-->
ചങ്ങനാശേരി
തെങ്ങണയുടെ ഹൃദയഭാഗം കാട്‌മൂടിയ നിലയില്‍. മാടപ്പള്ളി പഞ്ചായത്തിന്റെ ഒരേക്കര്‍ പത്ത് സെന്റ് സ്‌ഥലമാണു കയ്യേറ്റത്തിലും കാടുപിടിച്ച നിലയിലും സ്‌ഥിതി ചെയ്യുന്നത്. കര്‍ഷക മാര്‍ക്കറ്റ്, സര്‍ക്കാര്‍ ഓഫീസുകള്‍ അടങ്ങുന്ന മിനി സിവില്‍ സ്‌റ്റേഷന്‍ എന്നിവയുടെ നിര്‍മ്മാണത്തിനാണു സ്‌ഥലമെടുത്തതെങ്കിലും പദ്ധതി കടലാസിലൊതുങ്ങി.
ഇരുപതു വര്‍ഷം മുന്‍പു മാടപ്പള്ളിയിലെ ജനങ്ങള്‍ക്കു സൗകര്യപ്രദവും ഉപകാരപ്പെടേണ്ടതുമായ പദ്ധതിയാണു കയ്യേറ്റം മൂലവും അധികാരികളുടെ അനാസ്‌ഥ മൂലവും കാട് പിടിച്ചു കിടക്കുന്നത്. തോമസ് കെ.മാറാട്ടുകളം വൈസ് പ്രസിഡന്റായിരുന്ന സമയത്താണ് 14 വീട്ടുകാരുടെ വസ്‌തു പഞ്ചായത്ത് ഏറ്റെടുത്തത്. നിലവില്‍ വല്ലേജ് ഓഫീസ് മാത്രമാണു പുതുതായി നിര്‍മ്മിച്ചിട്ടുള്ളത്.
ഇതുവഴി ഒഴുകിയിരുന്ന വീതയേറിയ തോട് കയ്യേറ്റം മൂലം ഒഴുക്കില്ലാതെ അടഞ്ഞു കിടക്കുകയാണ്. ഒരുകോടയോളം രൂപ മുടക്കി ഇവിടെ പട്ടികജാതി വിഭാഗങ്ങള്‍ക്കുള്ള വ്യവസായ, വിപണന കേന്ദ്രത്തിനായി നിര്‍മ്മിച്ച ഇരുനില കെട്ടിടം കാടുമൂടി.
തെങ്ങണ ജങ്‌ഷനില്‍ ആധുനിക മാര്‍ക്കറ്റ് കം ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മ്മിക്കാനായിരുന്നു പദ്ധതി. മറ്റ് പഞ്ചായത്തുകള്‍ക്ക് ഇത്രയും സൗകര്യപ്രദമായ ഇടത്ത് സ്‌ഥലമില്ലാത്തിടത്താണു മാടപ്പള്ളി പഞ്ചായത്തിന്റെ കെടുകാര്യസ്‌ഥത. ഇവിടെയെത്തുന്നവര്‍ക്കു പൊതു ശൗചാലയ സൗകര്യമില്ല. തെങ്ങണായിലെ കാത്തിരിപ്പു കേന്ദ്രം മാത്രമാണു വിശ്രമിക്കാനുള്ളത്.
പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍ ഹോട്ടല്‍ പോലുള്ള സ്വകാര്യ സ്‌ഥാപനങ്ങളെ ആശ്രയിക്കണം ജനങ്ങള്‍. വില്ലേജ് ഓഫീസ്, മറ്റ് സര്‍ക്കാര്‍ സ്‌ഥാപനങ്ങളുടെ ഓഫീസുകള്‍ എല്ലാം ഒരു കുടക്കീഴില്‍ കൊണ്ടുവരുന്ന സര്‍ക്കാരും അധികൃതരും മാടപ്പള്ളി പഞ്ചായത്തിന്റെ അധീനതയിലുള്ള സ്‌ഥലം ഉപയോഗപ്പെടുത്താതെ കയ്യേറ്റം മൂലം നഷ്‌ടമാകുന്ന സ്‌ഥിതിയാണുള്ളത്.
അധികാരികളുടെ അനാസ്‌ഥ മൂലം ജനങ്ങള്‍ പലയിടത്തായി ഓഫീസുകള്‍ കയറിയിറങ്ങുന്ന അവസ്‌ഥയ്‌ക്കു പരിഹാരം കാണുന്നതിനാണ് അന്നത്തെ ഭരണാധികാരികള്‍ ഭാവനാപൂര്‍ണമായ പദ്ധതിക്കു തുടക്കം കുറിച്ചത്. രണ്ടു ദശാബ്‌ദങ്ങള്‍ പിന്നിട്ടിട്ടും മാറിവരുന്ന ഭരണസമിതി യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.