-->
കോട്ടയം: ഉറവിടം കണ്ടെത്താനാകാതെ അധികൃതര്‍ കുഴങ്ങുന്നതിനിടെ വീണ്ടും പക്ഷിപ്പനി. സാധാരണ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ താറാവുകളില്‍ മാത്രം കണ്ടിരുന്ന പക്ഷിപ്പനി ഇത്തവണ സ്‌ഥിരീകരിച്ചത് കാഞ്ഞിരപ്പള്ളിയില്‍ ഫാമില്‍ വളര്‍ത്തുന്ന കോഴികളില്‍. ദേശാടനപ്പക്ഷികളാണ് രോഗവ്യാപനത്തിനു കാരണമെന്ന അധികൃതരുടെ വാദത്തിന്റെ മുനയൊടിക്കുന്നതാണു കാഞ്ഞിരപ്പള്ളിയിലെ പക്ഷിപ്പനി. ദേശാടന പക്ഷികള്‍ ഉള്‍പ്പെടെ മറ്റു പക്ഷികളുമായി യാതൊരു ബന്ധമില്ലാതെ ഫാമില്‍ വളര്‍ത്തിയിരുന്ന കോഴികള്‍ക്കാണു രോഗം സ്‌ഥിരീകരിച്ചിരിക്കുന്നത്. ഇതുമൂലം കര്‍ഷകര്‍ വലിയ ആശങ്കയിലാണ്.
ഒറ്റപ്പെട്ട പ്രദേശമായതിനാലും ഫാമിനോടു ചേര്‍ന്ന പ്രദേശങ്ങളില്‍ വീടുകള്‍ കുറവായതിനാലും രോഗത്തെത്തുടര്‍ട്ട് കൊന്നുനീക്കേണ്ട പക്ഷികളുടെ എണ്ണം കുറവാണെന്നതു മാത്രമാണ് ഏക ആശ്വാസം. അതേസമയം, ഫാമില്‍ വളര്‍ത്തുന്ന കോഴികളിള്‍ വരെ രോഗം കണ്ടെത്തിയത് ആശങ്കയ്‌ക്കു കാരണമാകുന്നുണ്ട്. എണ്ണം കുറഞ്ഞുവെങ്കിലും അവശേഷിക്കുന്ന ഇറച്ചിക്കോഴി വളര്‍ത്തല്‍ കര്‍ഷകരെ ആശങ്കയിലാക്കുന്നതാണ് രോഗ സ്‌ഥിരീകരണം. ഇറച്ചിക്കോഴിക്ക് ഉയര്‍ന്ന വില ലഭിക്കുന്ന സാഹചര്യത്തില്‍ രോഗമെന്ന പ്രതീതിയുണ്ടാകുന്ന കച്ചവട നഷ്‌ടത്തിനും കാരണമാകുന്നുമെന്നു കര്‍ഷകര്‍ സംശയിക്കുന്നു.
കഴിഞ്ഞ വര്‍ഷം മാസങ്ങളോളം താറാവ്, കോഴിവളര്‍ത്തല്‍ നിരോധിച്ചു സംരക്ഷണക്കോട്ട കെട്ടിയ ശേഷവും പക്ഷിപ്പനി വ്യാപനമുണ്ടാകുന്നത് കര്‍ഷകരുടെ പ്രതിഷേധം വര്‍ധിക്കാന്‍ കാരണമാകുന്നു. താറാവിനു ഡിമാന്റുണ്ടാകുന്ന ക്രിസ്‌മസ്, ഈസ്‌റ്റര്‍ സീസണു മുന്നോടിയായി ജില്ലയില്‍ പക്ഷിപ്പനിയുണ്ടാകുന്നത് കര്‍ഷകര്‍ക്കു വന്‍ നഷ്‌ടമാണുണ്ടാക്കുന്നത്.
ഇത്തവണയും ക്രിസ്‌മസിനു രണ്ടാഴ്‌ച മുമ്പ് ജില്ലയില്‍ രോഗം സ്‌ഥിരീകരിക്കുകയും താറാവ് വില്‍പ്പനയെ ബാധിക്കുകയും ചെയ്‌തിരുന്നു.കഴിഞ്ഞ വര്‍ഷം മണര്‍കാട് പക്ഷിപ്പവളര്‍ത്തല്‍ കേന്ദ്രത്തില്‍ രോഗമെത്തിയതിനു പിന്നാലെയാണു പതിവില്ലാത്ത ജാഗ്രതാ നടപടികള്‍ സ്വീകരിച്ചത്. ഓരോ വര്‍ഷവും പക്ഷിപ്പനിയെത്തുടര്‍ന്നു വന്‍ നഷ്‌ടമുണ്ടാകുമ്പോഴും രോഗ ഉറവിടം കണ്ടെത്താന്‍ ഗവേഷണം ഉള്‍പ്പെടെ നടത്താന്‍ അധികൃതര്‍ തയാറാകാത്തതു കര്‍ഷകരെ ചൊടിപ്പിക്കുന്നു. രോഗവ്യാപനം തുടര്‍ച്ചയായതിനെത്തുടര്‍ന്നു ജില്ലയിലെ താറാവു വളര്‍ത്തല്‍ കര്‍ഷകരുടെ എണ്ണം പത്തിലൊന്നായി ചുരുങ്ങിയിരുന്നു.