-->
ആലപ്പുഴ: ജില്ലയിലെ ആദ്യ കുടുംബശ്രീ കേരള ചിക്കന്‍ ഔട്ട്‌ലെറ്റ് കുട്ടനാട് മണ്ഡലത്തിലെ കൈനടിയില്‍ പ്രവര്‍ത്തനം തുടങ്ങി. തോമസ്.കെ.തോമസ് എം.എല്‍.എ ഉദ്‌ഘാടനം നിര്‍വഹിച്ചു.
ഇറച്ചിക്കോഴി വിലവര്‍ധനയ്‌ക്ക് പരിഹാരം കാണുക, വിപണി വിലയേക്കാള്‍ കുറഞ്ഞ വിലയ്‌ക്ക് ചിക്കന്‍ ലഭ്യമാക്കുക, നാട്ടില്‍ ഉല്‌പാദിപ്പിക്കുന്ന സംശുദ്ധമായ കോഴിയിറച്ചി ഉപഭോക്‌താക്കള്‍ക്ക് ലഭ്യമാക്കുക, ഫ്രോസണ്‍ ചെയ്‌ത മൂല്യ വര്‍ധിത ഉല്‍പന്നങ്ങള്‍ നാടെങ്ങും എത്തിക്കുക, ഗ്രാമ, നഗരപ്രദേശങ്ങളിലും കുടുംബശ്രീ ചിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുക, കുടുംബശ്രീ/ ഓക്‌സിലറി അംഗങ്ങള്‍ക്ക് വരുമാനമാര്‍ഗം ഉണ്ടാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് കുടുംബശ്രീ കേരള ചിക്കന്‍ പദ്ധതി നടപ്പിലാക്കുന്നത്.
2017 ല്‍ ആരംഭിച്ച പദ്ധതിയുടെ ഒമ്പത് ഫാമുകള്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കുടുംബശ്രീ/ ഒക്‌സിലറി അംഗങ്ങളുടെ നേതൃത്വത്തിലാണ് ഔട്ട് ലൈറ്റുകളുടെയും ഫാമുകളുടെയും പ്രവര്‍ത്തനം.
സംസ്‌കരിച്ച കോഴിയിറച്ചി ഉല്‍പ്പന്നങ്ങളായ ചിക്കന്‍ നഗട്‌സ്, ഹോട്ട് ഡോഗ് തുടങ്ങിയവ ഗുണമേന്മയോടെ വിലക്കുറവില്‍ ഔട്ട്‌ലെറ്റുകള്‍ വഴി വില്‍ക്കുവാനും പദ്ധതിയുണ്ട്. ചടങ്ങില്‍ നീലംപേരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍.വിനയചന്ദ്രന്‍ അധ്യക്ഷനായി. കുടുംബശ്രീ ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ എസ്.രഞ്‌ജിത്ത് പദ്ധതി വിശദീകരണം നടത്തി.
ഗ്രാമപഞ്ചായത്തംഗങ്ങളായ രാജി ഷാജി, ജയ സൈഗാള്‍, കുടുംബശ്രീ ജില്ലാ മിഷന്‍ അസിസ്‌റ്റന്റ് കോഓര്‍ഡിനേറ്റര്‍ ടെസി ബേബി, അസിസ്‌റ്റന്റ് ജില്ലാമിഷന്‍ കോ ഓര്‍ഡിനേറ്റര്‍ അനന്താ രാജന്‍, കേരള ബ്രോയിലര്‍ ഫാര്‍മേഴ്‌സ് പ്ര?ഡ്യൂസര്‍ കമ്പനി മാര്‍ക്കറ്റിങ് മാനേജര്‍ എസ്.എസ് ശ്രുതി, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ സി.എസ് സുചിത്ര, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാരായ ഇ.പി മഞ്‌ജുഷ, കെ.സി ഷേര്‍ളി, മറ്റ് ഉദ്യോഗസ്‌ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.