-->
ചെറുതോണി: വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനായി വൈദ്യുതി ബോര്‍ഡ് മുരിക്കാശേരിക്കു സമീപം മൂങ്ങാപ്പാറയില്‍ നിര്‍മാണമാരംഭിച്ച 110 കെ. വി. ഇലക്ര്‌ടിക്ക് സബ്ബ് സ്‌റ്റേഷന്റെ നിര്‍മാണം ഇഴയുന്നു. 2019 ല്‍ നിര്‍മാണമാരംഭിച്ച പദ്ധതി 2025 ല്‍ പണി പൂര്‍ത്തിയാക്കേണ്ടതായിരുന്നു.
30 ശതമാനം പണികള്‍ മാത്രമാണ് ഇതുവരെ തീര്‍ന്നത്‌്. നിര്‍മാണ ജോലികള്‍ നടക്കാത്തതുമൂലം സ്‌ഥാപിച്ച ഉപകരണങ്ങള്‍ക്കു കേടുപാടുകള്‍ ഉണ്ടായിട്ടുണ്ടോ എന്നതും വ്യക്‌തമല്ല. സ്‌ഥാപിച്ച പ്രധാനപ്പെട്ട ഉപകരണങ്ങള്‍ക്കു കഴിഞ്ഞ ആറു മാസമായി ടെക്‌സ്റ്റുവര്‍ക്കുകളൊന്നും നടത്തിയിട്ടില്ല. നടപ്പിലാക്കേണ്ട പ്രധാന ജോലികളെല്ലാം പാതിവഴിയില്‍ നിലച്ചിരിക്കു കയാണ്. ഇപ്പോള്‍ നേര്യമംഗലത്ത് നിന്നാണ് ഇവിടെ വൈദ്യുതി വിതരണം നടത്തുന്നത്. ഇതുമൂലം ഇടുക്കി ഡാമിന് 20 മുതല്‍ 40 കിലോമീറ്റര്‍ പരിധിയിലുള്ള മുരിക്കാശേരി, വാത്തിക്കുടി, പുഷ്‌പഗിരി, കമ്പിളികണ്ടം, കാമാക്ഷി, കള്ളിപ്പാറ, മാലിക്കുത്ത്, തുടങ്ങിയ പ്രദേശങ്ങളില്‍ വൈദ്യുതിക്ഷാമം രൂക്ഷമാണ്.
ഇവിടത്തുകാര്‍ക്കു കുടിവെള്ളമെത്തിക്കുന്ന മോട്ടോറുകള്‍ പോലും പകല്‍ സമയത്ത് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്ത അവസ്‌ഥയാണ്. സബ്ബ് സ്‌റ്റേഷന്‍ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കുക, ആവശ്യമായ സ്‌റ്റാഫുകളെ നിയമിക്കുക, സ്‌ഥാപിച്ച യന്ത്രസാമഗ്രി കള്‍ തുരുമ്പെടുത്തു നശിക്കാതെ ഉപകരണ പരിശോധന നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഡി.ക്ലര്‍ക്കിന്റെ നേതൃത്വത്തില്‍ അധികൃതര്‍ക്ക് പരാതി നല്‍കി.