Friday, March 13, 2026 Last Updated 30 Min 18 Sec ago English Edition
Todays E paper
Ads by Google
Wednesday 21 Jan 2026 10.43 AM

കിണറ്റില്‍ വീണ നാലു വയസുകാരന്‌ രക്ഷകരായ പോലീസിന്‌ അനുമോദന പത്രം നല്‍കി എസ്‌.പി.

uploads/news/2026/01/821847/1.jpg

മൂവാറ്റുപുഴ: കിണറ്റില്‍ വീണ നാലു വയസുകാരനെ രക്ഷിച്ച പോലീസ്‌ ഉദ്യോഗസ്‌ഥര്‍ക്ക്‌ ജില്ല പോലീസ്‌ മേധാവി ജി. ഹേമലതയുടെ അഭിനന്ദനം. പേഴക്കാപ്പിളളി പൂഞ്ചേരി ഭാഗത്തുള്ള താന്നിച്ചുവട്ടില്‍ വീട്ടില്‍ ഷിഹാബിന്റെ മകന്‍ സിയാന്‍ തിങ്കള്‍ വൈകിട്ട്‌ വീട്ട്‌ മുറ്റത്തെ ആഴമുളള കിണറ്റില്‍ വീഴുക ആയിരുന്നു. വീട്ടുകാരുടെ ഉച്ചത്തിലുളള നിലവിളി കേട്ടാണ്‌ മറ്റൊരു കേസ്‌ അന്വേഷിക്കുന്നതിന്‌ അതു വഴി ജീപ്പില്‍ പോകുകയായിരുന്ന പോലീസ്‌ സംഘം വാഹനം നിര്‍ത്തി വീട്ടിലേക്ക്‌ പാഞ്ഞെത്തിയത്‌.
കുട്ടി കിണറ്റില്‍ മുങ്ങി താഴുന്നത്‌ കണ്ട മൂവാറ്റുപുഴ പോലീസ്‌ സ്‌റ്റേഷനിലെ സബ്‌ ഇന്‍സ്‌പെക്‌ടര്‍ അതുല്‍ പ്രേം ഉണ്ണി മറ്റൊന്നും നോക്കാതെ കിണറ്റിലേക്ക്‌ ചാടി. മുങ്ങി താഴുന്ന കുഞ്ഞിനെ പൊക്കിയെടുത്തു.
ഇതിനിടയില്‍ സംഘത്തിലുണ്ടായിരുന്ന സീനിയര്‍ സി.പി.ഒ. രഞ്‌ജിത്‌ രാജനും കിണറ്റിലേക്ക്‌ ഇറങ്ങി.
ഇരുവരും ചേര്‍ന്ന്‌ കുഞ്ഞിന്‌ സി.പി.ആര്‍. അടക്കം പ്രഥമ ശുശ്രൂഷ ഉറപ്പ്‌ വരുത്തി ജീവിതത്തിലേക്ക്‌ മടക്കി കൊണ്ടുവന്നു. ഈ സമയം സംഘാംഗമായ അസി സബ്‌ ഇന്‍സ്‌പെക്‌ടര്‍ കെ.എസ്‌. ഷിനു നാട്ടുകാരെ വിളിച്ചു ചേര്‍ത്ത്‌ കയറും ഗോവണിയും ഇറക്കി നല്‍കി ഉടന്‍ തന്നെ കുട്ടിയെ കരക്ക്‌ എത്തിച്ച്‌ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പോലീസ്‌ സംഘത്തിന്റെ സമാനതകളില്ലാത്ത ഇടപെടലും ജാഗ്രതയും പരക്കെ പ്രശംസിക്കപെടുകയും സാമൂഹ മാധ്യമങ്ങളില്‍ സംഭവം വൈറലായി മാറുകയും ചെയ്‌തതോടെയാണ്‌ ജില്ല പോലീസ്‌ മേധാവി അനുമോദന പത്രം നല്‍കി മൂവരേയും ആദരിച്ചത്‌.
സംഘത്തിന്റെ അവസരോചിത ഇടപെടല്‍ ഒരു നാടിനാകെ ആശ്വാസം പകരുന്നത്‌ ആയിരുന്നു.
വിവിധ കോണുകളില്‍ നിന്ന്‌ പോലീസിന്‌ അഭിനന്ദന പ്രവാഹമാണ്‌ ഉണ്ടായത്‌. അപ്രതീക്ഷിതമായി മകന്റെ ജീവന്‍ രക്ഷിക്കാന്‍ എത്തിയ പോലീസ്‌ സംഘത്തോട്‌ കുടുംബവും നന്ദി പറയുന്നു.
പോലിസിന്റെ അവസരോചിത ഇടപെടലിലൂടെ ഒരു കുരുന്നിന്റെ ജീവന്‍ രക്ഷിക്കാനായി. പുഞ്ചേരി ഭാഗത്ത്‌ പരാതി അന്വേഷിക്കുന്നതിന്റെ ഭാഗമായി എത്തിയപ്പോഴാണ്‌ വീട്ടുകാരുടെ നിലവിളി കേട്ട്‌ ജീപ്പ്‌ നിര്‍ത്തി രക്ഷാ പ്രവര്‍ത്തനം നടത്തിയതെന്ന്‌ സബ്‌ ഇന്‍സ്‌പെക്‌ടര്‍ അതുല്‍ പ്രേം ഉണ്ണിയും അസി. സബ്‌ ഇന്‍സ്‌പെക്‌ടര്‍ കെ.എസ്‌. ഷിനുവും സീനിയര്‍ സി.പി.ഒ. രഞ്‌ജിത്‌ രാജനും വ്യക്‌തമാക്കി. കുരുന്നിന്റെ രക്ഷകരാകാന്‍ കഴിഞ്ഞതിലുളള സന്തോഷവും അവര്‍ പങ്ക്വച്ചു.

Ads by Google
Advertisement
Wednesday 21 Jan 2026 10.43 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW