലനിര്‍ത്താന്‍ അധികൃതര്‍ ഉടന്‍ ഇടപെട്ടില്ലെങ്കില്‍ ശക്‌തമായ പ്രതിഷേധത്തിനൊരുങ്ങുകയാണ്‌ ജനങ്ങള്‍.

Ads by Google
Advertisement
Thursday 22 Jan 2026 10.37 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW