-->
കുമളി: ലോവര്‍ ക്യാമ്പിനും കുമളിക്കും ഇടയില്‍ ഓടിക്കൊണ്ടിരുന്ന വിനോദ സഞ്ചാരികളുടെ ട്രാവലര്‍ വാഹനം കത്തിനശിച്ചു.
തമിഴ്‌നാട് അതിര്‍ത്തിയിലെ അരി ചെക്ക് പോസ്‌റ്റിന് സമീപം ഇന്നലെ ഉച്ചയ്‌ക്ക് ഒന്നോടെയാണ് സംഭവം. മധുരയില്‍ നിന്ന് തേക്കടിയിലേക്ക് വിനോദ സഞ്ചാരികളുമായി എത്തിയ ടെമ്പോ ട്രാവലറാണ് പൂര്‍ണമായും കത്തിനശിച്ചത്. വണ്ടിയില്‍ ഉണ്ടായിരുന്ന 13 പേരും പരുക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
എട്ട് പുരുഷന്മാരും നാല് സ്‌ത്രീകളും ഡ്രൈവറും അടക്കം 13 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. യാത്രയ്‌ക്കിടെ വാഹനത്തിന്റെ മുന്‍ഭാഗത്ത് നിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ ഉടന്‍ വാഹനം പാതയോരത്തേക്ക് ഒതുക്കി നിര്‍ത്തുകയായിരുന്നു. പുക കണ്ട ഉടന്‍ യാത്രക്കാര്‍ എല്ലാവരും വാഹനത്തില്‍ നിന്നും പുറത്തേക്ക് ഇറങ്ങി ഓടിയതിനാല്‍ ജീവാപായം ഒഴിവായി. യാത്രക്കാര്‍ പുറത്തിറങ്ങിയതിന് പിന്നാലെ വാഹനം പൂര്‍ണമായും കത്തി നശിച്ചു. അതുവഴി വാഹനത്തില്‍ വരികയായിരുന്ന തേക്കടി ഡിവിഷന്‍ ബ്ലോക്ക് പഞ്ചായത്ത് മെംമ്പര്‍ ഷമീനയും ഭര്‍ത്താവും വിവരം തമിഴ്‌നാട് പോലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി.
ഏറെ നേരം പരിശ്രമിച്ചാണ് തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കിയത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തെ തുടര്‍ന്ന് അതിര്‍ത്തി മേഖലയില്‍ അല്‍പ്പനേരം ഗതാഗത തടസം അനുഭവപ്പെട്ടു. ഗൂഡല്ലൂര്‍ പോലീസ് സ്‌ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.