-->
ഉപ്പുതറ: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സമഗ്ര പരിശോധന നടത്തുവാനുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ ഉത്തരവിനെ മുല്ലപ്പെരിയാര്‍ സമരസമിതി സ്വാഗതം ചെയ്‌തു.
ഉത്തരവിനെ സംസ്‌ഥാന ഗവണ്‍മെന്റും വകുപ്പു മന്ത്രിയും ഗൗരവമായി കാണണം. കേന്ദ്രജല കമ്മിഷന്റെ മുന്‍ ചെയര്‍മാനെയാണ് കേരളത്തിന്റെ പ്രതിനിധിയായി നിയോഗിക്കുന്നതെന്നുള്ള വാര്‍ത്തകള്‍ വരുമ്പോഴും കേരള ജനതയുടെ പക്ഷത്തു നിന്നുകൊണ്ട് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നിലപാട് സ്വീകരിച്ച ജെയിംസ് വില്‍സനെ പോലുള്ളവരെ സമിതിയില്‍ അംഗമാക്കണമെന്നുള്ളത് തിരിച്ചറിയുമെന്നാണ് കരുതുന്നത്.
കാലപ്പഴക്കം കൊണ്ട് ഏതുനിമിഷവും തകരാന്‍ സാധ്യതയുള്ള ലോകത്തില്‍ നിലനില്‍ക്കുന്ന ഡാമുകളില്‍ ഒന്നാം സ്‌ഥാനം വിദഗ്‌ധര്‍ നല്‍കുമ്പോള്‍ ഈ പരിശോധന ഗൗരവം ഉള്ളതാണ്.
മുല്ലപ്പെരിയാര്‍ പോരാട്ടങ്ങളുടെ നാള്‍വഴികളില്‍ 2022ല്‍ ഡോ. ജോസഫ് നല്‍കിയ ഹാര്‍ജിയുടെ അടിസ്‌ഥാനത്തിലുള്ള തീരുമാനമാണ് ഈ ഉത്തരവിലൂടെ പുറത്തുവന്നിരിക്കുന്നത്. 2014ല്‍ ഉണ്ടായ സുപ്രീം കോടതി വിധിയുടെ തനി ആവര്‍ത്തനമാകാതിരിക്കുവാന്‍ സംസ്‌ഥാന ഗവണ്‍മെന്റ് വിഷയത്തില്‍ ജാഗ്രതയോടെ ഇടപെടണമെന്നും സമര സമിതി യോഗം അഭിപ്രായപ്പെട്ടു. ചെയര്‍മാന്‍ ഷാജി പി. ജോസഫ് അധ്യക്ഷത വഹിച്ചു.
മുഖ്യരക്ഷാധികാരി ഫാദര്‍ ജോയ് നിരപ്പേല്‍, ജനറല്‍ കണ്‍വീനര്‍ സിബി മുത്തുമ്മ കുഴിയില്‍, റോജി സലീം, സി.എസ് രാജേന്ദ്രന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയെയും വകുപ്പ് മന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും നേരില്‍ കണ്ട് കാര്യങ്ങള്‍ ബോധിപ്പിക്കുന്നതിനും സമര സമിതി തീരുമാനിച്ചു.