Wednesday, March 11, 2026 Last Updated 15 Min 1 Sec ago English Edition
Todays E paper
Ads by Google
Tuesday 20 Jan 2026 04.41 AM

അക്ഷരോന്നതി പദ്ധതി; ജില്ലയില്‍ 16 ലൈബ്രറികള്‍ വരുന്നു

uploads/news/2026/01/821642/2.jpg

കോഴിക്കോട്‌: അക്ഷരോന്നതി പദ്ധതിയുടെ ഭാഗമായി കോഴിക്കോട്‌ ജില്ലയില്‍ 16 ലൈബ്രറികള്‍ സ്‌ഥാപിക്കുന്നു. വായനയിലൂടെ ഉന്നതിയിലേക്ക്‌ എന്ന സന്ദേശത്തില്‍ ജില്ലയിലെ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളിലെ കുട്ടികളിലും യുവജനങ്ങളിലും വായനാശീലം വളര്‍ത്തുകയും അറിവിലൂടെ വ്യക്‌തിത്വ വികസനവും സാമൂഹിക ഉന്നമനവും സാധ്യമാക്കുകയും ചെയ്ുയക എന്ന ഉദ്ദേശ്യത്തോടെ തദ്ദേശ സ്വയംഭരണ വകുപ്പും പട്ടികവര്‍ഗ വികസന വകുപ്പും സംയുക്‌തമായി രാഷ്ര്‌ടീയ ഗ്രാം സ്വരാജ്‌ അഭിയാന്റെ ഭാഗമായി ആവിഷ്‌കരിച്ച പദ്ധതിയാണ്‌ അക്ഷരോന്നതി.
വിദ്യാര്‍ഥികളുടെ പഠനമുറികളിലും ഹോസ്‌റ്റലുകളിലും വായനാ സൗകര്യങ്ങളും ആവശ്യമായ പുസ്‌തകങ്ങളും ഉറപ്പാക്കുകയാണ്‌ ഇതിലൂടെ ചെയ്യുന്നത്‌. ജില്ലയില്‍ നടത്തിയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പതിനാറായിരത്തിലധികം പുസ്‌തകങ്ങളാണ്‌ ശേഖരിച്ചത്‌.വീട്ടിലെ വായിച്ചുതീര്‍ത്ത പുസ്‌തകങ്ങളും അലമാരയില്‍ വയ്‌ക്കാന്‍ ഇടമില്ലാത്ത പുസ്‌തകങ്ങളും അക്ഷരോന്നതിപദ്ധതിയിലേക്ക്‌ സംഭാവന നല്‍കി പലരും സഹകരിച്ചിരുന്നു.
ജില്ലയിലെ പട്ടികവര്‍ഗ ഉന്നതികളിലെ സാമൂഹ്യപഠന മുറികളിലേക്കും വിജ്‌ഞാനവാടികളിലേക്കും പ്രീമെട്രിക്‌ ഹോസ്‌റ്റലുകളിലേക്കും പുസ്‌തകങ്ങള്‍ ശേഖരിക്കാനും വായനയെ ജീവിതശൈലിയാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയുമാണ്‌ തദ്ദേശവകുപ്പിന്റെ നേതൃത്വത്തില്‍ അക്ഷരോന്നതി പദ്ധതി നടപ്പാക്കുന്നത്‌. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെടുന്ന കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും ഉന്നതികളിലും പഠനമുറികളിലും ഹോസ്‌റ്റലുകളിലും വായനാ സൗകര്യങ്ങളുടെയും നിലവാരമുള്ള പുസ്‌തകങ്ങളുടെയും ലഭ്യതക്കുറവ്‌ പരിഹരിക്കുക, വായനാശീലം വളര്‍ത്തുക എന്നിവയാണ്‌ ലക്ഷ്യം.കുട്ടികള്‍ക്ക്‌ പ്രായാനുസൃതവും നിലവാരമുള്ളതുമായ പുസ്‌തകങ്ങള്‍ ലഭ്യമാക്കുക, സമൂഹത്തില്‍ പുസ്‌തകദാനം പ്രോത്സാഹിപ്പിക്കുക, പ്രാദേശിക തലത്തില്‍ വായനാ സൗകര്യങ്ങള്‍ ശക്‌തിപ്പെടുത്തുക എന്നിവയും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.
തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങള്‍, ലൈബ്രറികള്‍, പ്രാദേശിക തല കൂട്ടായ്‌മകള്‍ എന്നിവയുടെ സഹകരണത്തോടെ പുസ്‌തകങ്ങള്‍ ശേഖരിച്ച്‌ നിലവാരം ഉറപ്പാക്കിയ ശേഷം ഉന്നതികളിലെ ലൈബ്രറികള്‍, സാമൂഹ്യ പഠനമുറികള്‍, ഹോസ്‌റ്റലുകള്‍, പകല്‍വീടുകള്‍, സ്‌കൂളുകള്‍, പഞ്ചായത്ത്‌ബ്ലോക്ക്‌ ലൈബ്രറികള്‍ എന്നിവിടങ്ങളിലേക്ക്‌ വിതരണം ചെയ്യും. ജില്ലയില്‍ അക്ഷരോന്നതി പദ്ധതിയുടെ ഭാഗമായി പട്ടികവര്‍ഗ സാമൂഹിക പഠനമുറികളിലും ഹോസ്‌റ്റലുകളിലും സ്‌ഥാപിക്കുന്ന 16 ലൈബ്രറികളുടെ പ്രഖ്യാപനം വനം, വന്യജീവി സംരക്ഷണ വകുപ്പ്‌ മന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍വഹിച്ചു.
കമ്പ്യൂട്ടര്‍ യുഗത്തിലും നമ്മുടെ ചിന്താശേഷിയും ബുദ്ധികൂര്‍മതയും ശക്‌തിപ്പെടുത്താന്‍ വായന അനിവാര്യമാണെന്ന്‌ മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത്‌ ഹാളില്‍ നടന്ന ചടങ്ങില്‍ വൈസ്‌ പ്രസിഡന്റ്‌ കെ.കെ.നവാസ്‌ അധ്യക്ഷതവഹിച്ചു. ആര്‍.ജി.എസ്‌.എ ജില്ലാ പ്രോജക്‌ട് മാനേജര്‍ എം.എസ്‌.വിഷ്‌ണു റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ്‌ ജോയിന്റ്‌ ഡയറക്‌ടര്‍ പി.ടി.പ്രസാദ്‌, ഡെപ്യൂട്ടി ഡയറക്‌ടര്‍ കെ.വി.രവികുമാര്‍, പട്ടികവര്‍ഗ വികസന ഓഫീസര്‍ ആര്‍.സിന്ധു, സമഗ്ര ശിക്ഷ കേരള ജില്ലാ പ്രോഗ്രാം ഓഫീസര്‍ വി.ടി.ഷീബ, ലൈബ്രറി കൗണ്‍സില്‍ ഭാരവാഹി ഡോ.വി.സുരേഷ്‌ ബാബു, എന്‍.എസ്‌.എസ്‌ പ്രോഗ്രാം ഓഫീസര്‍ ഡോ.സുരേഷ്‌ പുത്തന്‍പുരയില്‍, ജില്ലാ കണ്‍വീനര്‍ എം.കെ.ഫൈസല്‍ എന്നിവര്‍ സംസാരിച്ചു.
അക്ഷരോന്നതി പദ്ധതിയുടെ ഭാഗമായി നൂറോളം പുസ്‌തകങ്ങള്‍ സംഭാവന ചെയ്‌ത കെ.ടി.മുംതാസ്‌, പ്രവാസി സംഘടനയായ യുണീക്‌ ഫ്രണ്ട്‌സ് ഓഫ്‌ കേരള, തദ്ദേശ സ്വയംഭരണ വകുപ്പ്‌ സീനിയര്‍ സൂപ്രണ്ട്‌ രാധിക, തദ്ദേശ സ്വയംഭരണ വകുപ്പ്‌ മുന്‍ സീനിയര്‍ ക്ലര്‍ക്ക്‌ പത്മകുമാര്‍, എന്‍.എസ്‌.എസ്‌ ഭാരവാഹികള്‍ എന്നിവര്‍ക്ക്‌ ചടങ്ങില്‍ ഉപഹാരം നല്‍കി. പുസ്‌തകങ്ങള്‍ ശേഖരിക്കാന്‍ സഹായിച്ച എന്‍.എസ്‌.എസ്‌ യൂണിറ്റുകളെയും സ്‌കൂളുകളെയും കോളജുകളെയും സര്‍ട്ടിഫിക്കറ്റ്‌ നല്‍കി ആദരിച്ചു.

Ads by Google
Advertisement
Tuesday 20 Jan 2026 04.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW