-->
ആലപ്പുഴ: ചെറിയ വാഹനങ്ങള്‍ക്കുപോലും കടന്നുപോകാന്‍ സൗകര്യമില്ലെങ്കിലും ബസുകളും ലോറികളും വാനുകളുമടക്കം നഗരചത്വരത്തിലെ ഇടുങ്ങിയ താല്‍ക്കാലിക മാര്‍ഗത്തിലൂടെ കടന്നുപോകുന്നത് തടയണമെന്ന് തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷന്‍ (ടി.ആര്‍.എ). ഇടുങ്ങിയ വഴിയുടെ ഒരു പ്രവേശന മാര്‍ഗത്തിന്റെ തൊട്ടുമുന്നില്‍ മാത്രം നിരോധന ബോര്‍ഡ് സ്‌ഥാപിച്ചത് ശാസ്‌ത്രീയമല്ല.
ഇടുങ്ങിയ ചത്വരവഴിയുടെ പടിഞ്ഞാറേ തുടക്കഭാഗത്ത് ഭാരമേറിയ വാഹനങ്ങള്‍ക്ക് പ്രവേശനമില്ല എന്ന പരസ്യ ബോര്‍ഡ് കഴിഞ്ഞ ദിവസം സ്‌ഥാപിച്ചെങ്കിലും പ്രയോജനരഹിതമാണ്. ജില്ലാ കോടതി പാലം പണി നടക്കുന്ന സ്‌ഥലത്തോടു ചേര്‍ന്ന് എസ്.ഡി.വി സ്‌കൂള്‍ റോഡ് അവസാനിക്കുന്നയിടത്താണിത്.
അവിടം വരെ ഒരു തടസവും നേരിടാതെയെത്തുന്ന വാഹനങ്ങള്‍ ബോര്‍ഡ് കണ്ട് വന്ന വഴിയേ തിരികെ പോകാമെന്നു കരുതിയാല്‍ അവിടെ പുറകോട്ടു തിരിക്കാന്‍ സ്‌ഥലസൗകര്യമില്ല. അതിനാല്‍ ഇടുങ്ങിയ വഴിയിലൂടെ തന്നെ എങ്ങനെയും മുന്നോട്ടു കൊണ്ടുപോകാന്‍ നിര്‍ബന്ധിതരാകുമെന്ന് ടി.ആര്‍.എ പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍ ചൂണ്ടിക്കാട്ടി.