-->
കൊച്ചി: കൊച്ചിയിലെ വീടുകളിലെയും ഫ്‌ളാറ്റുകളിലെയും മലിനജലം ശുദ്ധീകരിച്ച് കനാലിലേക്ക് ഒഴുക്കുന്ന മുട്ടാര്‍ മലിനജല സംസ്‌ക്കരണ പ്ലാന്റിനാവശ്യമായ വെറ്റ് വെല്‍ പമ്പിംഗ് സേ്‌റ്റഷന്‍ ജനസാന്ദ്രതയുള്ള തേവര പേരണ്ടൂര്‍ കനാലിന് (ഗ്രീന്‍ മെഡോസ് റോഡ്) സമീപം സ്‌ഥാപിക്കില്ലെന്ന് കേരള ജല അതോറിറ്റി മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്‌റ്റിസ് അലക്‌സാണ്ടര്‍ തോമസിന് ഉറപ്പു നല്‍കി.
ജനസാന്ദ്രതയുള്ള സ്‌ഥലത്ത് നിന്ന് വെറ്റ് വെല്‍ പമ്പിംഗ് സേ്‌റ്റഷന്‍ മാറ്റണമെന്ന നാട്ടുകാരുടെ പരാതിയില്‍ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്‌റ്റിസ് അലക്‌സാണ്ടര്‍ തോമസ് നല്‍കിയ ഉത്തരവിന്റെ അടിസ്‌ഥാനത്തിലാണ് കേരള ജല അതോറിറ്റിയുടെ തീരുമാനം. സാങ്കേതിക സൗകര്യങ്ങളുള്ള മറ്റൊരു സ്‌ഥലം കണ്ടെത്തി പമ്പിംഗ് സേ്‌റ്റഷന്‍ സ്‌ഥാപിക്കുമെന്ന് ജല അതോറിറ്റി സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ കമ്മീഷനെ അറിയിച്ചു. കൊച്ചി മെട്രോക്ക് വേണ്ടി കേരള ജല അതോറിറ്റിയാണ് പദ്ധതി നടപ്പിലാക്കുന്നത്.കണയന്നൂര്‍ താലൂക്കില്‍ ഇടപ്പള്ളി നോര്‍ത്ത് വില്ലേജിലെ 81, 82 സര്‍വ്വേ നമ്പറുകളില്‍ നിന്നായി 7.91 ആര്‍ ഭൂമിയേറ്റെടുത്ത് വെറ്റ് വെല്‍ നിര്‍മ്മിക്കുന്നതിനായിരുന്നു പദ്ധതി.
കൊച്ചിയിലെ പേരണ്ടൂര്‍, ഇടപ്പള്ളി കനാലുകളില്‍ കോളിഫോം ബാക്‌ടീരിയയുടെ സാന്നിധ്യം അപകടകരമായ നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ ചെന്നൈ ബഞ്ച് കേസ് രജിസ്‌റ്റര്‍ ചെയ്‌തിരുന്നു. ഇതിനെ തുടര്‍ന്നാണ് കായല്‍ പുനര്‍ജീവന പദ്ധതിയുടെ ഭാഗമായി മുട്ടാര്‍ മലിനജല സംസ്‌കരണ പ്ലാന്റ് സ്‌ഥാപിക്കാന്‍ സംസ്‌ഥാന സര്‍ക്കാര്‍ കൊച്ചി മെട്രോ ലിമിറ്റഡിനെ ഏല്‍പ്പിച്ചത്. പ്ലാന്റിനാവശ്യമായ വെറ്റ് വെല്‍ പമ്പിംഗ് സേ്‌റ്റഷന്‍ ഗ്രീന്‍ മെഡോസ് റോഡില്‍ സ്‌ഥാപിക്കാന്‍ തീരുമാനിച്ചപ്പോഴാണ് മനക്കപറമ്പ് റോഡ് റസിഡന്‍സ് അസോസിയേഷന്‍ പരാതിയുമായി മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. സമീപത്തെ നഗരസഭകളില്‍ നിന്നുള്ള മലിനജലം ഗ്രീന്‍ മെഡോസ് വെറ്റ് വെല്ലില്‍ എത്തിച്ച് ശുദ്ധീകരിക്കാന്‍ പദ്ധതിയുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു. സ്‌കൂളും അംഗനവാടിയുമുള്ള പ്രദേശത്ത് ശാസ്‌ത്രീയ പഠനം നടത്താതെയാണ് വെറ്റ് വെല്‍ സ്‌ഥാപിക്കുന്നതെന്നും നാട്ടുകാര്‍ പരാതിപ്പെട്ടു. അസോസിയേഷന് വേണ്ടി അഖില്‍ സോമനാണ് പരാതി നല്‍കിയത്. കമ്മീഷന്‍ സിറ്റിംഗില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ്, വാട്ടര്‍ അതോറിറ്റി, കെ.എം.ആര്‍.എല്‍. പ്രതിനിധികള്‍ ഹാജരായിരുന്നു.