-->
പീരുമേട്: നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന പീരുമേട് മണ്ഡലത്തില്‍ തോട്ടം തൊഴിലാളികളുടെ നിലപാട് നിര്‍ണായകമാകും. പതിറ്റാണ്ടുകളായി പൂട്ടപ്പെട്ടുകിടക്കുന്ന തോട്ടങ്ങളിലെ നൂറുകണക്കിനു തൊഴിലാളികള്‍ അടക്കം വോട്ടര്‍മാരായിട്ടുള്ള മണ്ഡലമാണ് പീരുമേട്.
അടച്ചുപൂട്ടപ്പെട്ടതിനു പുറമേ അടിസ്‌ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെ നിരവധി തോട്ടം തൊഴിലാളികളാണ് മണ്ഡലത്തിലുള്ളത്. ഓരോ തെരഞ്ഞെടുപ്പിലും ഇവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഉറപ്പ് നല്‍കാറുണ്ടെങ്കിലും തെരഞ്ഞെടുപ്പിനു ശേഷം ഇക്കാര്യം വിസ്‌മരിക്കുകയാണ് പതിവ്.
ഇക്കുറിയും മണ്ഡലത്തില്‍ തോട്ടം മേഖലയിലെ ദുരവസ്‌ഥകള്‍ തന്നെയാകും പ്രധാന ചര്‍ച്ചാ വിഷയങ്ങള്‍. 20 വര്‍ഷമായി ഇടതു പ്രതിനിധി നിയമസഭയിലെത്തിയിട്ടും മണ്ഡലത്തിലെ തോട്ടം മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിച്ചിട്ടില്ല.
പൂട്ടപ്പെട്ട തോട്ടങ്ങളിലെ തൊഴിലാളികളുടെ ജീവിതമാണ് കൂടുതല്‍ ദുസഹം. പൊളിഞ്ഞു വീഴാറായ ലയങ്ങളിലാണ് ഇവരുടെ വാസം. വൈദ്യുതിയും വെള്ളവും ഇല്ലാതെയാണ് ഇപ്പോഴും പലരുടെയും ജീവിതം. തുറന്നു പ്രവര്‍ത്തിക്കുന്ന തോട്ടങ്ങളില്‍ പലതിലും മാനേജ്‌മെന്റിന്റെ കെടുകാര്യസ്‌ഥതയും യൂണിയനുകളുടെ ഇടപെടലുകളും മൂലം തൊഴിലാളികള്‍ പലവിധ പ്രതിസന്ധികള്‍ നേരിടുന്നുണ്ട്. വിവിധ ഫണ്ടുകള്‍ അനുവദിച്ചിട്ടും അവ യഥാവിധി ഉപയോഗിക്കാന്‍ തോട്ടം ഉടമകള്‍ തയ്യാറാകുന്നില്ല. ലയങ്ങളുടെ അറ്റകുറ്റ പണികള്‍ തീര്‍ക്കുവാനും ഇവര്‍ തയാറാകുന്നില്ല. ഉത്സവ സീസണുകളില്‍ പോലും തൊഴിലാളികള്‍ക്ക് ശമ്പളം ലഭിക്കാതെ വരുന്നതും ചര്‍ച്ചാ വിഷയമാണ്. പിരിഞ്ഞു പോയവര്‍ക്കുള്ള ഗ്രാറ്റുവിറ്റി, പ്രോവിഡന്റ് ഫണ്ട് തുടങ്ങിയവ നല്‍കാതെ ഇവര്‍ തൊഴിലാളികളെ കഷ്‌ടപ്പെടുത്തുന്നു.
കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലും തോട്ടം മേഖലയില്‍ ഭരണ വിരുദ്ധ വികാരം അലയടിച്ചിരുന്നു. പലതവണ തോട്ടം മേഖലയിലെ പ്രശ്‌നങ്ങളില്‍ കോടതി ഇടപെട്ടിട്ടും യൂണിയനുകളുടെയും തോട്ടം ഉടമകളുടെയും ഒത്തുകളിയെ തുടര്‍ന്ന് ഇവയൊന്നും കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കിയില്ല. തോട്ടഭൂമി മുറിച്ചു നല്‍കാന്‍ പാടില്ല എന്ന നിയമം കാറ്റില്‍ പറത്തി തോട്ടഭൂമികള്‍ വില്‍പ്പന നടത്തുന്നതും മേഖലയില്‍ തുടര്‍ന്നു വരികയാണ്.