Wednesday, March 11, 2026 Last Updated 31 Min 38 Sec ago English Edition
Todays E paper
Ads by Google
Tuesday 20 Jan 2026 10.33 AM

കോണ്‍ഗ്രസ്‌ നേതാക്കള്‍ സീറ്റിനായി വീണ്ടും സ-ജീ-വം

പത്തനംതിട്ട: കേരള കോണ്‍ഗ്രസ്‌ യു.ഡി.എഫിലേക്കെന്ന വാര്‍ത്ത പ്രചരിച്ചതോടെ ഞെട്ടലിലായ ജില്ലയിലെ കോണ്‍ഗ്രസ്സ്‌ നേതാക്കള്‍ വീണ്ടും ഉണര്‍വിലായി .നിലവില്‍ പാര്‍ട്ടിയുടെ സീറ്റുകളുടെ എണ്ണം പൂജ്യമാണെങ്കിലും തങ്ങള്‍ അവകാശ വാദം ഉന്നയിച്ചിരിക്കുന്ന നിയമ സഭാ മണ്ഡലങ്ങള്‍ ജോസ്‌ കെ മാണി വിഭാഗം യു.ഡി.എഫിലേക്ക്‌ വന്നാല്‍ വിട്ട്‌ നല്‍കേണ്ടി വരുമെന്ന ആശങ്ക ആയിരുന്നു ദിവസങ്ങളോളം ഇവരുടെ മുഖങ്ങളില്‍ പ്രകടമായിരുന്നത്‌.മണ്ഡല പുനര്‍ നിര്‍ണയത്തിന്‌ മുന്‍പ്‌ ഏഴ്‌ സീറ്റ്‌ ഉണ്ടായിരുന്ന പത്തനംതിട്ട ജില്ലയില്‍ കഴിഞ്ഞ രണ്ട്‌ വട്ടമായി എണ്ണം അഞ്ചായി കുറഞ്ഞു. പത്തനംതിട്ടയും കല്ലൂപ്പാറയുമാണ്‌ ഇല്ലാതായ മണ്ഡലങ്ങള്‍.
അടൂര്‍,ആറന്മുള,തിരുവല്ല,റാന്നി,കോന്നി എന്നിവയാണ്‌ നിലവിലുള്ള മണ്ഡലങ്ങള്‍.ഇതില്‍ അടൂര്‍ സംവരണ മണ്ഡലമാണ്‌. തിരുവല്ലയില്‍ കേരളാ കോണ്‍ഗ്രസ്സ്‌ ജോസഫ്‌ വിഭാഗവും മത്സരിക്കുന്നു.പ്രധാനമായും പിന്നീടുള്ള മൂന്ന്‌ മണ്ഡലങ്ങളിലേക്ക്‌ ഒരു ഡസനിലധികം പേരുകളാണ്‌ പല കോണുകളില്‍ നിന്നായി ഉയരുന്നത്‌. ഇതിലധികം നേതാക്കള്‍ തങ്ങളുടെ ചരിത്രവും പ്രവര്‍ത്തന മേന്മയും കെ.പി.സി.സി ക്ക്‌ നേരിട്ടും അനുയായികളായ ദൂതന്മാര്‍ വഴിയും സമര്‍പ്പിച്ചിട്ടുണ്ട്‌.
പ്രധാനമായും മാണി വിഭാഗം യു.ഡി.എഫിലേക്ക്‌ വന്നാല്‍ ആദ്യം ആവശ്യപ്പെടുക തങ്ങളുടെ സിറ്റിംഗ്‌ സീറ്റായ റാന്നി ആയിരിക്കും. ഇത്‌ ഇവിടെ മത്സര മോഹം പ്രകടിപ്പിച്ചിരുന്ന നിരവധി നേതാക്കള്‍ക്ക്‌ തിരിച്ചടിയായെനേം.നിലവില്‍ ഈ വിഭാഗത്തിലെ പ്രമോദ്‌ നാരായണ്‍ ആണ്‌ ഇവിടെ നിന്നുള്ള നിയമസഭാംഗം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കുറഞ്ഞ വോട്ടുകള്‍ക്ക്‌ യു.ഡി.എഫിനെ കൈവിട്ട മണ്ഡലം ഇക്കുറി തിരിച്ചു പിടിക്കാം എന്നാണ്‌ കോണ്‍ഗ്രസുകാര്‍ പറയുന്നത്‌. പാര്‍ട്ടിക്ക്‌ ഉള്ളിലെ ജാതി രാഷ്ര്‌ടീയമാണ്‌ കഴിഞ്ഞ തവണത്തെ പരാജയത്തിന്‌ കാരണമായതെന്നും ആരോപണം ഉണ്ടായിരുന്നു. എന്നാല്‍ ഇത്തവണ അതെല്ലാം മാറ്റി വച്ച്‌ തയ്യാറെടുപ്പുകള്‍ നടത്തുമ്പോഴാണ്‌ കേരളാ കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശ വാര്‍ത്ത വരുന്നത്‌. ഇതിപ്പോള്‍ ഏതാണ്ട്‌ അവസാനിച്ചതോടെ നേതാക്കള്‍ തങ്ങളുടെ വാദങ്ങള്‍ക്ക്‌ മൂര്‍ച്ച കൂട്ടിയിട്ടുണ്ട്‌. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട കെ.പി.സി.സി സെക്രട്ടറി റിങ്കു ചെറിയാന്‍, ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട്‌ അഡ്വ.കെ.ജയവര്‍മ്മ, കെ.പി.സി.സി ജനറല്‍ സെക്രട്ടറി പഴകുളം മധു എന്നിവര്‍ക്ക്‌ പുറമെ ഇപ്പോള്‍ ഡി.സി.സി പ്രസിഡണ്ട്‌ സതീഷ്‌ കൊച്ചുപറമ്പിലിന്റെ പേരും പറഞ്ഞ്‌ കേള്‍ക്കുന്നു.
കേരള കോണ്‍ഗ്രസ്സ്‌ ജോസഫ്‌ വിഭാഗം മത്സരിക്കുന്ന തിരുവല്ലയിലും ചില കോണ്‍ഗ്രസ്സ്‌ നേതാക്കള്‍ പ്രതീക്ഷ പുലര്‍ത്തുന്നുണ്ട്‌. സമീപ കാലത്തെല്ലാം ഇവിടെ യു.ഡി.എഫ്‌ പരാജയപ്പെട്ടിരുന്നു. ജോസഫ്‌ എം.പുതുശേരിയും കുഞ്ഞുകോശി പോളുമാണ്‌ കഴിഞ്ഞ രണ്ട്‌ മത്സരങ്ങളില്‍ യു.ഡി.എഫ്‌ സ്‌ഥാനാര്‍ഥികളായത്‌. ജനതാ ദളിലെ മാത്യു ടി തോമസാണ്‌ ഇപ്പോള്‍ തിരുവല്ലയെ പ്രതിനിധീകരിക്കുന്നത്‌. കേരള കോണ്‍ഗ്രസ്‌ തുടര്‍ച്ചയായി പരാജയപ്പെടുന്ന മണ്ഡലം കോണ്‍ഗ്രസ്സ്‌ ഏറ്റെടുക്കണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ ശക്‌തമാണ്‌. മുതിര്‍ന്ന നേതാവ്‌ പി.ജെ. കുര്യന്‍,ജോര്‍ജ്‌ മാമന്‍ കൊണ്ടുര്‍ തുടങ്ങിയവര്‍ക്ക്‌ ഈ മണ്ഡലം ലഭിച്ചാല്‍ കൊള്ളാമെന്നുണ്ട്‌.
കേരളാ കോണ്‍ഗ്രസ്സ്‌ യു.ഡി.എഫിലേക്ക്‌ വന്നാല്‍ വച്ചുമാറ്റത്തിലൂടെ കോണ്‍ഗ്രസിന്‌ ചിലപ്പോള്‍ നഷ്‌ട്ടപ്പെടാവുന്ന മണ്ഡലമായിരുന്നു ആറന്മുള. നേരത്തെ ഇവര്‍ പ്രതിനിധീകരിച്ചിരുന്ന മണ്ഡലത്തില്‍ ഇപ്പോള്‍ കോണ്‍ഗ്രസ്‌ ആണ്‌ മത്സരിക്കുന്നത്‌. അബിന്‍ വര്‍ക്കി,അനീഷ്‌ വരിക്കണ്ണാമല,പഴകുളം മധു,ജോര്‍ജ്‌ മാമന്‍ കൊണ്ടുര്‍ തുടങ്ങിയവരൊക്കെയും ഇവിടെ കണ്ണ്‌ വച്ചിട്ടുണ്ട്‌.മന്ത്രി വീണാ ജോര്‍ജിനെ നേരിടാന്‍ പുറമെ നിന്നും പ്രമുഖയായ ഒരു വനിത സ്‌ഥാനാര്‍ഥി ആയി ഇവിടേക്ക്‌ വരുമെന്നും പറയുന്നുണ്ട്‌. എന്തായാലും കേരളാ കോണ്‍ഗ്രസിന്റെ യു.ഡി.എഫ്‌ പ്രവേശം ഒഴിഞ്ഞതോടെ ഇവിടെ ഉള്ളവര്‍ക്കും ആശ്വാസമായിട്ടുണ്ട്‌.കോന്നി, അടൂര്‍ മണ്ഡലങ്ങളില്‍ കേരളാ കോണ്‍ഗ്രസ്സ്‌ അവകാശവാദം ഉന്നയിക്കുന്ന പതിവ്‌ ഇല്ലാത്തതിനാല്‍ കാലേ കൂട്ടി സീറ്റ്‌ പിടിക്കാന്‍ ഇറങ്ങിയവര്‍ ഇപ്പോള്‍ കൂടുതല്‍ സജീവമായിട്ടുണ്ട്‌. പാര്‍ലമെന്റ്‌ അംഗങ്ങളെ മത്സരിപ്പിക്കാന്‍ സാധ്യത ഇല്ലാത്തതിനാല്‍ അടൂര്‍ പ്രകാശ്‌ തത്‌ക്കാലം കളത്തിന്‌ പുറത്താണ്‌. നേരത്തെ മത്സരിച്ചിരുന്നു കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി.മോഹന്‍ രാജ്‌, ഡി.സി.സി വൈസ്‌ പ്രസിഡണ്ട്‌ റോബിന്‍ പീറ്റര്‍,എന്നിവര്‍ക്ക്‌ പുറമെ ഡി.സി.സി പ്രസിഡണ്ട്‌ സതീഷ്‌ കൊച്ചുപറമ്പില്‍, എന്‍.ഷൈലാജ്‌ തുടങ്ങിയവരുടെ പേരുകളും ഇവിടെ പരിഗണിക്കുന്നുണ്ട്‌.
നിയമ സഭ ഡെപ്യുട്ടി സ്‌പീക്കര്‍ ചിറ്റഴം ഗോപകുമാര്‍ പ്രതിനിധീകരിക്കുന്ന അടൂരില്‍ കോണ്‍ഗ്രസ്സ്‌ സ്‌ഥാനാര്‍ഥി ആയി പന്തളം സുധാകരന്‍ വീണ്ടും എത്തുമെന്ന സൂചനയുണ്ട്‌. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ചിറ്റഴത്തെ ഞെട്ടിച്ച യുവ നേതാവ്‌ കോണ്‍ഗ്രസ്സ്‌ സ്‌ഥാനാര്‍ഥി എം.ജി കണ്ണന്റെ അകാല വിയോഗം പാര്‍ട്ടിക്ക്‌ കനത്ത തിരിച്ചടിയായി. രമ്യ ഹരിദാസ്‌,ബാബു ദിവാകരന്‍ എന്നിവരുടെ പേരുകളും പറഞ്ഞു കേള്‍ക്കുന്നു.ബി.ജെ.പി സ്‌ഥാനാര്‍ഥിയായി പന്തളം സുധാകരന്റെ സഹോദരന്‍ പന്തളം പ്രതാപന്‍ കൂടി എത്തിയാല്‍ ഇവിടെ മത്സരം കൂടുതല്‍ കൗതുകമാകും.എന്തായാലും കേരള കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശനത്തിന്‌ താത്‌ക്കാലിക വിരാമമായതോടെ നേതാക്കള്‍ക്ക്‌ കൂടുതല്‍ ആവേശം ഉണ്ടായിട്ടുണ്ട്‌.

Ads by Google
Advertisement
Tuesday 20 Jan 2026 10.33 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW