-->
തൊടുപുഴ: നഗരത്തിലെ വ്യാപാര സ്‌ഥാപനത്തില്‍നിന്നും മൂന്നര ലക്ഷം രൂപയോളം കവര്‍ന്ന കേസിലെ പ്രതി അറസ്‌റ്റില്‍. അസം സ്വദേശി റാഷിദുല്‍ ഇസ്ലാം (23) ആണ് പിടിയിലായത്.
2025 മെയ് മാസത്തിലായിരുന്നു തൊടുപുഴ ലിസ് ഗ്രൗണ്ടിന് സമീപത്തെ ഡയറക്‌ട് ഫാക്‌ടറി പ്രൈസ് എന്ന സ്‌ഥാപനത്തില്‍ മോഷണം നടന്നത്. മൂന്നര ലക്ഷം രൂപയാണ് മോഷണം പോയത്. പോലീസില്‍ പരാതി നല്‍കി അന്വേഷണം നടന്നെങ്കിലും പ്രതിയെ പിടികൂടാനായിരുന്നില്ല. സി.സി.ടി.വി ദൃശ്യങ്ങളില്‍ മോഷ്‌ടാവിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. പുത്തന്‍കുരിശ് പോലീസ് വേറൊരു കേസില്‍ കഴിഞ്ഞദിവസം ഇയാളെ അറസ്‌റ്റ് ചെയ്‌തിരുന്നു. പ്രതിയെ ചോദ്യം ചെയ്‌തതില്‍ നിന്നാണ് തൊടുപുഴയിലെ മോഷണവും തെളിഞ്ഞത്. ഇയാള്‍ക്കെതിരെ സമാനമായ മറ്റ് കേസുകളുമുണ്ട്. എസ്.ഐ അനീഷ് കെ. ജോണ്‍, എ.എസ് ഐമാരായ മധു എം.കെ, റെജിമോന്‍, സി.പി.ഒ രാംകുമാര്‍, മഹേഷ് എന്നിവരുടെ നേതൃത്വത്തിലാണ് തൊടുപുഴ പോലീസ് പ്രതിയെ വ്യാപാര സ്‌ഥാപനത്തിലെത്തിച്ച് തെളിവെടുത്തത്.