-->
കുട്ടനാട്: നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റിനെ ചൊല്ലി കുട്ടനാട്ടില്‍ കോണ്‍ഗ്രസ്-കേരളാകോണ്‍ഗ്രസ്(ജോസഫ്) ഭിന്നത പരസ്യമായി. സാമൂഹിക മാധ്യമങ്ങളിലൂടെ നടന്ന ചേരിപ്പോരിന് പിന്നാലെ ഔദ്യോഗികമായുള്ള പ്രതികരണങ്ങളും തുടങ്ങിയതോടെ യു.ഡി.എഫ് നേതൃത്വം ഇടപെടേണ്ട സ്‌ഥിതിയായി.
കുട്ടനാട് നിയോജകമണ്ഡലത്തില്‍ യു.ഡിഎഫ് സ്‌ഥാനാര്‍ഥിയായി കോണ്‍ഗ്രസുകാരന്‍ മത്സരിക്കണമെന്നത് കോണ്‍ഗ്രസുകാരുടെ മാത്രമല്ല കുട്ടനാട്ടിലെ പൊതു സമൂഹത്തിന്റെ കൂടെ ആവശ്യമാണെന്നും ജനങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ സ്‌ഥാനാര്‍ഥിയെ നിര്‍ത്താത്തപക്ഷം കൃത്യമായിട്ടുള്ള ഭവിഷ്യത്തുകള്‍ അനുഭവിക്കേണ്ടി വരുമെന്നത് രാഷ്‌ട്രീയ ബോധമുള്ളവര്‍ക്ക് മനസിലാകുമെന്നും യൂത്ത് കോണ്‍ഗ്രസ് കുട്ടനാട് നിയോജക മണ്ഡലം മുന്‍ പ്രസിഡന്റും നോര്‍ത്ത് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റുമായ നോബിന്‍ പി. ജോണ്‍ പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് നേതൃയോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദീര്‍ഘകാല പ്രവര്‍ത്തന പാരമ്പര്യമുള്ള കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരെ രാഷ്‌ട്രീയം പഠിപ്പിക്കാന്‍ കേരളാ കോണ്‍ഗ്രസുകാര്‍ വരേണ്ടെന്നും മുതലാളിമാര്‍ക്ക് കുട്ടനാടിനെ വില്‍ക്കാനുള്ള നീക്കത്തിനെതിരെ ശക്‌തമായ പ്രതിഷേധം ഉണ്ടാകുമെന്നും നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ് അഡ്വ. റോഫിന്‍ ജേക്കബ് മുന്നറിയിപ്പ് നല്‍കി.
കോണ്‍ഗ്രസുകാര്‍ എസ്.ഐ.ആറും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കലുമായി കഷ്‌ടപ്പെടുമ്പോള്‍ ഇക്കാര്യത്തില്‍ ഘടകകക്ഷി ഭാരവാഹികള്‍ സ്വന്തം വീട്ടിലെ എങ്കിലും ആളുകളുടെ പേര് വോട്ടേഴ്‌സ് ലിസ്‌റ്റില്‍ ഉണ്ടോയെന്ന് പരിശോധിക്കുന്നത് ഉചിതമായിരിക്കുമെന്നും യോഗം വിലയിരുത്തി.
നേതാക്കളായ ഗോകുല്‍ ഷാജി, മെര്‍വിന്‍ ആമ്പകാട്, നിബിന്‍.കെ.തോമസ്,ജോബിന്‍ പൂയപ്പള്ളി, സജു ജോസ് എന്നിവര്‍ പ്രസംഗിച്ചു.