Wednesday, March 11, 2026 Last Updated 35 Min 18 Sec ago English Edition
Todays E paper
Ads by Google
Wednesday 21 Jan 2026 10.45 AM

വൈക്കം ക്ഷേത്രത്തില്‍ പത്തായപ്പുരയുടെ മേല്‍ക്കൂരയിലെ അറ്റകുറ്റപ്പണി തുടങ്ങി

വൈക്കം: യാത്രക്കാരുടെ ജീവന്‌ ഭീഷണിയായി വൈക്കം മഹാദേവ ക്ഷേത്രത്തിലെ പത്തായപ്പുരയുടെ മേല്‍ക്കുരയിലെ അടര്‍ന്നു വീഴാറായ ഭാഗം നന്നാക്കാന്‍ ഒടുവില്‍ തീരുമാനമായി. മേല്‍ക്കുരയിലെ ഇളകിയ ഭാഗം മാറ്റി തടി കൊണ്ട്‌ കഴുക്കോലും പട്ടികയും വെച്ച്‌ ഓട്‌ പാകുന്ന രീതിയാണ്‌ നടന്നുവരുന്നത്‌.
തിരുവിതാംകൂര്‍ മഹാരാജാവിന്റ ഭരണകാലത്ത്‌ നിര്‍മിച്ചതാണ്‌ ക്ഷേത്രത്തിലെ പത്തായപ്പുര. കുംഭാഷ്‌ടമി നാളില്‍ വൈക്കത്തപ്പനും പുത്രനായ ഉദയനാപുരത്തപ്പനും എഴുന്നള്ളുമ്പോള്‍ ഭക്‌തര്‍ ആദരപൂര്‍വം സമര്‍പ്പിക്കുന്ന നിറപറ യുടെ നെല്ലുകള്‍ സൂക്ഷിക്കുന്നത്‌ പത്തായപ്പുരയിലായിരുന്നു. ഒരു കാലത്ത്‌ വഴിപാടായി ലഭിക്കുന്ന ഈ നെല്ല്‌ ഒരുക്കിയെടുത്താണ്‌ ക്ഷേത്രത്തിലെ ദൈനംദിന കാര്യങ്ങള്‍ക്ക്‌ ഉപയോഗിച്ചിരുന്നത്‌. ക്ഷേത്രത്തിന്റെ തെക്കുപടിഞ്ഞാറ്‌ ഭാഗത്തായി കാണുന്ന പത്തായപ്പുരയുടെ കഴുക്കോലുകളും പട്ടികകളും ഒടിഞ്ഞു ഓടുകള്‍ നിലത്തുവീഴാന്‍ തുടങ്ങിയിട്ട്‌ നാളേറെയായി. ക്ഷേത്രമതിലിനോട്‌ ചേര്‍ന്ന പത്തായപ്പുരയുടെ സമീപത്താണ്‌ നഗരത്തിലെതിരക്കേറിയ തെക്കേനട-പടിഞ്ഞാറെനട റോഡ്‌ കടന്നുപോകുന്നത്‌. തെക്കേനടയില്‍ നിന്നും പടിഞ്ഞാറെനടയിലേക്കുള്ള വളവും വണ്‍ വേ സംവിധാനം നിലവിലുള്ളതുമായ ഇവിടെ ഇരുഭാഗത്ത്‌ നിന്നും വരുന്ന വാഹനങ്ങള്‍ വരുമ്പോള്‍ സൈഡ്‌ കൊടുക്കുന്ന വലിയ വാഹനങ്ങളുടെ മുകള്‍ ഭാഗം തട്ടിയാണ്‌ മേല്‍ക്കുരക്ക്‌ കേടുപാടുകള്‍ ഉണ്ടായത്‌. തൂങ്ങി നില്‍ക്കുന്ന കഴുക്കോലുകളും പട്ടികകളും ഓടുകളും ഏതു നിമിഷവും വീഴാവുന്ന രീതിയിലായിരുന്നു. ടോറസും കണ്ടയ്‌നറും ഉള്‍പ്പടെയുള്ള നിരവധി വാഹനങ്ങള്‍ ഈ ഭാഗത്തുകൂടി കടന്നുപോകുമ്പോള്‍ ഇരുചക്ര വാഹന യാത്രക്കാര്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ഒരുപോലെ ഭീഷണി ഉയര്‍ത്തിയിരുന്നു. വലിയ വാഹനങ്ങള്‍ കടന്നുവരുമ്പോള്‍ മേല്‍ക്കുരയില്‍ തട്ടി വീണ്ടും കേടുപാടുകള്‍ ഉണ്ടാകുവാനുള്ള സാധ്യത കാണുന്നതിനാല്‍ മുന്‍കരുതലോടെ വേണം പണി പൂര്‍ത്തിയാക്കുവാനെന്ന നിര്‍ദേശവുമുണ്ട്‌. ഈ ഭാഗത്തെ വ്യാപാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ അഷ്‌ടമിക്ക്‌ മുന്‍പായി ദേവസ്വം അധികാരികളെ വിവരം അറിയിച്ചെങ്കിലും നടപടിയെടുത്തിരുന്നില്ല.
ദളവാക്കുളം ബസ്‌ സ്‌റ്റാന്റ്‌ വഴി വരുന്ന കോട്ടയം, എറണാകുളം ഭാഗങ്ങളില്‍നിന്നും വരുന്ന കെ.എസ്‌.ആര്‍.ടി.സി-സ്വകാര്യ ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളും ആലപ്പുഴ, ചേര്‍ത്തല ഭാഗത്തു നിന്നും വരുന്ന വാഹനങ്ങളും പലപ്പോഴും ഈ ഭാഗത്ത്‌ ഗതാഗതക്കുരുക്കും ഉണ്ടാക്കുന്നുണ്ട്‌. ഇത്‌ പരിഹരിക്കാന്‍ നടപടി വേണമെന്ന ആവശ്യവും ഉയരുന്നു.

Ads by Google
Advertisement
Wednesday 21 Jan 2026 10.45 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW