-->
കോട്ടയം: കുറ്റാരോപണ നോട്ടീസിനു പിന്നാലെ നഗരസഭയിലെ കടമുറി വാടക കുടിശികയില്‍ നടപടി തുടങ്ങി നഗരസഭാ സെക്രട്ടറി. വാടക കുടിശികയുള്ള വാടകക്കാര്‍ക്ക് കടമുറികള്‍ വീണ്ടും പുതുക്കി നല്‍കിയത് ചൂണ്ടിക്കാട്ടി നിലവിലെ മുനിസിപ്പല്‍ സെക്രട്ടറി ബി. അനില്‍കുമാറിനു തദ്ദേശവകുപ്പ് ജോയന്റ് സെക്രട്ടറി കുറ്റാരോപണ മെമ്മോ നല്‍കിയിരുന്നു.
നഗരസഭയുടെ വിവിധ ഭാഗങ്ങളിലായി 72 കടകളാണ് വാടക കുടിശിക വരുത്തിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം വരെ 1.01കോടി രൂപ കുടിശിക പിരിച്ചെടുക്കാനുണ്ട്. കട വാടകക്കെടുത്തവര്‍ക്ക് നോട്ടീസ് അയച്ചു. എട്ടു കടകള്‍ പൂട്ടിച്ചു. ചിലര്‍ സാവകാശം ചോദിച്ചിട്ടുണ്ട്. ഉദ്യോഗസ്‌ഥര്‍ക്കു ബാധ്യത വരുന്നതിനാല്‍ സാവകാശം നല്‍കേണ്ടതില്ലെന്നാണ് തീരുമാനം. ആറുമാസത്തില്‍ കൂടുതല്‍ കുടിശ്ശിക വരുത്തിയവര്‍ക്കു സാവകാശം നല്‍കില്ലെന്നും സെക്രട്ടറി പറഞ്ഞു. കുടിശിക അടക്കാന്‍ കഴിയാത്തതിനാല്‍ ചിലര്‍ കടകള്‍ തിരിച്ചുനല്‍കി. ഭൂരിഭാഗം കടകളും വാടകക്കെടുത്തവരുടെ കൈകളിലല്ല. പലതും കൈമറിഞ്ഞു.അനില്‍കുമാറിനു പുറമെ മുന്‍സെക്രട്ടറിമാരായ മുഹമ്മദ് ഷാഫി, എസ്. ബിജു, ഇ.ടി. സുരേഷ്‌കുമാര്‍, ഡി. ജയകുമാര്‍ എന്നിവര്‍ക്കും കുറ്റാരോപണ മെമ്മോ ലഭിച്ചിരുന്നു.
രശീത് ബുക്കുകള്‍ സ്വകാര്യപ്രസില്‍ അടിച്ച വകയില്‍ നഗരസഭക്ക് 10.68 കോടി രൂപയുടെ നഷ്‌ടം വരുത്തിയെന്നാണ് എസ്. ബിജു, ഡി. ജയകുമാര്‍ എന്നിവര്‍ക്കെതിരായ നോട്ടീസില്‍ പറയുന്നത്. മുനിസിപ്പാലിറ്റികളുടെ അച്ചടി ജോലികള്‍ ചെയ്യേണ്ടത് ഗ്രാമലക്ഷ്‌മി പ്രസിലാണ്. എന്നാല്‍ 12,000 എണ്ണം രശീതുകള്‍ വടക്കന്‍ പറവൂരിലെ സ്വകാര്യപ്രസില്‍ അച്ചടിച്ചതായാണു കണ്ടെത്തിയത്.