-->
മലപ്പുറം: കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ എല്ലാവരും ശ്രമിക്കണമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ നിര്‍വഹണ ഉദ്യോഗസ്‌ഥര്‍ മുന്‍കൈയെ്െടുക്കണം. തടസ്സം നീക്കുന്നതിനും പൂര്‍ത്തീകരണം വേഗത്തിലാക്കുന്നതിനും എല്ലാവരുടെയും സഹകരണം വേണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്ലാനിങ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ജില്ലാതല കോ-ഓര്‍ഡിനേഷന്‍ ആന്റ് മോണിട്ടറിങ് കമ്മിറ്റിയുടെ (ദിശ) അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൂര്‍ത്തിയായ പദ്ധതികളുടെ ഉപയോഗ സര്‍ട്ടിഫിക്കറ്റുകള്‍ ഉടന്‍ സമര്‍പ്പിക്കണമെന്നും സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കാത്തതിന്റെ പേരില്‍ ഫണ്ടുകള്‍ മുടങ്ങുന്ന അവസ്‌ഥയുണ്ടാകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തൊഴിലുറപ്പ് പദ്ധതി, പി.എം.എ.വൈ, പി.എം.കെ.എസ്.വൈ, പി.എം.ജി.എസ്.വൈ, സ്വച്‌ഛ് ഭാരത് മിഷന്‍, ദേശീയ കുടുംബ സഹായനിധി, ജെ.ജെ.എം, ദേശീയ ഭക്ഷ്യ സുരക്ഷാ പദ്ധതി, എന്‍.എച്ച്.എം.പദ്ധതികള്‍, ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍, ഐ.സി.ഡി.എസ്, പ്രധാനമന്ത്രി പരമ്പരാഗത കൃഷി വികാസ് യോജന, പ്രധാനമന്ത്രി ഉജ്‌ജ്വല്‍ യോജന, സമഗ്ര ശിക്ഷാ അഭിയാന്‍, പ്രധാന്‍ മന്ത്രി ഭാരതീയ ജന്‍ഔഷധി പരിയോജന, പ്രധാനമന്ത്രി ജന്‍ വികാസ് കാര്യക്രം, പ്രധാനമന്ത്രി ജന്‍ധന്‍ യോജന തുടങ്ങിയവയുടെ പുരോഗതി യോഗം അവലോകനം ചെയ്‌തു. എം.പിമാരായ അബ്‌ദുസ്സമദ് സമദാനി, പി.വി. അബ്‌ദുള്‍ വഹാബ്, ടി.വി. ഇബ്രാഹിം എം.എല്‍.എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാര്‍ ഹാജി, ജില്ലാ കലക്‌ടര്‍ വി.ആര്‍. വിനോദ്, തദ്ദേശവകുപ്പ് അഡീഷനല്‍ ഡയറക്‌ടര്‍ പി. ഷാജു, ജനപ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്‌ഥര്‍ പങ്കെടുത്തു.