Thursday, March 12, 2026 Last Updated 14 Min 32 Sec ago English Edition
Todays E paper
Ads by Google
Tuesday 20 Jan 2026 10.31 AM

അരൂര്‍- തുറവൂര്‍ ആകാശപാതയുടെ ആദ്യഭാഗം മാര്‍ച്ചില്‍ തുറക്കും

uploads/news/2026/01/821684/2.jpg

ആലപ്പുഴ: ദേശീയപാത 66ന്റെ ഭാഗമായ അരൂര്‍-തുറവൂര്‍ ആകാശപാതയുടെ ആദ്യ ഭാഗം മാര്‍ച്ച്‌ മാസത്തില്‍ തുറക്കാന്‍ ദേശീയപാത അതോറിറ്റി ഒരുങ്ങുന്നു. അരൂര്‍ മുതല്‍ ചന്തിരൂര്‍ വരെയുള്ള അഞ്ച്‌ കിലോമീറ്റര്‍ ഭാഗമാണ്‌ ആദ്യഘട്ടമായി തുറക്കാനുദ്ദേശിക്കുന്നത്‌. അരൂരില്‍നിന്ന്‌ തുറവൂര്‍ വരെ നീളുന്ന 12.75 കിലോമീറ്റര്‍ ആറുവരി ആകാശപാതയുടെ നിര്‍മാണം അന്തിമ ഘട്ടത്തിലേക്ക്‌ എത്തി.
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ഒറ്റത്തൂണ്‍ ആകാശപാത എന്നതിനൊപ്പം സംസ്‌ഥാനത്തെ ദേശീയപാതയിലുള്ള ആദ്യ സൈക്കിള്‍ ട്രാക്കും പദ്ധതിയുടെ സവിശേഷതയാണ്‌. ആകാശപാതയ്‌ക്ക് അടിയിലൂടെയാണ്‌ സൈക്കിള്‍ ട്രാക്ക്‌ തയാറാക്കുന്നത്‌.
തുറവൂര്‍ മുതല്‍ അരൂര്‍ സൗത്ത്‌ വരെ നിര്‍മാണം അതിവേഗം പുരോഗമിക്കുകയാണ്‌. 2,565 വലിയ ഗിര്‍ഡറുകളില്‍ 100 എണ്ണത്തോളമേ ഇനി സ്‌ഥാപിക്കാനുള്ളൂ. 374 വലിയ പില്ലറുകളാണ്‌ ഹൈവേയ്‌ക്ക് ഉണ്ടാകുക. എരുമല്ലൂരിലെ മോഹം ആശുപത്രിക്കു സമീപം ടോള്‍ പ്ലാസയും സ്‌ഥാപിക്കും.
ഏകദേശം 85% ഓളം പൂര്‍ത്തിയായതായാണ്‌ നിര്‍മ്മാണകമ്പിനിയായ അശോക ബില്‍ഡ്‌കോണ്‍ അധികൃതര്‍ വ്യക്‌തമാക്കുന്നത്‌. നിലവില്‍ കൂടുതല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്‌ അരൂര്‍ പോലീസ്‌ സ്‌റ്റേഷന്‍ പരിധിയിലെ അരൂര്‍ ക്ഷേത്രം ജങ്‌ഷന്‍ മുതല്‍ കുമ്പളം പാലം വരെയുള്ള മേഖലയിലാണ്‌.
രാവിലെയും വൈകിട്ടും ഏറ്റവും കൂടുതല്‍ തിരക്ക്‌ അനുഭവപ്പെടുന്ന മേഖലയും ഇത്‌ തന്നെയാണ്‌. നിലവില്‍ അരൂര്‍ ബൈപ്പാസ്‌ ജങ്‌ഷന്‍ കേന്ദ്രീകരിച്ച്‌ ക്രെയിനുകള്‍ ഉപയോഗിച്ച്‌ ഉയര്‍ത്തേണ്ട ഗര്‍ഡറുകളില്‍ 14 എണ്ണം ഉയര്‍ത്തി പൊസിഷന്‍ ചെയ്‌തുകഴിഞ്ഞു. ഇനിയുള്ള രണ്ട്‌ സെറ്റിന്റെ വര്‍ക്ക്‌ നടന്നുകൊണ്ടിരിക്കുകയാണ്‌.
കൂടാതെ പില്ലര്‍ നമ്പര്‍ 24 മുതല്‍ 28 വരെയുള്ള ഭാഗത്തെ ഗര്‍ഡര്‍ ലോഞ്ചിങ്ങും നടന്നുവരുകയാണ്‌. എരമല്ലൂര്‍ മോഹം ആശുപത്രിക്ക്‌ സമീപം ഗര്‍ഡര്‍ വീണ്‌ ഒരാള്‍ മരിച്ചതിന്റെ പശ്‌ചാത്തലത്തില്‍ കൂടു തല്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച്‌ മാത്രമേ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍നടത്താവൂ എന്ന്‌ നിര്‍മ്മാണ കമ്പനിക്ക്‌ ജില്ലാ പോലീസ്‌ മേധാവി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.
അതിന്റെ അടിസ്‌ഥാനത്തിലാണ്‌ ഗര്‍ഡറുകള്‍ ഉയര്‍ത്തുന്ന സമയത്ത്‌ പൂര്‍ണമായും പോലീസ്‌ ഗതാഗതം തടയേണ്ടിവരുന്നത്‌.
ഈ സാഹചര്യത്തില്‍ വര്‍ക്ക്‌ നടക്കുന്ന ഭാഗത്തിലേക്ക്‌ വാഹനങ്ങള്‍ പ്രവേശിക്കാതിരിക്കുന്നതിനായി തോപ്പുംപ്പടി ഭാഗത്തുനിന്നും അരൂര്‍ ഭാഗത്തേക്ക്‌ പ്രവേശിക്കേണ്ടതും തിരിച്ചുള്ളതുമായ വാഹനങ്ങള്‍ വഴി തിരിച്ച്‌ വിടുകയാണ്‌ ഇപ്പോള്‍ ചെയ്യുന്നത്‌.
തോപ്പുംപടി ഭാഗത്ത്‌ നിന്നും അരൂര്‍ ഭാഗത്തേക്ക്‌ വരുന്ന വാഹനങ്ങള്‍ കുമ്പളം പാലം വഴിയും തോപ്പുംപടി ഭാഗത്തേക്ക്‌ പോകേണ്ട വാഹനങ്ങള്‍ അരൂര്‍ പള്ളിക്ക്‌ മുന്‍വശത്തു നിന്നും പോകേണ്ടതാണ്‌. ഏകദേശം 20 മിനിട്ടോളമാണ്‌ ഒരു ഗര്‍ഡര്‍ ഉയര്‍ത്തുന്നതിനായി സാധാരണ എടുക്കുന്ന സമയം.
ഈ പ്രക്രിയ താരതമ്യേന ട്രാഫിക്‌ കുറവുള്ള 11 മണി മുതല്‍ നാല്‌ വരെ നടത്തുന്നതിന്‌ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. വാഹനങ്ങള്‍ കുറവുള്ള രാത്രികാലങ്ങളിലും ഈ പ്രവര്‍ത്തി നടത്താനാണ്‌ നിര്‍ദേശം.
നിലവില്‍ 11 ട്രാഫിക്‌ വാര്‍ഡന്മാരെ അരൂര്‍ ബൈപാസ്‌ ഭാഗത്ത്‌ ട്രാഫിക്‌ നിയന്ത്രണത്തിന്‌ മാത്രമായി നിയോഗിച്ചിട്ടുണ്ട്‌.

Ads by Google
Advertisement
Tuesday 20 Jan 2026 10.31 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW