Friday, March 13, 2026 Last Updated 34 Min 39 Sec ago English Edition
Todays E paper
Ads by Google
Wednesday 21 Jan 2026 10.45 AM

കരുതലുണ്ടെങ്കിലും കാര്യമില്ല, കള്ളന്മാര്‍ കവരും

uploads/news/2026/01/821864/1.jpg

കോട്ടയം: കരുതല്‍ എത്രയുണ്ടെങ്കിലും കവര്‍ച്ചക്കാര്‍ കടക്കും. സുരക്ഷിത മേഖലയെന്നു കരുതിയിരുന്ന പുതുപ്പള്ളി റബര്‍ ഗവേഷണ കേന്ദ്രത്തിലെ മോഷണം നല്‍കുന്ന പാഠമിതാണ്‌. വീട്‌ അടച്ചു പുറത്തുപോകാന്‍ പോലും ഭയക്കേണ്ട അവസ്‌ഥയാണ്‌. എപ്പോഴും സജീവമായ മേഖലയില്‍ അഞ്ചിടങ്ങളിലായി നടന്ന മോഷണത്തില്‍ 73 പവനാണു കവര്‍ച്ച ചെയ്യപ്പെട്ടത്‌.
സ്വര്‍ണത്തിന്റെ വില കുതിച്ചതിനു പിന്നാലെ ജില്ലയില്‍ മോഷണങ്ങളും വര്‍ധിച്ചിരുന്നു.ആരാധനാലയങ്ങളും, വീടുകളും കേന്ദ്രീകരിച്ചാണു മോഷണം വ്യാപകമാകുന്നത്‌. പുതുവര്‍ഷാരംഭത്തില്‍, ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള മോഷണമായിരുന്നെങ്കില്‍ സ്വര്‍ണ്ണത്തിനു ലക്ഷം വില കടന്നതോടെ, വീടുകള്‍ കേന്ദ്രീകരിച്ചുള്ള മോഷണവും വ്യാപകമായി. ആഴ്‌ചകള്‍ക്കു മുന്‍പാണ്‌ അതിരമ്പുഴയിലെ ക്ഷേത്രത്തിലെ ശ്രീകോവില്‍ തകര്‍ത്തു മോഷണം നടന്നത്‌.
അതിരമ്പുഴ കുറ്റിക്കാട്ട്‌ കൊട്ടാരം ഭഗവതി ക്ഷേത്രം, രാമപുരം, അയര്‍ക്കുന്നം, വൈക്കം തെക്കേനട കണ്ണന്‍കുളങ്ങര ശാസ്‌ത ക്ഷേത്രം കാളിയമ്മ നട ദേവി ക്ഷേത്രം തുടങ്ങിയിടങ്ങളില്‍ മോഷണം നടന്നിരുന്നു. മാങ്ങാനത്തെ വില്ലയില്‍ നടന്ന വന്‍ കവര്‍ച്ചയിലെ പ്രതികളെ സമീപ നാളുകളില്‍ പിടികൂടിയതിനു പിന്നാലെയാണ്‌ ഇപ്പോള്‍ വീണ്ടും മോഷണം നടന്നിരിക്കുന്നത്‌. അന്യസംസ്‌ഥാന തൊഴിലാളികളാണ്‌ ആരാധനാലയങ്ങളിലെയും ട്രെയിനുകളിലെയും മോഷണങ്ങള്‍ക്കു പിന്നില്‍. വിവിധ കേസുകളില്‍ മോഷ്‌ടാക്കളെ പിടികൂടുന്നുണ്ടെങ്കിലും മോഷണങ്ങള്‍ക്കു കുറവുണ്ടാകുന്നില്ല. മോഷണ കേസില്‍ ജാമ്യത്തിലിറങ്ങുന്നവരും നിരവധിയാണ്‌.
കഴിഞ്ഞ വര്‍ഷാവസാനത്തിലായിരുന്നു കുറിച്ചിയില്‍ വീട്ടില്‍ അതിക്രമിച്ചു കയറി വയോധികയുടെ വള മുറിച്ചെടുത്തത്‌. ഇതിന്‌ പിന്നാലെയാണ്‌ അയര്‍ക്കുന്നത്ത്‌ ആളില്ലാതിരുന്ന വീട്ടില്‍ നിന്നും 12 പവനും പണവും നഷ്‌ടമായത്‌.
ആരാധനാലയങ്ങള്‍, അടഞ്ഞുകിടക്കുന്ന വീടുകളിലാണു കൂടുതല്‍ മോഷണം നടക്കുന്നത്‌.
റെയില്‍വേ സ്‌റ്റേഷന്‍, ട്രെയിന്‍ എന്നിവിടങ്ങളിലും മോഷണം വ്യാപകമാകുന്നുണ്ട്‌. പുലര്‍ച്ചെ രണ്ടിനും നാലിനും ഇടയിലുള്ള സമയത്താണ്‌ മോഷണം ഏറെയും. സി.സി.ടി.വികള്‍ ഇല്ലാത്ത പ്രദേശം നോക്കിയും മോഷണം വ്യാപകമാകുന്നുണ്ട്‌

Ads by Google
Advertisement
Wednesday 21 Jan 2026 10.45 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW