-->
മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാലയില്‍ നടന്ന നാലാമത് സംസ്‌ഥാന സാംബോ ചാമ്പ്യന്‍ഷിപ്പില്‍ 220 പോയിന്റ് നേടി മലപ്പുറം ജില്ല ഓവറോള്‍ ചാമ്പ്യന്മാരായി. 150 പോയിന്റോടെ പാലക്കാട് രണ്ടാം സ്‌ഥാനവും 90 പോയിന്റോടെ എറണാകുളം മൂന്നാം സ്‌ഥാനവും നേടി. റഷ്യന്‍ ആര്‍മിയുടെ ആയോധനകലയായ സാംബോ, റെസ്ലിംഗ്, ജൂഡോ, കിക് ബോക്‌സിംഗ്, വുഷു തുടങ്ങിയ വിവിധ ആയോധന കലകളിലെ പ്രതിരോധ മുറകള്‍ ഉള്‍ക്കൊള്ളുന്ന ഒരു സമഗ്ര കായിക കലയായതിനാല്‍ സംസ്‌ഥാനത്തിന്റെ പത്തോളം ജില്ലകളില്‍ നിന്നായി 400ലധികം കായിക താരങ്ങള്‍ മത്സരത്തില്‍ പങ്കെടുത്തു.
ഉദ്‌ഘാടനവും പൊതുസമ്മേളനവും ഐ.എസ്.കെ. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് അലി അധ്യക്ഷത വഹിച്ചു. അബ്‌ദുല്‍ സത്താര്‍, മുഹമ്മദ് റാഫി, സുബൈര്‍ പുളിക്കത്തൊടി, വി.കെ. സൈനുല്‍ ആബിദീന്‍, അന്‍വര്‍ മാരക്കാര്‍ (തൃശൂര്‍), രാഹുല്‍ (തിരുവനന്തപുരം), അതുല്‍ അജിത് (എറണാകുളം) പ്രസംഗിച്ചു. തേഞ്ഞിപ്പലം സബ് ഇന്‍സ്‌പെക്‌ടര്‍ എം.എസ്. സത്യജിത്ത് വിജയികള്‍ക്ക് സമ്മാനദാനം നിര്‍വഹിച്ചു.
സംസ്‌ഥാന ചാമ്പ്യന്‍ഷിപ്പില്‍ വിജയികളായ കായിക താരങ്ങളെ ഏപ്രിലില്‍ തിരുവനന്തപുരത്ത് സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ട്രെയിനിംഗ് സെന്ററില്‍ റഷ്യന്‍ കൗണ്‍സിലിന്റെ സഹകരണത്തോടെ 28 സംസ്‌ഥാനങ്ങളുടെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന ദേശീയ സാംബോ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുപ്പിക്കുമെന്ന് നാഷണല്‍ സാംബോ ഡയറക്‌ടറും കേരള സാംബോ പ്രസിഡന്റുമായ എന്‍. അബ്‌ദുല്‍ ലത്തീഫ് നമ്പോല അറിയിച്ചു.