-->
ചെറുതോണി: ജില്ലാ ആസ്‌ഥാനത്തും സമീപ പ്രദേശങ്ങളിലും ചില മത്സ്യ വ്യാപാര സ്‌ഥാപനങ്ങളില്‍ മാസങ്ങള്‍ പഴകിയ മത്സ്യങ്ങള്‍ വില്‍പ്പന നടത്തുന്നതായി പരാതി. പഴകിയ മത്സ്യം വാങ്ങിക്കഴിച്ച് നിരവധിയാളുകള്‍ക്ക് വയറില്‍ അണുബാധയും വയറിളക്കവും പിടിപെടുന്നു. വൃത്തിഹീനമായി പ്രവര്‍ത്തിക്കുകയും പഴകിയ ഭക്ഷണം വിളമ്പുകയും ചെയ്യുന്ന ഹോട്ടലുകളുടെ എണ്ണവും വര്‍ധിച്ചു.
ഹോട്ടലുകളിലും ഭക്ഷ്യോല്‍പന്ന വിപണന കേന്ദ്രങ്ങളിലും ജോലി ചെയ്യുന്നവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണ്. ഇത് സമയാസമയങ്ങളില്‍ പുതുക്കുകയും വേണം. ആരോഗ്യ വകുപ്പ് പരിശോധന നിര്‍ത്തിയതോടെ ഹെല്‍ത്ത് കാര്‍ഡുള്ള ജീവനക്കാര്‍ ഹോട്ടലുകളിലൊന്നും തന്നെ ഇല്ല. ഇത്തരത്തില്‍ വൃത്തിഹീനമായി പ്രവര്‍ത്തിക്കുകയും പഴകിയ ഭക്ഷണം വില്‍ക്കുകയും ചെയ്യുന്ന പല ഹോട്ടലുകളും മത്സ്യ മാംസ വിതരണ സ്‌ഥാപനങ്ങളും ഉദ്യോഗസ്‌ഥര്‍ക്ക് പടി നല്‍കി സ്വാധീനിക്കുന്നതു മൂലമാണ് ആരോഗ്യ വകുപ്പ് പരിശോധന നിര്‍ത്തിയതെന്ന് ജനങ്ങള്‍ പറയുന്നു.
ഗുണനിലവാരമില്ലാത്ത പഴകിയ എണ്ണ ഉപയോഗിച്ചാണ് ഏറിയ പങ്ക് ഹോട്ടലുകളിലും പാചകം നടത്തുന്നത്. ചെറുതോണി, തങ്കമണി, തോപ്രാംകുടി, കരിമ്പന്‍, തടിയമ്പാട്, കഞ്ഞിക്കുഴി, മുരിക്കാശേരി തുടങ്ങിയ നിരവധി പ്രദേശങ്ങളില്‍ ഇത്തരത്തില്‍ പഴകിയ മത്സ്യ മാംസാദികളും, ഭക്ഷണവും വില്‍ക്കുന്നുണ്ടെന്നും ജനങ്ങള്‍ പറയുന്നു. കഴിഞ്ഞ ഞായറാഴ്‌ച തങ്കമണി ജങ്‌ഷനില്‍ പ്രവര്‍ത്തിക്കുന്ന കടയില്‍ നിന്നും മത്സ്യം വാങ്ങിക്കഴിച്ച ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റു. കടയുടമക്കെതിരെ ഇവര്‍ പോലീസില്‍ പരാതി നല്‍കി. അമോണിയം, ഫോര്‍മാലിന്‍ തുടങ്ങിയവ ഉപയോഗിച്ചാണ് മത്സ്യം കേടാകാതെ സൂക്ഷിക്കുന്നത്. പിടിക്കപ്പെടാതിരിക്കാന്‍ ഐസ് ക്യൂബുകളില്‍ ഇവ ഉള്‍ക്കൊള്ളിക്കുകയാണ് പതിവ്.
ഇത്തരം പ്രവൃത്തികള്‍ വ്യാപകമാകുമ്പോള്‍ സുരക്ഷയൊരുക്കേണ്ടവര്‍ കോഴ വാങ്ങി നിസംഗത തുടരുകയാണെന്നാണ് ജനം പറയുന്നത്. മത്സ്യ, മാംസ വ്യാപാര കേന്ദ്രങ്ങളിലും ഹോട്ടലുകളിലും പരിശോധന കര്‍ശനമാക്കിയില്ലെങ്കില്‍ ഹ്യൂമന്‍ റൈറ്റ് ഫൗണ്ടേഷന്‍സ് ചെയര്‍മാന്‍ ഡോ. പി.സി അച്ചന്‍കുഞ്ഞുമായി ആലോചിച്ച് ആരോഗ്യ വകുപ്പ് ജില്ലാ അധികാരികള്‍ക്കെതിരെ മനുഷ്യാവകാശ കമ്മീഷനും മുഖ്യമന്ത്രി, ആരോഗ്യ വകുപ്പ് മന്ത്രി എന്നിവര്‍ക്കും പരാതി നല്‍കുമെന്ന് ഹ്യൂമന്‍ റൈറ്റ് ഫൗണ്ടേഷന്‍ ഇടുക്കി താലൂക്ക് സെക്രട്ടറി കെ.എസ് മധു, കമ്മിറ്റിയംഗങ്ങളായ ഷാജന്‍ ഫിലിപ്പ്, രാജു ഉപ്പുതോട് എന്നിവര്‍ പറഞ്ഞു.