-->
കോഴഞ്ചേരി: പമ്പാതീര കണ്‍വന്‍ഷനുകള്‍ അടുത്തിട്ടും കോഴഞ്ചേരി പാലം നിര്‍മ്മാണം അകലെ തന്നെ. അതിനാല്‍ ഇക്കുറിയും കോഴഞ്ചേരി പുതിയ പാലം വഴി മാരാമണ്‍, ചെറുകോല്‍പ്പുഴ കണ്‍വന്‍ഷനുകള്‍ക്ക് പോകാമെന്ന് കരുതേണ്ടതില്ല. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലം കടക്കേണ്ടതിനാല്‍ അതിന് മുന്‍പായി ചിലപ്പോള്‍ കരയ്‌ക്കടുക്കുകയും ചെയ്‌തേക്കാം. എങ്കിലും പൂര്‍ണ്ണ തോതില്‍ പ്രയോജനപ്പെടാന്‍ പിന്നെയും സമയമെടുക്കും.
തിരുവല്ല-കുമ്പഴ സംസ്‌ഥാന പാതയില്‍ പമ്പയാറിന് കുറുകെയാണ് പുതിയ കോഴഞ്ചേരി പാലം നിര്‍മ്മാണം. കിഫ്‌ബിയില്‍ നിന്നും സംസ്‌ഥാന സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചതോടെയാണ് പാലം പണികള്‍ തുടങ്ങിയത്. ഇതിപ്പോള്‍ ഏഴ് വര്‍ഷം പിന്നിടുന്നു. കിഫ്‌ബിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന പാലത്തിന് 207.2 മീറ്റര്‍ നീളവും 7.5 മീറ്റര്‍ വീതിയും ഇരുവശങ്ങളിലും 1.125 മീറ്റര്‍ വീതിയുള്ള നടപ്പാതയുള്‍പ്പെടെ ആകെ 12 മീറ്റര്‍ വീതിയുണ്ട്. തോട്ടപ്പുഴശേരി ഭാഗത്ത് 344 മീറ്റര്‍ നീളത്തിലും കോഴഞ്ചേരി ഭാഗത്ത് 90 മീറ്റര്‍ നീളത്തിലും അപ്രോച്ച് റോഡും പദ്ധതിയിലുണ്ട്. മാരാമണ്‍ കണ്‍വന്‍ഷന് പമ്പയാറിന്റെ തീരത്തേക്കുള്ള വഴികള്‍ നിലനിര്‍ത്തുന്നതിന് പാലത്തിന്റെ ഇരുവശങ്ങളിലുമുള്ള അപ്രോച്ച് റോഡിന്റെ വശങ്ങളിലായി സര്‍വീസ് റോഡുകളുമുണ്ട്.
1948 ല്‍ നിര്‍മിച്ചതാണ് നിലവിലുള്ള കോഴഞ്ചേരി പാലം. ഇതിന് 5.5 മീറ്റര്‍ വാഹന യാത്രാ വീതി മാത്രമാണുളളത്. ഇരുവശത്തേക്കുമുള്ള സുഗമമായ ഗതാഗതത്തിന് ഇത് തടസമായി നിലനില്‍ക്കുന്നു. ഇത് സ്‌ഥിരമായ ഗതാഗതക്കുരുക്കിന് കാരണമാകുന്നു എന്ന കണ്ടെത്തലാണ് പുതിയ പാലം ആശയത്തിലേക്ക് നീങ്ങുന്നത്. കെ.എം മാണി സംസ്‌ഥാന ധനകാര്യ മന്ത്രി ആയിരിക്കുമ്പോഴാണ് ആദ്യമായി പുതിയ പാലത്തിനു പണം വകയിരുത്തിയത്. എന്നാല്‍ ഇത് നീണ്ടുപോയി.
പുതിയ പാലം വരുന്നതോടുകൂടി കോഴഞ്ചേരി ടൗണിലെയും സംസ്‌ഥാന പാതയിലേയും ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്നാണ് നിഗമനം. കിഫ്‌ബി പദ്ധതി പ്രകാരം 19.69 കോടി രൂപയുടെ സാങ്കേതികാനുമതിയാണ് പുതിയ പാലത്തിന് ആദ്യം ലഭിച്ചത്. 32 മീറ്റര്‍ നീളത്തിലുള്ള അഞ്ച് സ്‌പാനുകളും, 23.6 മീറ്റര്‍ നീളത്തിലുള്ള രണ്ട് ലാന്‍ഡ് സ്‌പാനുകളുമാണ്‌പാ ലത്തിനുള്ളത്. നിലവിലുള്ള കോഴഞ്ചേരി പാലത്തിന്റെ അതേ ആകാരമാണ് പുതിയ പാലത്തിനും.രണ്ട് വര്‍ഷം കൊണ്ടു പൂര്‍ത്തിയാക്കാന്‍ ഏഴുവര്‍ഷം മുമ്പാണ് നിര്‍മ്മാണംതുടങ്ങിയത്. എന്നാല്‍ കരാറുകാരും കരാറുകളും പലവട്ടം മാറി. പുതുക്കിയപദ്ധതികളിം എസ്‌റ്റിമേറ്റും വന്നു. അങ്ങനെ സമയം നീണ്ടു. ഇപ്പ്‌പോള്‍ അവസാന സ്‌പാനിന്റെ കോണ്‍ക്രീറ്റ് ജോലികള്‍ക്കായി തട്ട് നിര്‍മ്മിച്ച് കമ്പി പണികളാണു നടക്കുന്നത്. സമീപന പാതയ്‌ക്കായി കോണ്‍ക്രീറ്റ് ഭിത്തികള്‍ നിര്‍മ്മിച്ച് മണ്ണ് നിറയ്‌ക്കുന്ന പണികളും ബാക്കിയുണ്ട്.കോഴഞ്ചേരി ഭാഗത്താകട്ടെ ഇതിനിയും പൂര്‍ണ്ണതോതില്‍ എത്തിയിട്ടില്ല. വണ്ടിപ്പേട്ട വഴി സംസ്‌ഥാന പാതയിലേക്ക് പ്രവേശിക്കാനുള്ള നിര്‍മ്മാണവും പൂര്‍ണ്ണമാകണം. ഇതെല്ലാം ഒരുക്കി അന്തിമ ടാറിങ്ങും പൂര്‍ത്തിയാക്കാന്‍ ഇനി എത്രസമയം വേണ്ടിവരും എന്നതാണ് ജനങ്ങളുടെ സംശയം. എന്തായാലും ഇക്കൊല്ലത്തെ കണ്‍വന്‍ഷനുകള്‍ക്ക് പഴയ സംവിധാനം തന്നെയാകും പ്രയോജനപ്പെടുക.