-->
കുട്ടനാട്: ഞാറ്റുപാട്ട,് ചക്രപാട്ട്, കൊയ്‌ത്തുപാട്ട് തുടങ്ങിയവയിലൂടെ കുട്ടനാടന്‍ കാര്‍ഷികമേഖലയ്‌ക്ക് ഈണം പകര്‍ന്ന മാസ്‌റ്റര്‍ മംഗലശേരി എന്നുഅറിയപ്പെട്ടിരുന്ന മംഗലശേരി പത്മനാഭന്‍ വിട വാങ്ങി. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്നലെ രാവിലെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട അദ്ദേഹം ഉച്ചയോടെ അന്തരിച്ചു. ആകാശവാണിയില്‍ ഉള്‍പ്പടെ നിരവധി നാടന്‍ പാട്ടുകള്‍ അവതരിപ്പിച്ച അദ്ദേഹത്തിന്റെ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്ത് 2018 ലും തുടര്‍ന്നും ഫോക്‌ലോര്‍ അക്കാദമിയുടെ പുരസ്‌കാരവും ഫെല്ലോഷിപ്പും ലഭിച്ചു. 1960 കളില്‍ മാസ്‌റ്റര്‍ മംഗലശേരി എന്നപേരില്‍ കഥാപ്രസംഗ കലാകാരനായി തന്റെ കലാസപര്യ തുടങ്ങിയ അദ്ദേഹം പിന്നീട് കഥ, കവിത, നാടകം തുടങ്ങി സാഹിത്യത്തിന്റെ എല്ലാ മേഖലകളിലും തന്റേതായ വ്യക്‌തിമുദ്ര പതിപ്പിച്ചു.
കുട്ടനാട്ടിലെ ആദ്യകാല സാമൂഹ്യ രാഷ്‌ട്രീയ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു മംഗലശേരി. പത്താംതരം വിദ്യാഭ്യാസത്തിനുശേഷം സാഹിത്യ വിശാരദ് പഠിക്കാനായി ചേര്‍ന്ന കാലയളവില്‍ കമ്മ്യൂണിസ്‌റ്റ് പ്രസ്‌ഥാനത്തില്‍ ആകൃഷ്‌ടനാകുകയും തുടര്‍ന്ന് തിരുവിതാംകൂര്‍ കര്‍ഷകത്തൊഴിലാളി യൂണിയന്റെ കുട്ടനാട്ടിലെ പ്രധാന പ്രവര്‍ത്തകരില്‍ ഒരാളായി മാറി. പുരോഗമന കലാസാഹിത്യസംഘം രൂപീകരണ വുമായി ബന്ധപ്പെട്ട ഏലംകുളം മനയില്‍ ചേര്‍ന്ന ആദ്യ യോഗത്തില്‍ കുട്ടനാട്ടില്‍ നിന്നും പങ്കെടുത്ത ഏക വ്യക്‌തിയാണ് മംഗലശേരി.
പൂങ്കുയില്‍, മേനക തെരഞ്ഞെടുത്ത ഗാനങ്ങള്‍ എന്നിവയാണ് അദ്ദേഹത്തിന്റെ അച്ചടിച്ചുവന്ന കൃതികള്‍. കുട്ടനാട് സാഹിത്യ സമിതി, കുട്ടനാട് കലാസാഹിത്യ പഠനവേദി, ജോണ്‍ ഏബ്രഹാം സ്‌മാരക സമിതി എന്നിവ രൂപീകരിക്കുന്നതിലും അതിന്റെ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിലും മുന്‍പന്തിയില്‍ നിലകൊണ്ടിരുന്നു.