Saturday, March 14, 2026 Last Updated 10 Min 52 Sec ago English Edition
Todays E paper
Ads by Google
Wednesday 21 Jan 2026 10.44 AM

കോട്ടപ്പാറയില്‍ പ്രവേശനം നിരോധിച്ച്‌ വനംവകുപ്പ്‌

uploads/news/2026/01/821854/4.jpg

വണ്ണപ്പുറം: ദിവസേനെ നൂറുകണക്കിന്‌ സഞ്ചാരികളെത്തി കാഴ്‌ചകള്‍ കണ്ടുമടങ്ങുന്ന കോട്ടപ്പാറയില്‍ വനംവകുപ്പിന്റെ പ്രവേശന വിലക്ക്‌.
ഇവിടേയ്‌ക്കുള്ള പ്രവേശനം നിരോധിച്ചതായി അറിയിച്ച്‌ വനംവകുപ്പ്‌ ബോര്‍ഡും സ്‌ഥാപിച്ചു.
ഒരു നാടിന്റെ വികസനത്തിന്‌ തടയിടുന്ന രീതിയിലാണ്‌ വനംവകുപ്പിന്റെ നടപടിയെന്ന്‌ പ്രദേശവാസികള്‍ ആരോപിച്ചു. ഒരുഭാഗത്ത്‌ കാട്ടുമൃഗങ്ങളുടെ ശല്യംമൂലം കൃഷി ചെയ്‌ത് ഉപജീവനം നടത്താന്‍ ജനങ്ങള്‍ ബുദ്ധിമുട്ടുന്ന അവസ്‌ഥയിലും ഇതിന്‌ തടയിടാന്‍ യാതൊന്നും ചെയ്യാത്ത വനംവകുപ്പാണ്‌ നാട്ടിലെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ ഒന്നൊന്നായി അടച്ചുപൂട്ടുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു. വിനോദസഞ്ചാര കേന്ദ്രം അടച്ചുപൂട്ടുന്നതിന്‌ മുമ്പ്‌ സ്‌ഥലത്തെ ജനപ്രതിനിധികളോട്‌ ആലോചി ച്ചില്ലെന്നും ആരോപണമുണ്ട്‌.
നൂറുകണക്കിന്‌ സഞ്ചാരികള്‍ എത്തിയിരുന്ന മീനുളിയാന്‍പാറ അടച്ചു പൂട്ടിയിട്ട്‌ നാലു വര്‍ഷം കഴിഞ്ഞു. ഇതുവരെ തുറന്നു കൊടുത്തിട്ടില്ല. കാറ്റാടിക്കടവില്‍ പ്രവേശന നിരോധനഫലകം സ്‌ഥാപിച്ചിട്ട്‌ മൂന്നു വര്‍ഷമാകുന്നു. ഇതിന്‌ പുറമേയാണ്‌ ഇപ്പോള്‍ കോട്ടപ്പാറയിലും പ്രവേശന നിരോധന ഫലകം വച്ചത്‌. വന നിയമത്തിന്റ പഴുതു പറഞ്ഞാണ്‌ അനാവശ്യ കടന്നു കയറ്റമെന്നാണ്‌ ആക്ഷേപം. പ്രദേശത്തെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വനംവകുപ്പിന്റ കീഴില്‍ നിന്ന്‌ മാറ്റി ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ പ്രത്യേക ബോര്‍ഡിന്റ കീഴിലാക്കണമെന്ന ആവശ്യം ഉയരാന്‍ തുടങ്ങിയിട്ട്‌ വര്‍ഷങ്ങളായി. എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ യാതൊരു നടപടിയും ഇതുവരെ എടുത്തിട്ടില്ലെന്ന്‌ പൊതുപ്രവര്‍ത്തകര്‍ പറയുന്നു. ഇടയ്‌ക്ക് ഇക്കാര്യം പരിഗണിക്കുന്നതിന്‌ അധികൃതരുടെ ഭാഗത്തു നിന്നും നീക്കം ഉണ്ടായെങ്കിലും തുടര്‍നടപടികള്‍ മുന്നോട്ടു പോയിട്ടില്ല. പഞ്ചായത്ത്‌, വിനോദസഞ്ചര വകുപ്പ്‌, ജനപ്രതിനിധികള്‍, സ്വകാര്യ സംരംഭകര്‍ എന്നിവരടങ്ങുന്ന കോര്‍പറേഷനോ ബോര്‍ഡോ രൂപീകരിച്ച്‌ ഇക്കോടൂറിസം കേന്ദ്രങ്ങള്‍ ഇതിന്റ കീഴിലാക്കണമെന്നതാണ്‌ ആവശ്യം. ഇതിനുവേണ്ട പ്രാഥമിക പഠനവും രൂപരേഖയും തയാറാക്കാന്‍ പോലും അധികൃതര്‍ തയാറായിട്ടില്ലെന്ന്‌ പ്രദേശവാസികള്‍ പറയുന്നു.
വനം വകുപ്പിന്റെ നടപടിയില്‍ പ്രതിഷേധമുണ്ടെന്ന്‌ വണ്ണപ്പുറം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോസഫ്‌ അറയ്‌ക്കത്തോട്ടം പറഞ്ഞു.

Ads by Google
Advertisement
Wednesday 21 Jan 2026 10.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW