-->
കട്ടപ്പന: തെവരയാറില്‍ നിന്നും ഏലയ്‌ക്ക കടത്തിയ കുപ്രസിദ്ധ മോഷ്‌ടാക്കള്‍ കാമാക്ഷി ബിജുവിനേയും മകന്‍ വിപിന്‍ ബിജുവിനേയും കട്ടപ്പന പോലീസ് പിടികൂടി.
തൊടുപുഴയിലും സമാന രീതിയിലെ കേസ് ഉണ്ടായിരുന്നു. പ്രതികളായ അച്‌ഛനെയും മകനെയും കട്ടപ്പന പോലീസ് തെളിവെടുപ്പ് നടത്തിയ ശേഷം ദേവികുളം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു. കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ ഭവന ഭേദന കേസുകളിലും വാഹന മോഷണങ്ങളിലും പ്രതികളാണിവര്‍. നെടുങ്കണ്ടം പടിഞ്ഞാര്‍ കവലയിലെ മലഞ്ചരയ്‌ക്ക് വ്യാപാര കേന്ദ്രത്തില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി.
നെടുങ്കണ്ടത്ത് എത്തിച്ച് ഏലക്ക വില്‍പ്പന നടത്തുവാന്‍ സഹായിച്ച വാഹനവും പോലീസ് കസ്‌റ്റഡിയില്‍ എടുത്തു. കട്ടപ്പന തെവരയാറില്‍ പള്ളിക്ക് എതിര്‍വശത്ത് പ്രവര്‍ത്തിക്കുന്ന വീടോടു കൂടിയ സ്‌റ്റോറില്‍നിന്നാണ് കഴിഞ്ഞ മാസം 29 ന് രാത്രിയില്‍ 220 കിലോയോളം വരുന്ന പച്ച ഏലയ്‌ക്ക അച്‌ഛനും മകനും കൂടി മോഷണം നടത്തിയത്.
ഈ ഏലക്ക പിറ്റേന്ന് പരിചയക്കാരനായ കൗമാരക്കാരന്റെ സഹായത്തോടെ രാവിലെ 9ന് നെടുങ്കണ്ടത്തെ മലഞ്ചരക്ക് വ്യാപാര കേന്ദ്രത്തില്‍ എത്തിച്ച് വില്‍പ്പന നടത്തുകയായിരുന്നു. മോഷണം നടത്തി കിട്ടുന്ന തുക കൊണ്ട് ആഡംബര വാഹനങ്ങളും വസ്‌തുവകകളും വാങ്ങിക്കൂട്ടുന്ന ബിജുവിന്റെ പേരില്‍ കേരളത്തിലെ വിവിധ പോലീസ് സേ്‌റ്റഷനുകളിലായി 500 ഓളം മോഷണ കേസുകള്‍ ഉണ്ട്. വിവിധ കേസുകളിലായി 15 വര്‍ഷത്തോളം ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പീരുമേട് ജയിലില്‍ കഴിഞ്ഞ് വന്നിരുന്ന ബിജുവിനെ 2023 ഫെബ്രുവരിയില്‍ കാപ്പ ചുമത്തി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേയ്‌ക്ക് മാറ്റിയിരുന്നു. ബിജുവിന്റെ മകനും നിരവധി മോഷണകേസുകളിലെ പ്രതിയാണ്. എറണാകുളഞ്ഞ് ടാക്‌സി ഡ്രൈ വറായി ജോലി നോക്കി വരികയായിരുന്നു. ഇവിടുന്ന് വാടകയ്‌ക്ക് എടുത്ത് കൊണ്ടുവന്ന വാഹനത്തിലാണ് തൊവരയാറില്‍ നിന്നും മാേഷ്‌ടിച്ച എലക്ക സ്വന്തം വീട്ടില്‍ എത്തിച്ചത്.
ഇവിടുന്ന് മറ്റൊരു വാഹനത്തില്‍ പിറ്റേന്ന് നെടുങ്കണ്ടത്ത് എത്തിച്ച് വില്‍പ്പന നടത്തുകയായിരുന്നു. പോലീസിനെ ആക്രമിച്ച മൂന്നോളം കേസുകളിലെ പ്രതിയായ ബിജുവിനെ പിടികൂടുവാന്‍ എത്തുന്ന പോലീസില്‍ നിന്നും രക്ഷപെടു വാന്‍ വീടിന് ചുറ്റും നായ്‌ക്കളെ അഴിച്ചുവിട്ടിരുന്നു. സാക്ഷി പറയുന്നവരെയും ബിജുവിനെക്കുറിച്ച് വിവരങ്ങള്‍ അറിയിക്കുന്നവരേയും ആക്രമിക്കുന്ന രീതിയുമുണ്ട്. തൊടുപുഴ ഡിവൈ.എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തില്‍ കട്ടപ്പന ഡിവൈ.എസ്‌പി വി.എ നിഷാദ് മോന്റെ നേത്യത്വത്തിലുള്ള സംഘം തലക്കോട് വച്ച് പ്രതികളെ പിടികൂടുകയായിരുന്നു. പിടികൂടാന്‍ ശ്രമിക്കുന്ന സമയം പെപ്പര്‍ സ്‌പ്രേ ഉപയോഗിച്ച് പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ സാഹസികമായിട്ടാണ് പിടികൂടിയത്.