-->
പനമരം: കൈതക്കലില്‍ കാട്ടാനയിറങ്ങി കൃഷിനശിപ്പിച്ചു. കൈതക്കല്‍ കടന്നോളി ഷംസുദ്ധീന്റെ കൃഷിയിടത്തിലാണ് കാട്ടാനയെത്തിയത്. ശനിയാഴ്‌ച പുലര്‍ച്ചെ എത്തി കാട്ടാന കുലച്ചതും കുലക്കാറായതുമായ 100 ഓളം വാഴകളും, 10 തെങ്ങിന്‍തൈകളും, 15 ഓളം കമുകുകളും നശിപ്പിച്ചു. കൂടാതെ കൃഷിയിടത്തിലേക്ക് വെള്ളം പമ്പ് ചെയ്യാനായി എത്തിച്ച പിവിസി പൈപ്പും ചവിട്ടിപൊട്ടിച്ചു. തോട്ടത്തില്‍ കാപ്പിയും കുരുമുളകും വിളവെടുക്കുന്നുണ്ട്.
തൊഴിലാളിക്ഷാമം പൊതുവെ രൂക്ഷമായ ഈ സമയത്ത് കാട്ടാനയെത്തിയത് വെല്ലുവിളി ഉയര്‍ത്തുന്നതായി ഷംസു പറഞ്ഞു. പാതിരി സൗത്ത് സെക്ഷനിലെ അമ്മാനി വനത്തില്‍ നിന്നുമാണ് എട്ടു കിലോമീറ്ററോളം മാറി കാട്ടാന കൈതക്കലിലേക്കെത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ നീര്‍വാരത്ത് വീട്ടുമുറ്റത്ത് ഉണക്കാനിട്ട 15 ക്വിന്റലോളം നെല്ലും തൊട്ടടുത്ത ദിവസം പാടത്ത് കൂട്ടിയിട്ട നെല്ലും കാട്ടാന തിന്നും ചവിട്ടിയും നശിപ്പിച്ചിരുന്നു. ഈ മൂന്ന് കാട്ടാനകള്‍ തന്നെയാണ് വനത്തില്‍ നിന്നും ഏറെ മാറിയുള്ള ജനവാസമേഖല കൂടിയായ കൈതക്കലിലും എത്തിയതെന്നാണ് വിവരം.
സ്‌ഥലത്തെത്തിയ വനപാലകര്‍ നഷ്‌ടപരിഹാരം നല്‍കാമെന്ന് ഉറപ്പു നല്‍കി. കൈതക്കലിലെ പ്രളയ ദുരിതാശ്വാസത്തിന്റെ ഭാഗമായി ഒരുക്കിയ ഉന്നതിയ്‌ക്ക് സമീപത്തൂടെ എത്തിയ കാട്ടാനകളാണ് വ്യാപക നാശം വിതച്ചത്. വനാതിര്‍ത്തിയിലെ ഫെന്‍സിങ്, കിടങ്ങ് തുടങ്ങി പ്രതിരോധമാര്‍ഗങ്ങളിലെ അപാകമാണ് കാട്ടാനകള്‍ കാടുവിട്ട് ഗ്രാമങ്ങളിലെത്താന്‍ ഇടയാക്കുന്നതെന്ന് കര്‍ഷകര്‍ പറയുന്നു.
നെല്ല് വിളവെടുപ്പ് കാലത്ത് കാട്ടാനഭീതി നലനില്‍ക്കുന്ന പ്രദേശങ്ങളില്‍ താത്‌കാലിക വാച്ചര്‍മാരെ നിയമിക്കണമെന്ന കളക്‌ടറുടെ ഉത്തരവ് ഉണ്ടായിട്ടും, വാച്ചര്‍മാരെ നിയമിക്കാത്തത് പ്രതിസന്ധി സൃഷ്‌ടിക്കുന്നതായും കര്‍ഷകര്‍ പറയുന്നു.