Wednesday, March 11, 2026 Last Updated 36 Min 43 Sec ago English Edition
Todays E paper
Ads by Google
Monday 19 Jan 2026 04.42 AM

ഷോക്കേറ്റ്‌ കാക്ക വീണു; കൃത്രിമ ശ്വാസം നല്‍കി രക്ഷകനായി ആശുപത്രി ജീവനക്കാരന്‍

uploads/news/2026/01/821537/3.jpg

പാലാ: പാലാ കെ.എം മാണി സ്‌മാരക ഗവണ്‍മെന്റ്‌ ജനറല്‍ ആശുപത്രി വളപ്പില്‍ ത്രീ ഫെയ്‌സ് ലൈനില്‍ നിന്നും ഷോക്കേറ്റ്‌ വീണ കാക്കയെ ആശുപത്രി ജീവനക്കാരന്‍ കൃത്രിമ ശ്വസനം നല്‌കി രക്ഷിച്ചു.ഞായറാഴ്‌ച ഉച്ചയോടെയാണ്‌ സംഭവം.
ത്രീ ഫെയ്‌സില്‍നിന്നും വൈദ്യാതാഘാതമേറ്റ്‌ നിലത്തേയ്‌ക്ക് തെറിച്ചുവീഴുന്ന കാക്കയെ കണ്ട എസ്‌.ടി.പി സൂപ്പര്‍വൈസര്‍ സജിമോന്‍ കാക്കയെ എടുത്തെങ്കിലും എന്ത്‌ ചെയ്യണമെന്നറിയാതെ പകച്ച്‌ നിന്നപ്പോഴാണ്‌ പാര്‍ടൈം സ്വീപ്പറായ ഹരികുമാര്‍ മറ്റക്കര അതുവഴി വന്നത്‌.
സിവില്‍ ഡിഫന്‍സ്‌ അംഗമായ ഹരികുമാര്‍ ഉടന്‍തന്നെ കാക്കയെ എടുത്ത്‌ നെഞ്ചില്‍ തടവുകയും തുടര്‍ന്ന്‌ വായില്‍ ശ്വാസം എടുത്തശേഷം ശക്‌തിയായി കാക്കയുടെ വായിലേക്ക്‌ ഊതുകയുമായിരുന്നു. പലവട്ടം കാക്കയുടെ വായിലേയ്‌ക്ക് ശ്വാസം കൊടുത്തപ്പോള്‍ കാക്കയ്‌ക്ക് ശ്വാസതടസ്സംമാറി. ഈ സമയം മറ്റ്‌ കാക്കകള്‍ കൂട്ടമായി അവിടേക്ക്‌ എത്തിയെങ്കിലും രക്ഷിക്കാനാണെന്ന്‌ മനസ്സിലായപ്പോള്‍ ചുറ്റും മരക്കമ്പുകളില്‍ നിലയുറപ്പിച്ചു. ആശുപത്രി പരിസരം വീക്ഷിക്കാന്‍ അതുവഴിയെത്തിയ ആശുപത്രി സൂപ്രണ്ട്‌ ഡോക്‌ടര്‍ അഭിലാഷ്‌ വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‌കി. കാലുകൊണ്ട്‌ ഇറുക്കി പിടിച്ചിരുന്ന കാക്ക പതിയെ കാല്‍വിരല്‍ അയയ്‌്ക്കുകയും ചുണ്ടുകൊണ്ട്‌ വേദനിക്കാത്ത വിധം കയ്യില്‍ കൊത്തുകയും ചെയ്‌തപ്പോള്‍ ഹരികുമാര്‍ കാക്കയെ നിലത്തേക്ക്‌ ഇറക്കിവിടുകയും കാക്ക പറന്നുപോകുകയും ചെയ്‌തു. കൂടപ്പിറപ്പ്‌ രക്ഷപെട്ട സന്തോഷത്തില്‍ മറ്റ്‌ കാക്കകള്‍ ചുറ്റും പറന്ന്‌ സന്തോഷം പ്രകടിപ്പിച്ച ശേഷം ദൂരേയ്‌ക്ക് പറന്നു പോയി.
പാലാ ജനറല്‍ ആശുപത്രിയില്‍ രണ്ടുവര്‍ഷക്കാലമായി പാര്‍ടൈം സ്വീപ്പറായി ജോലിചെയ്യുന്ന മറ്റക്കര ഐക്കരക്കുഴി വീട്ടില്‍ ഹരികുമാര്‍ പാലാ അഗ്നിരക്ഷാനിലയത്തില്‍ അഞ്ച്‌ വര്‍ഷക്കാലമായി സിവില്‍ ഡിഫന്‍സ്‌ സേനയിലും പ്രവര്‍ത്തിക്കുന്നു.ശുചിത്വമിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍കൂടിയാണ്‌ ഹരികുമാര്‍. കാക്കയുടെ ചുണ്ടിലേയ്‌ക്ക് ശ്വാസം ഊതി കയറ്റിയപ്പോള്‍ കൊത്തുമോ എന്ന്‌ പേടിയുണ്ടായിരുന്നെങ്കിലും ഒരു ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തില്‍ ഹരികുമാര്‍ അതൊന്നും വകവച്ചില്ല.പക്ഷിയാണെങ്കിലും ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞതിലൂള്ള ചാരിതാത്ഥ്യത്തിലാണ്‌ ഹരികുമാര്‍ മറ്റക്കര. സംഭവമറിച്ച്‌ അവിടെയെത്തിയവര്‍ ഹരികുമാറിനെ അനുമോദിക്കാനും മറന്നില്ല.

Ads by Google
Advertisement
Monday 19 Jan 2026 04.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW