-->
ചേര്‍ത്തല: മരിയല്‍ തീര്‍ഥാടന കേന്ദ്രമായ മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ പരിശുദ്ധ കന്യകാ മറിയത്തിന്റെ വിവാഹ ദര്‍ശന തിരുനാള്‍ ഇന്ന് ആഘോഷിക്കും. 162-ാമത് മകരം തിരുനാള്‍ ആഘോഷത്തിന് നാടും നഗരവും ഒരുങ്ങി. നഗര വീഥികള്‍ കൊടി തോരണങ്ങളാല്‍ അലംകൃതമാക്കി. പട്ടണ പ്രദക്ഷിണം കടന്നു പോകുന്ന റോഡുകളിലും ദീപാലങ്കാരങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
വികാരി ഫാ. ജോഷി വേഴപ്പറമ്പില്‍, സഹ വികാരിമാരായ ഫാ. സച്ചിന്‍ മമ്പുഴയ്‌ക്കല്‍, ഫാ. വിനു മുളവരിക്കല്‍, ഫാ. ഡെന്നിസ് പുതുവ, ഫാ. ജോസ് പാലത്തിങ്കല്‍ എന്നിവര്‍ വിവിധ ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിക്കും. ജേക്കബ് പെരുമ്പാത്തറയാണ് ഈ വര്‍ഷത്തെ തിരുനാള്‍ പ്രസുദേന്തി.
ഇന്ന് രാവിലെ ആറിനും ഏഴിനും ദിവ്യബലി. പത്തിന് ആഘോഷമായ തിരുനാള്‍ കുര്‍ബാന എറണാകുളം അങ്കമാലി അതിരുപതാ വികാരി ജനറാള്‍ റവ. ഡോ. ആന്റോ ചേരാംതുരുത്തി മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. വിനു മുളവരിക്കല്‍ സഹകാര്‍മികനാകും.
ഫാ. ജസ്‌റ്റിന്‍ കൈപ്രംപാടന്‍ തിരുനാള്‍ സന്ദേശം നല്‍കും. വൈകിട്ട് നാലിന് ആഘോഷമായ വിരുദ്ധ കുര്‍ബാന ഫാ. ഫ്രെഡി കോട്ടൂര്‍ കാര്‍മികത്വം വഹിക്കും. പ്രസംഗം ഫാ. ജോര്‍ജ് തേലയ്‌ക്കാട്ട്, തുടര്‍ന്ന് ആഘോഷമായ പട്ടണ പ്രദക്ഷിണം ആരംഭിക്കും.
കൊടി തോരണങ്ങളും ദീപങ്ങളാലും അലംകൃതമായ വീഥിയിലൂടെയാണ് തിരുസ്വരൂപങ്ങള്‍ വഹിച്ചു കൊണ്ടുള്ള പ്രദക്ഷിണം കടന്നു പോകുന്നത്.
പൊന്‍, വെള്ളി കുരിശുകളും വര്‍ണ കുടകളും, മുത്തുകുടകളും ബാന്റ്, ചെണ്ട മേളങ്ങളും പ്രദക്ഷിണത്തിന് മനോഹാരിതയേകും. ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുക്കുന്ന പ്രദക്ഷിണം പള്ളിയില്‍ നിന്ന് പുറപ്പെടുമ്പോള്‍ പള്ളിമണി മുഴങ്ങും. തെക്ക്, വടക്ക് കുരിശടികള്‍ ചുറ്റി പ്രദക്ഷിണം ദേവാലയത്തില്‍ സമാപിക്കും.
തുടര്‍ന്ന് സമാപന ആശിര്‍വാദം. രൂപം കയറ്റല്‍. 22ന് മരിച്ചവരുടെ ഓര്‍മ ദിനമായി ആചരിക്കും. രാവിലെ ഏഴിന് ദിവ്യബലി, സെമിത്തേരിയില്‍ അനുസ്‌മരണ ശുശ്രൂഷ.