-->
പത്തനംതിട്ട: റിപ്പബ്ലിക് ദിനാഘോഷം ജില്ലയില്‍ സമുചിതമായി സംഘടിപ്പിക്കാന്‍ ജില്ലാ കലക്‌ടര്‍ എസ് .പ്രേം കൃഷ്‌ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആലോചന യോഗത്തില്‍ തീരുമാനിച്ചു. കലക്‌ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ വകുപ്പുകള്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്‌തു. പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് മൈതാനമാണ് വേദി. സെറിമോണിയല്‍ പരേഡിന്റെ പൂര്‍ണ ചുമതല പത്തനംതിട്ട എ. ആര്‍ ക്യാമ്പ് അസിസ്‌റ്റന്റ് കമാന്‍ഡന്റിനായിരിക്കും. പോലീസ് മൂന്ന്, ഫോറസ്‌റ്റ് ഒന്ന്, ഫയര്‍ ഫോഴ്‌സ് രണ്ട്, എക്‌സൈസ് ഒന്ന്, എസ് .പി. സി ആറ്, സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് ഏഴ്, തുടങ്ങി പ്ലറ്റൂണുകള്‍ അണിനിരക്കും. 22, 23, 24 തീയതികളിലായി പരേഡ് റിഹേഴ്‌സല്‍ സംഘടിപ്പിക്കും. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കും. റിഹേഴ്‌സല്‍ ദിവസങ്ങളിലും റിപ്പബ്ലിക് ദിനത്തിലും ലഘു ഭക്ഷണവും കുടിവെള്ളവും ലഭ്യമാക്കും. കോഴഞ്ചേരി തഹസില്‍ദാര്‍ പൊതുവായ ഏകോപനം നിര്‍വഹിക്കും. എഡിഎം ബി ജ്യോതി, വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.